കാശ്മീരിലെ അതിര്‍ത്തിയില്‍ പാക് വെടിവെയ്പ്: ഒരു ബിഎസ്എഫ് ജവാന്‍ കൊല്ലപ്പെട്ടു

October 23, 2013 പ്രധാന വാര്‍ത്തകള്‍

ശ്രീനഗര്‍: കാശ്മീരിലെ അതിര്‍ത്തിപ്രദേശങ്ങളില്‍ വീണ്ടും പാക്കിസ്ഥാന്റെ വെടിവെയ്പ് നടത്തി. ആര്‍എസ് പുരയും പര്‍ഗാവലും ഉള്‍പ്പെടെ അതിര്‍ത്തിയിലെ ആറു സെക്ടറുകളിലും പാക്കിസ്ഥാന്‍ പ്രകോപനപരമായരീതിയില്‍ കനത്ത വെടിവെയ്പാണ് നടത്തിയത്.

വെടിവെയ്പിനൊപ്പം ഷെല്ലാക്രമണവും ഉണ്ടായിരുന്നു. ആക്രമണത്തില്‍ ബിഎസ്എഫ് ജവാന്‍ കൊല്ലപ്പെടുകയും ആറു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ആര്‍എസ് പുരയില്‍ മാത്രം പതിനഞ്ച് ഇന്ത്യന്‍ പോസ്റുകളിലേക്ക് വെടിവെയ്പുണ്ടായി. ഈ വെടിവെയ്പിലാണ് ഒരു ബിഎസ്എഫ് ജവാന്‍ കൊല്ലപ്പെട്ടത്. അതേസമയം സംഭവത്തിന്റെ പശ്ചാത്തലത്തില്‍ പാക്കിസ്ഥാനുമായി നടത്തി വന്ന സൈനിക തല ചര്‍ച്ച റദ്ദാക്കിയിട്ടുണ്ട്. ഡയറക്ടര്‍ ജനറല്‍ ഓഫ് മിലിട്ടറി ഓപ്പറേഷന്‍സ് തലത്തിലായിരുന്നു ചര്‍ച്ചകള്‍ നടന്നുവന്നത്. അതിര്‍ത്തിയിലെ തുടര്‍ച്ചയായ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ഈ ചര്‍ച്ച ആരംഭിച്ചത്.

ആഭ്യന്തരമന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെ ചൊവ്വാഴ്ച കാശ്മീരില്‍ സന്ദര്‍ശനം നടത്തിയിരുന്നു. പാക്കിസ്ഥാന്റെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനത്തോട് ശക്തമായ ഭാഷയിലായിരുന്നു ഷിന്‍ഡെ പ്രതികരിച്ചത്. ഇതിനുശേഷവും അതേ രാത്രി തന്നെ പാക്കിസ്ഥാന്റെ ഭാഗത്തുനിന്നും വെടിവെയ്പു നടന്നതാണ് ഇന്ത്യയെ പ്രകോപിപ്പിച്ചത്.

കൂടുതല്‍ വാര്‍ത്തകള്‍ - പ്രധാന വാര്‍ത്തകള്‍