ഐ.സി.ഡി.എസ് അവാര്‍ഡുകള്‍ 26ന് വിതരണം ചെയ്യും

October 22, 2013 മറ്റുവാര്‍ത്തകള്‍

തിരുവനന്തപുരം: സംയോജിത ശിശു വികസന സേവന പ്രവര്‍ത്തനങ്ങള്‍ക്കുള്ള സംസ്ഥാന സര്‍ക്കാറിന്റെ ആദ്യ അവാര്‍ഡ് ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ എം.സി. മോഹന്‍ദാസിന് ഒക്‌റ്റോബര്‍ 26ന് കൈമാറും. മലപ്പുറം എം.എസ്.പി ഗ്രൗണ്ടില്‍ സാമൂഹികനീതി ദിനാചരണത്തോടനുബന്ധിച്ച് നടക്കുന്ന സംസ്ഥാനതല പരിപാടിയുടെ സമാപന സമ്മേളനത്തിലാണ് അവാര്‍ഡ് കൈമാറുക.

മലപ്പൂറം ജില്ലാ കലക്ടറായിരിക്കെ 2011-2012 കാലയളവില്‍ ജില്ലയിലെ ശിശുക്ഷേമ പദ്ധതികളുടെ ഏകോപനത്തിനാണ് എം.സി. മോഹന്‍ദാസിന് ജില്ലാ കലക്ടര്‍മാര്‍ക്കുള്ള ആദ്യ അവാര്‍ഡ് ലഭിച്ചത്. ജില്ലയില്‍ പുതുതായി അങ്കണവാടികള്‍ തുടങ്ങുന്നതിന് സ്ഥലം കണ്ടെത്തുന്നതിനും നിലവിലുള്ള അങ്കണവാടികളില്‍ അടിസ്ഥാന സൗകര്യങ്ങളൊരുക്കുന്നതിനും നബാര്‍ഡില്‍ നിന്നും അങ്കണവാടികള്‍ക്കായി ഫണ്ട് ലഭ്യമാക്കുന്നതിലും കാണിച്ച ആര്‍ജവം പരിഗണിച്ചാണ് അവാര്‍ഡ്. ജില്ലയില്‍ നിന്നും സംസ്ഥാന അവാര്‍ഡ് ലഭിച്ച മങ്കടയിലെ മുന്‍ ഐ.സി.ഡി.എസ് ഓഫിസര്‍ പി.വി.പ്രേമക്കുള്ള അവാര്‍ഡും 26 ന് കൈമാറും. മങ്കട ബ്ലോക്കില്‍ കുട്ടികളിലെ പോഷകാഹാരക്കുറവ് പരിഹരിക്കുന്നതിന് പോഷകാഹാര കിറ്റ് വിതരണം, അമ്മമാര്‍ക്കായി ബോധവത്ക്കരണ ക്ലാസുകള്‍ എന്നിവ മികച്ച രീതിയില്‍ സംഘടിപ്പിച്ചതിനാണ് അവാര്‍ഡ്. ജില്ലാ അടിസ്ഥാനത്തില്‍ അവാര്‍ഡിന് അര്‍ഹരായ അങ്കണവാടി വര്‍ക്കര്‍, ഹെല്‍പ്പര്‍, സൂപ്പര്‍വൈസര്‍ എന്നിവര്‍ക്കുള്ള അവാര്‍ഡുകളും 26 ന് വിതരണം ചെയ്യും

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍