മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടി തുടരുന്നു; പ്രതിപക്ഷം ഉപരോധം നിര്‍ത്തി

October 18, 2013 കേരളം

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ രണ്ടാംഘട്ട ജനസമ്പര്‍ക്ക പരിപാടി തിരുവനന്തപുരത്ത് തുടരുന്നു. അതേസമയം സോളാര്‍ കേസില്‍ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടുകൊണ്ട് പ്രതിപക്ഷം നടത്തിയ ഉപരോധം നിര്‍ത്തി. ഉപരോധ സമരം നാല് മണിക്കൂറിന് ശേഷം ഇടതുമുന്നണി പ്രവര്‍ത്തകര്‍ അവസാനിപ്പിച്ചു. ഇതിനിടെ ചടങ്ങിലേക്ക് വിളിച്ച് കയറ്റിവിടാതെ അപമാനിച്ചെന്ന് ആരോപിച്ച് ഇടത് എംപിമാര്‍ പ്രതിഷേധിച്ചു. ഇവരെ അറസ്റ്റു ചെയ്തു.

മുഖ്യമന്ത്രിക്കെതിരെ ഉപരോധ സമരം നടത്തിയ ജനപ്രതിനിധികള്‍ ഉള്‍പ്പെടെയുള്ള എല്‍ഡിഎഫ് പ്രവര്‍ത്തകരെ, ജനസമ്പര്‍ക്ക പരിപാടി നടക്കുന്ന സെന്‍ട്രല്‍ സ്റ്റേഡിയത്തിന് പുറത്ത് പോലീസ് രാവിലെ തന്നെ തടഞ്ഞിരുന്നു. തുടര്‍ന്ന് സെന്‍ട്രല്‍ സ്റ്റേഡിയത്തിന് മുന്‍പിലും സെക്രട്ടറിയേറ്റിനു മുന്‍പിലും കുത്തിയിരുന്ന് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. ഇതിനിടെ സമരം ചെയ്തവരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി തുടങ്ങി. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട വി ശിവന്‍കുട്ടി, കോലിയക്കോട് കൃഷ്ണന്‍ നായര്‍ എന്നിവരെ ആശുപത്രിയിലേക്ക് മാറ്റി.

അതിനിടെ ജനസമ്പര്‍ക്ക പരിപാടിയില്‍ തങ്ങളെ വിളിച്ചുവരുത്തി അവഹേളിച്ചതായി ഇടത് എംപിമാര്‍ ആരോപിച്ചു. പോലീസ് വഴിയില്‍ തടഞ്ഞത് ചൂണ്ടിക്കാട്ടി സഭാധ്യക്ഷന്മാര്‍ക്ക് പരാതി നല്‍കിയതായി ടി എന്‍ സീമ എംപി പറഞ്ഞു. തടയല്‍ രാഷ്ട്രീയ നേതൃത്വത്തിന്റെ തീരുമാനപ്രകാരമാണെന്ന് എ.സമ്പത്ത് എം.പി ആരോപിച്ചു.

ജനസമ്പര്‍ക്ക പരിപാടിക്കെത്തിയ ജനങ്ങളെ സമരക്കാര്‍ തടഞ്ഞില്ല. രാവിലെ ഒമ്പത് മണിക്ക് മുഖ്യമന്ത്രിയും മന്ത്രിമാരും വേദിയിലെത്തി. അവസാന പരാതിക്കാരന്‍റെ പരാതിയും കേട്ട ശേഷമേ താന്‍ വേദി വിട്ടു പോകൂ എന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കുകയായിരുന്നു. മുന്‍വര്‍ഷത്തെ ജനസമ്പര്‍ക്ക പരിപാടികളില്‍ നിന്ന് വ്യത്യസ്തമായി തിരക്ക് ഒഴിവാക്കാന്‍ പ്രത്യേക തയ്യാറെടുപ്പുകള്‍ ഇത്തവണ നടത്തിയിട്ടുണ്ട്. മുഖ്യമന്ത്രി ഓരോ ജില്ലകളില്‍ എത്തുന്നതിന് മുമ്പായി അതത് ജില്ലകളുടെ ചുമതലയുള്ള മന്ത്രിമാരുടെ നേതൃത്വത്തില്‍ പരാതികളുടെ സ്‌ക്രീനിംഗ് പൂര്‍ത്തിയാക്കും. തിരുവനന്തപുരത്ത് മന്ത്രി വി എസ് ശിവകുമാറിന്റെ നേതൃത്വത്തിലാണ് മുഖ്യമന്ത്രിയെ കണ്ട് പരാതി ബോധിപ്പിക്കാനുള്ളവരുടെ പട്ടിക തയ്യാറാക്കിയത്. ഇത് പ്രകാരം 500 പേര്‍ക്ക് മുഖ്യമന്ത്രിയെ നേരിട്ടു കണ്ട് പരാതി ബോധിപ്പിക്കാനാകും.

14,957 പരാതികളാണ് തിരുവനന്തപുരം ജില്ലയില്‍ നിന്നും ലഭിച്ചത്. ഇതുവരെ പരാതി നല്‍കാന്‍ കഴിയാത്തവര്‍ക്ക് ഇന്ന് ഉച്ചയ്ക്ക് ശേഷം വേദിയില്‍ പരാതി നല്‍കാന്‍ പ്രത്യേക സൗകര്യമുണ്ട്. പ്രതിപക്ഷം മുഖ്യമന്ത്രിയെ തടയുമെന്ന് പ്രഖ്യാപിച്ചിരുന്നതിനാല്‍ പരിപാടിക്ക് വന്‍സുരക്ഷയാണ് ഒരുക്കിയിരുന്നത്. ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തില്‍ നൂറുകണക്കിന് പോലീസുകാരെയാണ് നഗരത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ വിന്യസിച്ചത്.

മുഖ്യമന്ത്രിയെ കൂടാതെ കേന്ദ്രമന്ത്രി ശശി തരൂര്‍, മന്ത്രിമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, കെ ബാബു, വി എസ് ശിവകുമാര്‍, കെ സി ജോസഫ്, കെ മുരളീധരന്‍ ഉള്‍പ്പെടെയുള്ള എംഎല്‍എമാര്‍ തുടങ്ങി നിരവധി ജനപ്രതിനിധികള്‍ ജനസമ്പര്‍ക്ക പരിപാടിക്കെത്തി.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം