ഗണേഷ്കുമാറും യാമിനിയും വിവാഹമോചിതരായി

October 22, 2013 കേരളം

തിരുവനന്തപുരം: മുന്‍മന്ത്രി ഗണേഷ്കുമാറിനും യാമിനി തങ്കച്ചിക്കും തിരുവനന്തപുരം കുടുംബ കോടതി വിവാഹമോചനം അനുവദിച്ചു. ഇന്ന് കൌണ്‍സിലിംഗിന് വിധേയരായ ഇരുവരും ഒത്തുപോകാന്‍ കഴിയില്ലെന്നും കോടതിയെ അറിയിച്ചു. ഇതേതുടര്‍ന്നാണ് വിവാഹമോചനം അനുവദിച്ചത്. കൌണ്‍സിലിംഗിന് ഹാജരാക്കാത്തതിന് ഇരുവര്‍ക്കുമെതിരേ കോടതി തിങ്കളാഴ്ച രൂക്ഷ വിമര്‍ശനം നടത്തിയിരുന്നു. ഇന്ന് ഹാജരാകാനും കോടതി നിര്‍ദ്ദേശിച്ചിരുന്നു. രാവിലെ കോടതിയില്‍ എത്തിയ ഇരുവരും 45 മിനിറ്റ് കൌണ്‍സിലിംഗിന് വിധേയരായി. തുടര്‍ന്ന് ഇരുവരെയും ജഡ്ജിയുടെ ചേംബറിലേക്ക് വിളിച്ചുവരുത്തി അരമണിക്കൂറോളം സംസാരിച്ചു. വിവാഹമോചനമെന്ന ആവശ്യത്തില്‍ ഇരുവരും ഉറച്ചുനിന്നു. സുഹൃത്തും സംവിധായകനുമായ ഷാജി കൈലാസിനൊപ്പമാണ് ഗണേഷ് കോടതിയിലെത്തിയത്. കോടതിയില്‍ നിന്നും പുറത്തിറങ്ങിയ ഗണേഷ് മാധ്യമങ്ങളോട് പ്രതികരിച്ചില്ല. വിവാഹമോചന കാര്യത്തില്‍ തീരുമാനമായതായി യാമിനി തങ്കച്ചി മാധ്യമങ്ങളോട് പറഞ്ഞു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം