കൂടുതല്‍ ജനമൈത്രി പോലീസ് സ്റ്റേഷനുകള്‍ ആരംഭിക്കും : ആഭ്യന്തരമന്ത്രി

October 22, 2013 കേരളം

thiruvanchur-radha2തിരുവനന്തപുരം: സംസ്ഥാനത്ത് കൂടുതല്‍ ജനമൈത്രി പോലീസ് സ്റ്റേഷനുകള്‍ തുടങ്ങുമെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു.  പുതുതായി നൂറ് ജനമൈത്രി പോലീസ് സ്റ്റേഷനുകളും അതിലേക്കായി 500 തസ്തികകളും അനുവദിക്കാന്‍ ആലോചിക്കുന്നതായും അദ്ദേഹം അറിയിച്ചു. പട്ടികജാതി-പട്ടികവര്‍ഗ വിഭാഗങ്ങള്‍ കൂടുതല്‍ ഉളളിടത്ത് 50-ഓളം ജനമൈത്രി പോലീസ് സ്റ്റേഷനുകള്‍ അധികമായിളംതുടങ്ങും.  ജനമൈത്രി ബീറ്റ് ഓഫീസര്‍മാര്‍ക്കായി കനകക്കുന്ന് കൊട്ടാരത്തില്‍  സ്ത്രീകളുടേയും കുട്ടികളുടേയും സംരക്ഷണത്തില്‍ ജനമൈത്രി പോലീസിന്റെ പങ്ക് എന്ന വിഷയത്തില്‍  നടത്തുന്ന ദ്വിദിനശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സംസ്ഥാനത്ത് ഇതിനോടകം 148 ജനമൈത്രി പോലീസ് സ്റ്റേഷനുകളും ഇതിലേയ്ക്കായി 740 തസ്തികകളും സര്‍ക്കാര്‍ ആദ്യഘട്ടത്തില്‍ സൃഷ്ടിച്ചു. ജനമൈത്രി പോലീസ് സ്റ്റേഷനുകള്‍ വന്നതോടെ സംസ്ഥാനത്തൊട്ടാകെ കുറ്റകൃത്യങ്ങള്‍ കുറഞ്ഞിട്ടുണ്ട്.  എങ്കിലും ഒറ്റപ്പെട്ട ചില സംഭവങ്ങള്‍ നടക്കുന്നുണ്ടെന്നും ബീറ്റ് ഓഫീസര്‍മാരുടെ സഹായത്തോടെ ജനമൈത്രി പദ്ധതി കൂടുതല്‍ ഫലവത്താക്കണമെന്നും മന്ത്രി അഭിപ്രായപ്പെട്ടു.  നിയമലംഘനങ്ങളുടെ എണ്ണം കുറയ്ക്കാനും നിയമം ലംഘിക്കുന്നവരുടെ മാനസികാവസ്ഥ മാറ്റാനും ജനമൈത്രി പദ്ധതികൊണ്ട് ലക്ഷ്യമിടുന്നു.  കേരളാപോലീസിന്റെ മാനുഷികമുഖമായ ഈ പദ്ധതി മറ്റ് സംസ്ഥാനങ്ങള്‍ അനുകരിക്കുന്നത് ഇതിന്റെ വിജയത്തെ സൂചിപ്പിക്കുന്നു. സ്ത്രീകള്‍, കുട്ടികള്‍, പ്രായമായവര്‍ തുടങ്ങി സമൂഹത്തിലെ ദുര്‍ബലവിഭാഗങ്ങള്‍ക്ക് പൂര്‍ണ്ണസംരക്ഷണം കൊടുക്കുന്ന രീതിയില്‍ ജനമൈത്രി പോലീസിന്റെ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു കൊണ്ടുപോകണമെന്നും ആഭ്യന്തരമന്ത്രി ഓര്‍മിപ്പിച്ചു.

സംസ്ഥാന പോലീസ് മേധാവി ബാലസുബ്രഹ്മണ്യം അധ്യക്ഷനായിരുന്നു.  ബീറ്റ് സംവിധാനം മെച്ചപ്പെടുത്തുന്നത് പോലീസ് സംവിധാനം കൂടുതല്‍ വിജയകരമാക്കാന്‍ സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു. സാന്ത്വനപരിചരണ രംഗത്തും സുരക്ഷാ രംഗത്തും ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങളാണ് ജനമൈത്രി പോലീസ് നടപ്പാക്കുന്നതെന്ന് എ.ഡി.ജി.പി. ബി. സന്ധ്യ അഭിപ്രായപ്പെട്ടു.  പ്രസ്‌ക്ലബ് പ്രസിഡന്റ് പി.പി. ജയിംസ്, മുന്‍ ഡി.ജി.പി. ഡോ. പി.എം. നായര്‍ തുടങ്ങിയവര്‍ സംസാരിച്ചു.  ശില്പശാലയോടനുബന്ധിച്ച് ഫോട്ടോ- പോസ്റ്റര്‍ പ്രദര്‍ശനവും സംഘടിപ്പിച്ചിട്ടുണ്ട്.  ഇന്ന് സമാപിക്കും.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം