സാങ്കേതികവിദ്യാവാരാഘോഷം: 28 മുതല്‍ നവംബര്‍ ഒന്നു വരെ

October 21, 2013 മറ്റുവാര്‍ത്തകള്‍

തിരുവനന്തപുരം: സംസ്ഥാന കൃഷിവകുപ്പും മിത്രനികേതന്‍ കൃഷിവിജ്ഞാനകേന്ദ്രവും സംയുക്തമായി സംഘടിപ്പിക്കുന്ന സാങ്കേതികവിദ്യാവാരാഘോഷം ഒക്‌ടോബര്‍ 28 മുതല്‍ നവംബര്‍ ഒന്നുവരെ വെളളനാട് മിത്രനികേതന്‍ കൃഷിവിജ്ഞാനകേന്ദ്രത്തില്‍ നടക്കും.  28 രാവിലെ 10 ന് നിയമസഭാ സ്പീക്കര്‍ ജി. കാര്‍ത്തികേയന്‍ വാരാഘോഷം ഉദ്ഘാടനം ചെയ്യും.  കാര്‍ഷിക വിജ്ഞാനവ്യാപനം എന്ന വിഷയത്തില്‍ ഡോ. പി. രാജശേഖരന്‍ സെമിനാര്‍ അവതരിപ്പിക്കും.  തുടര്‍ന്ന് കാര്‍ഷികശാസ്ത്രജ്ഞരെയും മികച്ച കര്‍ഷകരെയും ആദരിക്കും.  11.30 ന് നടക്കുന്ന പുതുതലമുറയിലെ കീടനാശിനികളും ജൈവകീടനിയന്ത്രണമാര്‍ഗങ്ങളും എന്ന മുഖാമുഖം പരിപാടിയില്‍ ഡോ. തോമസ്, ബിജു മാത്യു, ഡോ. രഘുനാഥ്, ഡോ. പീതാംബരന്‍, സി.കെ. ബിന്ദു, ആര്‍. മാത്യൂസ് എന്നിവര്‍ പങ്കെടുക്കും.  29 ന് 10 മണിക്ക് നടക്കുന്ന സെമിനാര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്‍സജിതാ റസല്‍ ഉദ്ഘാടനം ചെയ്യും.  സംസ്ഥാന ഹോര്‍ട്ടികള്‍ച്ചറല്‍ മിഷന്‍ ഡയറക്ടര്‍ ഡോ. കെ. പ്രതാപന്‍ മുഖ്യപ്രഭാഷണം നടത്തും.  കാര്‍ഷികസംരംഭകത്വം സാദ്ധ്യതകള്‍, കിഴങ്ങുവര്‍ഗങ്ങളുടെ വര്‍ദ്ധനയും കാര്‍ഷികസംരംഭകത്വവും എന്നീ വിഷയങ്ങളില്‍ സെമിനാറുകള്‍ നടക്കും.  30 ന് 10 മണിക്ക് നടക്കുന്ന ആദായകരമായ പാലുത്പാദനം ശാസ്ത്രീയമാര്‍ഗങ്ങളിലൂടെ എന്ന സെമിനാറില്‍ ഡോ. രവികുമാര്‍, ഡോ. ഐസക് തയ്യില്‍, ഡോ. പി. മുരളി, ഡോ. ഡി. ഷൈന്‍ കുമാര്‍, ഡോ. എസ്.പി. സുരേഷ് നായര്‍, ഡോ. ബാബു രാജേന്ദ്രപ്രസാദ്, ഡോ. കൃഷ്ണമോഹന്‍ തുടങ്ങിയവര്‍ പങ്കെടുക്കും.  ഉച്ചയ്ക്ക് രണ്ട് മണിക്ക് നടക്കുന്ന സമാപനസമ്മേളനം എ. സമ്പത്ത് എം.പി. ഉദ്ഘാടനം ചെയ്യും.  ഒക്‌ടോബര്‍ 31 ന് തെങ്ങിന്റെ ചങ്ങാതിക്കൂട്ടം ഒരു അവലോകനം എന്ന സെമിനാറില്‍ കെ. വിശ്വനാഥന്‍, ഡോ. ആനീന സൂസന്‍ സക്കറിയ, റൂഫസ് ഡാനിയേല്‍ തുടങ്ങിയവര്‍ പങ്കെടുക്കും.  11 ന് തെങ്ങും കാര്‍ഷികസംരംഭങ്ങളും എന്ന സെമിനാറില്‍ ഡോ. കൃഷ്ണകുമാര്‍, ഡോ. കെ. മുരളീധരന്‍ തുടങ്ങിയവര്‍ പങ്കെടുക്കും.  നവംബര്‍ ഒന്നിന് നടക്കുന്ന കാര്‍ഷികസെമിനാറില്‍ ജി.എസ്. സിന്ധു പങ്കെടുക്കും.  വാരാഘോഷത്തിന്റെ ഭാഗമായി വിവിധ ദിവസങ്ങളില്‍ കൃഷിയിട സന്ദര്‍ശനവും സംഘടിപ്പിക്കും.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍