ശബരിമല വികസനം: വനംവകുപ്പിനെ നിലയ്ക്കുനിര്‍ത്തണം

October 22, 2013 എഡിറ്റോറിയല്‍,പ്രധാന വാര്‍ത്തകള്‍

Editorial Sabari-pbലോകത്തെ ഏറ്റവും വലിയ ഹൈന്ദവതീര്‍ത്ഥാടന കേന്ദ്രമാണ് ശബരിമല. വര്‍ഷങ്ങള്‍ക്കുമുമ്പുതന്നെ ശബരിമലയെ ദേശീയ തീര്‍ത്ഥാടനകേന്ദ്രമായി പ്രഖ്യാപിക്കേണ്ടതായിരുന്നെങ്കിലും ഇതുവരെയും അതുണ്ടായില്ല. രണ്ടുമാസം നീളുന്ന മണ്ഡല-മകരവിളക്ക് കാലത്ത് കോടിക്കണക്കിന് ഭക്തജനങ്ങളെത്തുന്ന ഇതുപോലെ മറ്റൊരു ഹൈന്ദവതീര്‍ത്ഥാടന കേന്ദ്രമില്ല. വര്‍ഷംതോറും തീര്‍ത്ഥാടകരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനയാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. സര്‍ക്കാരും ദേവസ്വംബോര്‍ഡും ചേര്‍ന്ന് ഏര്‍പ്പെടുത്തുന്ന ക്രമീകരണങ്ങളൊന്നും മതിയാകാത്ത നിലയിലാണ്. അടിസ്ഥാന സൗകര്യവികസനമാണ് ഏറ്റവും പ്രധാനം. ഇതിനാവശ്യമായ ഘടകം വനഭൂമിയാണ്.

അയ്യപ്പന്റെ പൂങ്കാവനം എന്നറിയപ്പെടുന്ന 18 മലകള്‍ ചേര്‍ന്ന വനഭൂമി പവിത്രമായാണ് തീര്‍ത്ഥാടകര്‍ കരുതുന്നത്. ഈ ഒരൊറ്റക്കാരണം കൊണ്ടാണ് ആ പ്രദേശങ്ങളില്‍ കൈയേറ്റമോ അനധികൃതമരംമുറിയോ ഒന്നും ഉണ്ടാകാത്തത്. ഒറ്റപ്പെട്ട സംഭവങ്ങളുണ്ടായാല്‍ വളരെ പെട്ടെന്നു തന്നെ അത് ശ്രദ്ധയില്‍ പെടുകയും ചെയ്യും. കേരളത്തിന്റെ വനപ്രദേശങ്ങള്‍ ചിലപ്രത്യേകമതവിഭാഗക്കാര്‍ കൈയേറി വെട്ടിവെളുപ്പിച്ച് കൃഷിയിറക്കുകയും പാരിസ്ഥിതിക പ്രത്യാഘാതത്തിന് വഴിവയ്ക്കുകയും ചെയ്യുമ്പോള്‍ കേരളത്തില്‍ വനംവകുപ്പുണ്ടോ എന്നു സംശയം തോന്നാറുണ്ട്. ശബരിമലയുടെ കാര്യം പറയുമ്പോള്‍ വനംവകുപ്പ് സടകുടഞ്ഞെണീറ്റ് അതിന്റെ ശൗര്യം മുഴുവന്‍ ദേവസ്വം ബോര്‍ഡിനോടും ഹൈന്ദവജനതയോടും  കാട്ടാറുണ്ട്. ഏതുസര്‍ക്കാര്‍ ഭരിച്ചാലും ഇതുതന്നെയാണ് സ്ഥിതി. ഇക്കാര്യമാണ് കഴിഞ്ഞദിവസം വന്ദ്യവയോധികനായ തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് പ്രസിഡന്റ് അഡ്വ.എം.പി.ഗോവിന്ദന്‍നായര്‍ വാര്‍ത്താ സമ്മേളനത്തില്‍ തുറന്നടിച്ചത്.

ശബരിമല വികസനം സംബന്ധിച്ച് വനംവകുപ്പുമായി ബന്ധപ്പെട്ടുണ്ടാകുന്ന ഏതുവിഷയത്തിലും തടസ്സവാദമുന്നയിക്കുകയാണെന്നും ഈ സാഹചര്യത്തില്‍ ബോര്‍ഡിനുവിട്ടുകിട്ടിയ സ്ഥലം അളന്നുതിട്ടപ്പെടുത്തി നല്‍കണമെന്നും സര്‍ക്കാരിനോട് അദ്ദേഹം ആവശ്യപ്പെട്ടു. തീര്‍ത്ഥാടകര്‍ക്ക് വേണ്ടത്ര ജലം ലഭ്യമാക്കുന്നതിനായി കുന്നാര്‍  ഡാമിന്റെ ശേഷി വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ വനംവകുപ്പ് ഇടങ്കോലിട്ടുനില്‍ക്കുകയാണ്. ഡാമിന്റെ ഉയരം വര്‍ദ്ധിപ്പിച്ചാല്‍ ഒരു മരംപോലും നശിപ്പിക്കുകയോ ഒരു സെന്റു ഭൂമിപോലും അധികം വേണ്ടിവരികയോ ഇല്ലെങ്കിലും തടസ്സവുമായി വനംവകുപ്പ് രംഗത്തെത്തി. ദേവസ്വംബോര്‍ഡിന്റെ അധീനതയില്‍പെട്ട സ്ഥലത്താണ് ഡാം സ്ഥിതിചെയ്യുന്നതെന്നാണ് വിരോധാഭാസം. ശബരിമലയിലെ വനംവകുപ്പ് ആഫീസ് പോലും ദേവസ്വംബോര്‍ഡ് ഭൂമിയിലാണ് സ്ഥിതിചെയ്യുന്നത് എന്നകാര്യം മറന്നുകൊണ്ടാണ് തടസ്സവാദങ്ങള്‍ ഉന്നയിക്കുന്നത്. മരക്കൂട്ടത്തെ ഭൂഗര്‍ഭപാതയുടെ നിര്‍മാണം ആദ്യഘട്ടത്തില്‍ തടസപ്പെടുത്തിയിരുന്നു. സ്വാമി അയ്യപ്പന്‍ റോഡ് കോണ്‍ക്രീറ്റ് ചെയ്യാനുള്ള ശ്രമം തടസ്സപ്പെടുത്തിയെങ്കിലും ഒടുവില്‍ മുഖ്യമന്ത്രിവരെ ഇടപെട്ടാണ് പിരഹരിച്ചത്. ഈ സാഹചര്യത്തിലാണ് ദേവസ്വംബോര്‍ഡിന്റെ ഭൂമി അളന്നുതിരിച്ചുതരാന്‍ ബോര്‍ഡ് പ്രസിഡന്റ് ആവശ്യപ്പെട്ടിരിക്കുന്നത്.

ശബരിമലയുടെ വളര്‍ച്ചകണ്ട ചിലനിഗൂഢശക്തികളാണ് വനംവകുപ്പിന്റെ പിന്നില്‍ നിന്നു ചരടുവലിക്കുന്നതെന്ന് സംശയമുണ്ട്. ശബരിമലയെ തകര്‍ക്കാന്‍ ശ്രമിച്ചപ്പോഴൊക്കെ കൂടുതല്‍ തീര്‍ത്ഥാടകരെത്തുന്ന തരത്തില്‍ ഈ ഭഗവത് സന്നിധി നാള്‍ക്കുനാള്‍ വളരുകയാണ്. അന്‍പതുവര്‍ഷങ്ങള്‍ക്കുമുമ്പ് ശബരിമല ക്ഷേത്രത്തെ തീവെച്ച് ഈ ആരാധനാലയത്തെ ഇല്ലാതാക്കാന്‍ ശ്രമിച്ചപ്പോള്‍ സാക്ഷാല്‍ അയ്യപ്പഭഗവാന്‍ കൂടുതല്‍ കൂടുതല്‍ ഭക്തമനസുകളില്‍ കുടിയേറി ഈ ക്ഷേത്രം വിശ്വപ്രസിദ്ധി നേടുകയായിരുന്നു. ലോകത്ത് ഒരുശക്തിക്കും ശബരിമലയ്ക്ക് എതിരുനില്‍ക്കാനാവില്ല. അത്തരത്തില്‍ ശ്രമിച്ചവര്‍ക്കൊക്കെ പില്‍ക്കാലത്ത് അതിന്റെ ദുരന്തഫലം അനുവഭവിക്കേണ്ടി വന്നിട്ടുണ്ട്. വനംവകുപ്പിനെ കരുവാക്കുന്നവരും അതിനു കൂട്ടുനില്‍ക്കുന്ന വനംവകുപ്പ് ഉദ്യോഗസ്ഥരും ഇത് മറക്കരുത്.

കൂടുതല്‍ വാര്‍ത്തകള്‍ - എഡിറ്റോറിയല്‍