കടല്‍കൊലക്കേസ് : സാക്ഷികളായ നാല് നാവികരെ ചോദ്യം ചെയ്യാന്‍ എന്‍ഐഎ സംഘം ഇറ്റലിയിലേക്ക് തിരിക്കും

October 20, 2013 ദേശീയം

ന്യൂഡല്‍ഹി: കേരള സമുദ്രാതിര്‍ത്തിയില്‍ വച്ച് രണ്ട് മത്സ്യത്തൊഴിലാളികള്‍ വെടിയേറ്റു മരിച്ച സംഭവത്തിന് സാക്ഷികളായ നാല് നാവികരെ ചോദ്യം ചെയ്യാന്‍ എന്‍ഐഎ സംഘം ഇറ്റലിയിലേക്ക് തിരിക്കും. ഇന്ത്യയില്‍ അന്വേഷണ ഏജന്‍സിക്കു മുന്നില്‍ ഹാജരാകാന്‍ കഴിയില്ലെന്ന് നാവികര്‍ അറിയിച്ചതിനെത്തുടര്‍ന്നാണ് എന്‍ഐഎ ഇറ്റലിക്കു തിരിക്കുന്നത്. രണ്ട് ഇറ്റാലിയന്‍ നാവികര്‍ പ്രതികളായ കേസില്‍ തെളിവെടുപ്പിനായി സാക്ഷികളായ മറ്റ് നാലു നാവികരോട് ഇന്ത്യയിലെത്താന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ നാവികരെ അയയ്ക്കില്ലെന്ന് റോം വ്യക്തമാക്കുകയായിരുന്നു. ഇറ്റലി നിലപാട് വ്യക്തമാക്കിയതോടെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറ്റോര്‍ണി ജനറലിന്റെ ഉപദേശം തേടിയിരുന്നു. എന്‍ഐഎ സംഘത്തെ ഇറ്റലിയിലേക്ക് അയയ്ക്കുകയോ പരസ്പര നിയമ സഹായ കരാര്‍ പ്രകാരം സാക്ഷികളുടെ മൊഴിയെടുക്കുകയോ ചെയ്യാമെന്ന നിലപാടാണ് ആഭ്യന്തര മന്ത്രാലയം സ്വീകരിച്ചത്. തുടര്‍ന്നാണ് ചോദ്യം ചെയ്യലിനായി എന്‍ഐഎ സംഘം ഇറ്റലിയിലേക്ക് തിരിക്കുന്നത്. കഴിഞ്ഞ ഫെബ്രുവരി 15നാണ് കേരള തീരത്ത് ഇറ്റാലിയന്‍ നാവികരുടെ വെടിയേറ്റ് രണ്ട് മത്സ്യത്തൊഴിലാളികള്‍ മരിച്ചത്. കേസില്‍ പ്രതികളായ മാസിമിലിയോനോ ലത്തോര്‍, സാല്‍വദോര്‍ ഗിറോണ്‍ എന്നീ നാവികര്‍ ഇപ്പോള്‍ ഇന്ത്യയിലെ ഇറ്റാലിയന്‍ എംബസിയില്‍ തടവില്‍ പാര്‍പ്പിച്ചിരിക്കുകയാണ്.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം