രാഘവന്‍മാസ്റ്ററോട് സിനിമാലോകം കാട്ടിയത് നെറികേട്

October 23, 2013 എഡിറ്റോറിയല്‍,പ്രധാന വാര്‍ത്തകള്‍

Editorial Raghavan Master-pbമലയാളമണ്ണിന്റെ മണമുള്ള സംഗീതംകൊണ്ട് കേരളത്തിന്റെ സാംസ്‌കാരിക ജീവിതത്തില്‍ അനശ്വരമായ പാദമുദ്ര പതിപ്പിച്ച രാഘവന്‍ മാസ്റ്ററോട് മരണാനന്തരം മലയാള സിനിമാലോകം കാട്ടിയ നെറികേടിന് മാപ്പില്ല. നന്ദിയും കടപ്പാടുമൊന്നും ഒരിക്കലും പ്രതീക്ഷിക്കാന്‍ വയ്യാത്ത ഒന്നാണ് സിനിമാലോകം. പ്രശസ്തിയുടെ വെള്ളി വെളിച്ചത്തില്‍ നില്‍ക്കുമ്പോള്‍ വാനോളം പുകഴ്ത്തുന്നവര്‍ തന്നെ ഒന്നുമല്ലാതായാല്‍ പുറംകാലുകൊണ്ട് തൊഴിക്കുന്ന ലോകമാണ് സിനിമ. എങ്കിലും മലയാള സിനിമയുടെ ചരിത്രത്തോടൊപ്പം ആറുപതിറ്റാണ്ടിലേറെ സഞ്ചരിച്ച ആ സംഗീതജ്ഞന്റെ മരണാനന്തര ചടങ്ങുകളില്‍ പങ്കെടുക്കാതെ സിനിമാലോകത്തെ ‘വരേണ്യവര്‍ഗം’ ഒഴിഞ്ഞുനിന്നത് എന്തിന്റെ പേരിലായാലും അക്ഷന്തവ്യമായ തെറ്റാണ്. ‘അമ്മ’, ‘മാക്ട’ തുടങ്ങിയ സംഘടനകളുടെ പേരിനുപോലുമുള്ള സാന്നിധ്യമുണ്ടായില്ല.

കേരളത്തിലെ സാമൂഹികജീവിതത്തില്‍ ജാതിയും മതവുമൊക്കെ പിടിമുറുക്കുന്ന ഒരന്തരീക്ഷമാണ് ഇപ്പോള്‍ നിലനില്‍ക്കുന്നത്. അതിന്റെ പ്രതിഫലനം സിനിമാലോകത്തുമുണ്ട് എന്നു പറയാതെ വയ്യ. രാഘവന്‍മാസ്റ്ററും പി.ഭാസ്‌കരനുമൊക്കെ സിനിമയില്‍ നിറഞ്ഞു നിന്ന കാലഘട്ടത്തില്‍ കലാകാരന്‍മാരുടെയിടയില്‍ ജാതിചിന്തകളില്ലായിരുന്നു. അതുകൊണ്ടാണ് അനശ്വരമായ ഗാനപുഷ്പങ്ങള്‍ എന്നും ഓമനിക്കാന്‍ മലയാളിക്ക് സമ്മാനിക്കാനായത്. എന്തുകൊണ്ട് രാഘവന്‍മാസ്റ്ററെ അവഗണിച്ചു എന്നത് നിര്‍മ്മാതാവായ ലിബര്‍ട്ടിബഷീര്‍ പച്ചയായി പറഞ്ഞത് അദ്ദേഹം അരയസമുദായത്തില്‍പ്പെട്ട ആളായതുകൊണ്ട് എന്നാണ്. കുറച്ചുകൂടി വ്യക്തമായി പറഞ്ഞാല്‍, ജാതിചിന്തരൂഢമൂലമായ ഒരു സമൂഹം ചിന്തിക്കുന്ന തരത്തില്‍ കീഴാളജാതിയില്‍പ്പെട്ട ഒരാളാണ് രാഘവന്‍മാസ്റ്ററെന്ന്. അദ്ദേഹത്തിന്റെ സംഗീതമാധുരി ആസ്വദിക്കുന്ന മനുഷ്യരുടെ മനസില്‍ ഒരിക്കലും അദ്ദേഹത്തിന്റെ ജാതിയെക്കുറിച്ച് ചിന്തിച്ചിരിക്കില്ല.

കേരളീയ സമൂഹം താഴെത്തട്ടിലുള്ളതെന്ന് കരുതുന്ന ഒരു സമുദായത്തില്‍ ജനിച്ച് കടലോരത്ത് വളരുകയും ഗ്രാമീണജീവിതം ഉള്‍ക്കൊള്ളുകയും ചെയ്തതുകൊണ്ടാണ് മണ്ണിന്റെ മണമുള്ള സംഗീതത്തിലൂടെ അദ്ദേഹം മലയാളിയുടെ ഹൃദയത്തില്‍ അനശ്വരമായ ഇരിപ്പിടം നേടിയത്. സംഗീതജ്ഞനെന്ന നിലയില്‍ രാഘവന്‍മാസ്റ്റര്‍ എവിടെ നില്‍ക്കുന്നുവെന്നതാണ് പ്രധാനം.

മലയാളത്തിലെ ഒരു നടന്‍ പറഞ്ഞത് ദൂരക്കൂടുതല്‍ കാരണമായത് തനിക്ക് തലശേരിവരെ പോകാന്‍ കഴിയാത്തതെന്നാണ്. എന്നാല്‍ ദക്ഷിണാമൂര്‍ത്തിയുടെ വിയോഗച്ചടങ്ങില്‍ പങ്കുകൊള്ളാന്‍ ചെന്നൈയില്‍ ഈ പറഞ്ഞവരൊക്കെ പോയിരുന്നുവെന്ന കാര്യം മറന്നുകൂടാ. അപ്പോള്‍ ലിബര്‍ട്ടി ബഷീര്‍ പറഞ്ഞതു തന്നെയാണ് കാര്യം. ആയിരങ്ങളാണ് മാസ്റ്റര്‍ക്ക് അന്ത്യാജ്ഞലി അര്‍പ്പിക്കാനെത്തിയത്. ഒരുകണക്കിന് സിനിമയിലെ താരമൂല്യമുള്ളവര്‍ എത്തിയിരുന്നുവെങ്കില്‍ അവരെ കാണാനാണ് ജനങ്ങള്‍ കൂടിയതെന്ന് പറയുമായിരുന്നു.

രാഘവന്‍മാസ്റ്ററുടെ അന്ത്യകര്‍മ്മങ്ങളില്‍ എത്രപേര്‍ പങ്കെടുക്കാന്‍ വന്നുവെന്നതില്‍ കാര്യമില്ല. അദ്ദേഹം സൃഷ്ടിച്ച സംഗീതമാണ് ജീവിക്കുന്നത്. എങ്കിലും നൂറുവയസു തികയാന്‍ രണ്ടുമാസം പോലും ബാക്കിയില്ലാത്ത വന്ദ്യവയോധികനായ രാഘവന്‍മാസ്റ്ററോടു മലയാള സിനിമാലോകം കാണിച്ചത് ഗുരുനിന്ദയാണ്. ഉമിത്തീയില്‍ നീറിയാല്‍ പോലും പരിഹാരമാവാത്തതാണ് ഗുരുനിന്ദ. മലയാളത്തിന്റെ ഗന്ധര്‍വഗായകനും രാഘവന്‍മാസ്റ്ററെ മറന്നുപോയതാണ് ഏറെ ദുഃഖകരം.

കൂടുതല്‍ വാര്‍ത്തകള്‍ - എഡിറ്റോറിയല്‍