പോലീസിന്റെ മാനുഷികമുഖം വെളിവാക്കി ഫോട്ടോ-പോസ്റ്റര്‍ പ്രദര്‍ശനം

October 22, 2013 കേരളം

kerala-police_01തിരുവനന്തപുരം: സുരക്ഷാകാര്യങ്ങളില്‍ മാത്രമല്ല, സാന്ത്വനപരിചരണരംഗത്തും സാമൂഹ്യരംഗത്തും കേരളാപോലീസിന്റെ സംഭാവന വെളിവാക്കുന്നതായിരുന്നു ജനമൈത്രി ബീറ്റ് ഓഫീസര്‍മാര്‍ക്കായി നടത്തിയ സംസ്ഥാനതല ശില്പശാലയുടെ ഭാഗമായി കനകക്കുന്ന് കൊട്ടാരത്തില്‍ സംഘടിപ്പിച്ച ഫോട്ടോ-പോസ്റ്റര്‍ പ്രദര്‍ശനം.    ലോകപോലീസ് മീറ്റിലെ മലയാളികളുടെ മിന്നുന്ന പ്രകടനം മുതല്‍ ജനമൈത്രി പോലീസിനെ അഭിനന്ദിച്ചുകൊണ്ട് സ്‌കൂള്‍
വിദ്യാര്‍ത്ഥികളെഴുതിയ കത്തുകള്‍ വരെ പ്രദര്‍ശനത്തില്‍ ഒരുക്കിയിട്ടുണ്ട്.  175 ഓളം വരുന്ന ഫോട്ടോകളില്‍ ജനമൈത്രി പോലീസിന്റെ മാനുഷികമുഖം വ്യക്തമാക്കുന്നവ ഏറെയുണ്ടായിരുന്നു.  ഇരിങ്ങാലക്കുടയില്‍ വൃദ്ധര്‍ക്കായി നടത്തിയ സദ്യ, സ്വയംതൊഴില്‍ കണ്ടെത്തല്‍ പരിപാടിയുടെ ഭാഗമായി വനിതകള്‍ക്കായി സംഘടിപ്പിച്ച ആഭരണനിര്‍മ്മാണ പരിപാടി, കുട്ടികള്‍ക്കായുളള ട്രാഫിക് ബോധവത്ക്കരണം, പാന്‍മസാലയ്‌ക്കെതിരായി സ്‌കൂളുകളില്‍ നടത്തിയ ബോധവത്ക്കരണ പരിപാടി തുടങ്ങിയവ ഇതിലുള്‍പ്പെടുന്നു.  സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുളള കുറ്റകൃത്യങ്ങള്‍ തടയാനുളള പോസ്റ്ററുകള്‍, ഹെല്‍പ്പ്‌ലൈന്‍ നമ്പറുകള്‍, പരാതിനല്‍കുന്നതിനെക്കുറിച്ചും തുടര്‍ നടപടികളെക്കുറിച്ചുമുളള വനിതാകമ്മീഷന്റെ പോസ്റ്ററുകള്‍ തുടങ്ങിയവയും പ്രദര്‍ശനത്തിലുണ്ട്.
സാമൂഹ്യക്ഷേമവകുപ്പ്, വനിതാകമ്മീഷന്‍, മറ്റ് പ്രസാധകര്‍ തുടങ്ങിയവര്‍ പ്രസിദ്ധീകരിച്ച സ്ത്രീകളുടേയും കുട്ടികളുടേയും സംരക്ഷണത്തെക്കുറിച്ചുളള പുസ്തകങ്ങളും പ്രദര്‍ശനത്തിലുണ്ട്.  നിഷിലെ വിദ്യാര്‍ത്ഥികള്‍ വരച്ച ചിത്രങ്ങളും പോസ്റ്ററുകളും പ്രദര്‍ശനത്തിന്റെ ഭാഗമാണ്. ഫോട്ടോ-പോസ്റ്റര്‍ പ്രദര്‍ശനം ഇന്ന് (ഒക്‌റ്റോബര്‍ 22) അവസാനിക്കും.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം