നിയമന തട്ടിപ്പ് കേസിലെ രണ്ട് പ്രതികള്‍ കൂടി കീഴടങ്ങി

December 13, 2010 കേരളം,മറ്റുവാര്‍ത്തകള്‍

പുനലൂര്‍: നിയമന തട്ടിപ്പ് കേസിലെ രണ്ട് പ്രതികള്‍ കൂടി കീഴടങ്ങി. വ്യാജ നിയമനം നേടിയ ശബരീനാഥും കണ്ണനുമാണ് കീഴടങ്ങിയത്. ഇരുവരും രാവിലെ പുനലൂര്‍ മിജിസ്ട്രേറ്റ് കോടതി ഒന്നിലെത്തി കീഴടങ്ങുകയായിരുന്നു. വളരെ അപ്രതീക്ഷിതമായാണ് ശബരിയും കണ്ണനും കീഴടങ്ങാനായി കോടതിയില്‍ എത്തിയത്. കേസ് അന്വേഷിക്കുന്ന പ്രത്യേക പോലീസ് സംഘം ഇവര്‍ക്കായി തെരച്ചില്‍ നടത്തി വരികയായിരുന്നു. പോലീസിന്റെ അറസ്റ്റ് ഒഴിവാക്കാന്‍ വേണ്ടിയാണ് ഇരുവരും കോടതിയിലെത്തി കീഴടങ്ങിയത്.
നിയമനത്തട്ടിപ്പുമായി ബന്ധപ്പെട്ട് നേരത്തെ ശബരിയുടെയും കണ്ണന്റെയും സഹോദരി ജ്യോതിയേയും ഇവരുടെ പിതാവ് കൃഷ്ണന്‍‌കുട്ടി ചെട്ടിയാരെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. മൂന്നു മക്കളുടെ ജോലിക്കായി 23 ലക്ഷം രൂപ ഇടനിലക്കാര്‍ക്ക് നല്‍കിയിരുന്നുവെന്ന് കൃഷ്ണന്‍‌കുട്ടി ചെട്ടിയാര്‍ പോലീസിന് നേരത്തെ മൊഴി നല്‍കിയിരുന്നു. ആദ്യം നിയമനം നേടിയത് ശബരീനാഥായിരുന്നു. തുടര്‍ന്ന് കണ്ണനും ജ്യോതിയും സര്‍വ്വീസില്‍ പ്രവേശിക്കുകയായിരുന്നു. ശബരിയേയും കണ്ണനെയും വിട്ടുകിട്ടുന്നതിനായി പോലീസ് അപേക്ഷ നല്‍കും.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം