ജെ.പി.സി അന്വേഷണം വേണ്ട: സോണിയ

December 13, 2010 ദേശീയം,മറ്റുവാര്‍ത്തകള്‍

ന്യൂഡല്‍ഹി: 2 ജി സ്‌പെക്ട്രം വിവാദത്തില്‍ സംയുക്ത പാര്‍ലമെന്ററി സമിതി അന്വേഷണം ആവശ്യമില്ലെന്ന്‌ കോണ്‍ഗ്രസ്‌ അധ്യക്ഷ സോണിയാഗാന്ധി. ന്യൂഡല്‍ഹിയില്‍ ചേര്‍ന്ന കോണ്‍ഗ്രസ്‌ പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലാണ്‌ സോണിയ നിലപാട്‌ വ്യക്തമാക്കിയത്‌. ജെ.പി.സി അന്വേഷണം വേണമെന്ന പ്രതിപക്ഷ ആവശ്യം അംഗീകരിക്കാനാവില്ല. ജുഡീഷ്യല്‍ കമ്മീഷനും കേന്ദ്ര വിജിലന്‍സ്‌ കമ്മീഷനും അന്വേഷണം നടത്തുന്ന സാഹചര്യത്തില്‍ പാര്‍ലമെന്ററി പാര്‍ട്ടി അന്വേഷണത്തിന്‌ പ്രസക്തിയില്ലെന്ന്‌ സോണിയ പറഞ്ഞു.
പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന്‌ പാര്‍ട്ടിയുടെ പൂര്‍ണ്ണ പിന്തുണയും കോണ്‍ഗ്രസ്‌ അധ്യക്ഷ യോഗത്തില്‍ പ്രഖ്യാപിച്ചു. അഴിമതിയെക്കുറിച്ച്‌ സംസാരിക്കാന്‍ ബി.ജെ.പിയ്‌ക്ക്‌ അവകാശമില്ല. സ്‌പെക്ട്രം വിവാദം രാഷ്ട്രീയവത്‌കരിക്കാനാണ്‌ പ്രതിപക്ഷം ശ്രമിക്കുന്നത്‌. പാര്‍ലമെന്റ്‌ നടപടികള്‍ തടസപ്പെടുത്തുന്നത്‌ അപലപനീയമാണെന്ന്‌ സോണിയ കൂട്ടിച്ചേര്‍ത്തു.
8.9 ശതമാനം സാമ്പത്തിക വളര്‍ച്ച കൈവരിക്കാന്‍ നേതൃത്വം നല്‍കിയ സര്‍ക്കാരിനെ സോണിയ അഭിനന്ദിച്ചു. പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തിനിടയിലെ ആദ്യ കോണ്‍ഗ്രസ്‌ പാര്‍ലമെന്ററി പാര്‍ട്ടി യോഗമാണ്‌ സമ്മേളനത്തിന്റെ സമാപന ദിവസമായ ഇന്ന്‌ ചേര്‍ന്നത്‌.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം