വ്യാസന്റെ നീതിപീഠത്തിനു മുന്നില്‍ – ശാപദാതാവിന് തിരിച്ചടി

October 23, 2013 സനാതനം

ഭാഗം ഒന്ന്

ഡോ. അദിതി

കല്മാഷപാദന്‍ ഇക്ഷ്വാകുവംശത്തിലെ അജയ്യനായ ഒരു രാജാവായിരുന്നു. ഒരിക്കലയാള്‍ മൃഗയാവിനോദനത്തിനുവേണ്ടി പുറപ്പെട്ടു. വളരെനേരം വേട്ടയിലേര്‍പ്പെട്ട് അദ്ദേഹം അനേകം ക്രൂരമൃഗങ്ങളെ കൊന്നൊടുക്കി. പ്രക്ഷീണനായി അദ്ദേഹം കൊട്ടാരത്തിലേക്കു മടങ്ങുകയായിരുന്നു. ഒരു നടവരമ്പുവഴി രാജാവ് കടന്നുപോകവെ വസിഷ്ഠന്റെ മകനായ ശക്തി ആ വരമ്പുവഴിതന്നെ എതിരെ വന്നു. രാജാവ് ശക്തിയോടെ വഴിവിട്ട് നില്‍ക്കുവാന്‍ കല്പിച്ചു. രാജകല്പന അനുസരിക്കാന്‍ ശക്തി തയ്യാറായില്ല. അയാള്‍ പറഞ്ഞു-രാജാവാണ് ബ്രാഹ്മണനു വഴിമാറിക്കൊടുക്കേണ്ടത്. അല്ലാതെ ബ്രാഹ്മണന്‍ രാജാവിനല്ല. ധര്‍മ്മശാസ്ത്രത്തെ ചുവടുപിടിച്ച് ശക്തിമുനിയും, രാജാവെന്ന അധികാരത്തെ ചുവടുപിടിച്ച് കല്മാഷപാദനും പരസ്പരം കലഹിച്ചു. രാജാവായ തന്നെ അനുസരിക്കാത്തതില്‍ കോപം പൂണ്ട കല്മാഷപാദന്‍ ചാട്ടവാറുകൊണ്ട് ശക്തിമുനിയെ പൊതിരെ തല്ലി. സഹിക്കാനാകാത്ത വേദനയും സങ്കടവും കൊണ്ട് ശക്തിമുനി ഇപ്രകാരം രാജാവിനെ ശപിച്ചു. ‘ഹേ അധമനായ രാജാവേ സംന്യാസിയായ എന്നെ അങ്ങ് തല്ലിയിരിക്കുന്നു. അങ്ങയുടെ ഈ പ്രവൃത്തി രാക്ഷസീയമാണ്. അതുകൊണ്ട് അങ്ങ് ഉടന്‍തന്നെ മാംസഭോജിയായ ഒരു രാക്ഷസനായിത്തീരും. അതിഹീനനായ അങ്ങ് മനുഷ്യമാംസംതേടി ലോകം മുഴുവന്‍ അലഞ്ഞുനടക്കും.’

മഹാരാജാവായ കല്മാഷപാദന്റെ രാജപുരോഹിതനാകാന്‍ വസിഷ്ഠനും വിശ്വാമിത്രനും തമ്മില്‍ ദീര്‍ഘകാലമായ വഴക്കു നടക്കുകയായിരുന്നു. ശക്തിമുനിയും കല്മാഷപാദനും തമ്മില്‍ വഴക്കുനടക്കുന്ന സ്ഥലത്ത് വിശ്വാമിത്രന്‍ വരാനിടയായി. അവസരം മുതലാക്കാന്‍ വേണ്ടി വിശ്വാമിത്രന്‍ ഒളിച്ചിരുന്ന് വഴക്ക് നോക്കി കാണുകയായിരുന്നു. വാസ്തവത്തില്‍ മഹാനായ കല്മാഷപാദന്‍ ശക്തിമുനിയുമായുള്ള വഴക്ക് അവസാനിപ്പിക്കാന്‍ ഒരുമ്പെടുകയായിരുന്നു. രാജാവ് സ്വയം സാന്ത്വനപ്പെട്ട് ശക്തിമുനിയുടെ മുന്നില്‍ തൊഴുകൈയ്യോടെ നിന്നു. തുടര്‍ന്ന് വഴിമാറിക്കൊടുക്കാന്‍ ശ്രമിക്കുകയായിരുന്നു. വസിഷ്ഠനോട് കടുത്ത അസൂയയും കോപവുമുണ്ടായിരുന്ന വിശ്വാമിത്രന്‍ വസിഷ്ഠപുത്രനുമായി ഉണ്ടായ വഴക്ക് ശാന്തമായി സമാപിക്കുന്നത് ഇഷ്ടപ്പെട്ടില്ല. വിശ്വാമിത്രന്‍ ഉടനെ കിങ്കരന്‍ എന്ന രാക്ഷസനെ കല്മാഷപാദനില്‍ പ്രവേശിപ്പിച്ച ശേഷം സ്ഥലംവിട്ടു. കല്മാഷപാദനില്‍ കിങ്കരന്‍ പ്രവേശിച്ച ഉടനെ അദ്ദേഹത്തില്‍ ബുദ്ധിഭ്രമം ഉണ്ടായി. എങ്കിലും രാജാവ് വളരെ പ്രയാസപ്പെട്ട് സമചിത്തത ചോര്‍ന്നുപോകാതെ പിടിച്ചുനിന്നു. ആ നിലയില്‍ അദ്ദേഹം കാട്ടില്‍ നില്‍ക്കവെ വിശപ്പുകൊണ്ട് വിറളിപിടിച്ച ഒരു ബ്രാഹ്മണന്‍ കല്മാഷപാദനോട് പൊരിച്ച മാംസം ആവശ്യപ്പെട്ടു. അനുചരന്മാര്‍വശം മാംസം കൊടുത്തയക്കാമെന്നു പറഞ്ഞ് അദ്ദേഹം കൊട്ടാരത്തിലേക്ക് യാത്രയായി. കൊട്ടാരത്തില്‍ എത്തിയ അദ്ദേഹം ബ്രാഹ്മണനുകൊടുത്ത വാഗ്ദാനം മറന്നുപോയി. പ്രക്ഷീണിതനായ അദ്ദേഹം അല്പം ആഹാരം കഴിച്ച് ഉറങ്ങാന്‍ കിടന്നു. അര്‍ദ്ധരാത്രി ബ്രാഹ്മണനു കൊടുത്ത വാഗ്ദാനം ഓര്‍മ്മവന്ന അദ്ദേഹം ഞെട്ടിയുണര്‍ന്നു. പൊരിച്ച മാംസം സഹിതം വനത്തിലെ ബ്രാഹ്മണനു ആഹാരമെത്തിക്കുവാന്‍ രാജാവ് പരിചാരകനോട് ഉത്തരവിട്ടു. ആ അര്‍ദ്ധരാത്രിയില്‍ പരിചാരകന്മാര്‍ക്ക് മാംസം കിട്ടിയില്ല. വിവരമറിഞ്ഞ രാജാവ് മനുഷ്യമാംസം കൊണ്ട് ബ്രാഹ്മണനെ ഊട്ടാന്‍ പറഞ്ഞു. രാജാവില്‍ രാക്ഷസബാധയുണ്ടായിരുന്നതുകൊണ്ടാണ് അദ്ദേഹം ഇപ്രകാരം പറയാനിടയായത്. മരണശിക്ഷവിധിച്ചവരുടെ പ്രേതം കൊണ്ടുവന്ന് പാകംചെയ്ത് ചോറിനോടൊപ്പം ബ്രാഹ്മണന് കൊടുത്തയച്ചു. ബ്രാഹ്മണന്‍ വിശന്നുപൊരിഞ്ഞിരിക്കയാണെങ്കിലും ഭക്ഷിക്കാന്‍ യോഗ്യമായ മാംസം അല്ലാ ഇതെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. കോപാകുലനായ ബ്രാഹ്മണന്‍ കോപംകൊണ്ട് ചുവന്ന കണ്ണുകളോടെ രാജാവിനെ ശപിച്ചു. ‘ഹേ രാജാക്കന്മാരില്‍ അധമാ-നീ എനിക്കു ഭക്ഷിക്കാന്‍ യോഗ്യമല്ലാത്ത മനുഷ്യമാംസം തന്നു അല്ലേ? അതുകൊണ്ട് നീ മനുഷ്യമാംസം ഭക്ഷിക്കുന്നവനായിതീരുക. ഈ ലോകത്തിലെ ജീവികളെ ഭയപ്പെടുത്തിക്കൊണ്ടും ഉപദേരവിച്ചുകൊണ്ടും നീ അലഞ്ഞുനടക്കുക’. കല്മാഷപാദന്‍ മനുഷ്യഭോജിയായിതീരാനുള്ള ശാപത്തിന്റെ മേലുള്ള ഒരു ശാപമായി മാറി ഇത്. ശക്തിമുനിയുടേയും ബ്രാഹ്മണന്റെയും ശാപങ്ങള്‍ കല്മാഷപാദന്‍, ദുഷ്ടത ഒരു മനുഷ്യരൂപം പൂണ്ടവനായി മാറി. മാനുഷീകമായ സകലഭാവങ്ങളും അയാളുപേക്ഷിച്ചു.

ഒരിക്കല്‍ കല്മാഷപാദന്‍ തന്നിലെ രാക്ഷസബാധകൊണ്ട് മനുഷ്യത്ത്വം നശിച്ച് അലഞ്ഞുനടക്കേ തന്നെ ആദ്യം ശപിച്ച ശക്തിമുനിയെ കണ്ടുമുട്ടി. കല്മാഷപാദന്‍ ആത്മഗതം ചെയ്തു. ലോകം ഇന്നുവരെ കേട്ടിട്ടില്ലാത്ത മനുഷ്യമാംസം ഭക്ഷിക്കുവാന്‍ ശപിക്കപ്പട്ടവനാണു ഞാന്‍. ആ ശാപം തന്നവന്‍ ഇതാ തന്റെ മുന്നില്‍ നില്‍ക്കുന്നു. അയാള്‍ ശക്തിമുനിയെ നോക്കി പറഞ്ഞു. ‘നിന്നെ വിഴുങ്ങിക്കൊണ്ടുതന്നെ നരഭോജിയാകാനുള്ള നിന്റെ ശാപം ഞാന്‍ പ്രാവര്‍ത്തികമാക്കാം. കടുവ ഒരു പശുക്കുട്ടിയെ എന്ന പോലെ കല്മാഷപാദന്‍ ഞൊടിയിടയില്‍ ശക്തിമുനിയെ തിന്നുതീര്‍ത്തു. വിശ്വാമിത്രന്‍ കല്മാഷപാദന്റെ ഈ അവസ്ഥ വീണ്ടു ഉപയോഗിച്ചു. അയാള്‍ വസിഷ്ഠന്റെ മറ്റുള്ള നൂറു പുത്രന്മാരുടെ അടുത്ത് കല്മാഷപാദനെ അയച്ചു. വസിഷ്ഠന്റെ നൂറു പുത്രന്മാരെയും കല്‍മാഷപാദന്‍ ഒറ്റദിവസംകൊണ്ടു വിഴുങ്ങി. ശാപമോചനമില്ലാത്തതുകൊണ്ട് കല്മാഷപാദന്‍ ‘നരഭോജി’ എന്ന തന്റെ പ്രവൃത്തി തുടര്‍ന്നുകൊണ്ടേയിരുന്നു. ഒരു ദിവസം കല്മാഷപാദന്‍ തന്റെ ഭാര്യയുമൊത്ത് ഒരു ഘോരവനത്തില്‍ നില്‍ക്കുകയായിരുന്നു. വിശപ്പുകാര്‍ന്നുതിന്നാന്‍ തുടങ്ങിയപ്പോള്‍ അയാള്‍ ആഹാരം അന്വേഷിച്ചുനടന്നു. കാടിന്റെ ഒരു ഒഴിഞ്ഞമൂലയില്‍ ഒരു ബ്രാഹ്മണന്‍ അയാളുടെ ഭാര്യയുമായി ഇരിക്കുന്നത് കണ്ടു. കല്മാഷപാദനെ കണ്ടയുടന്‍ ആ ദമ്പതികള്‍ ജീവനുംകൊണ്ടോടി. കല്മാഷപാദന്‍ ബ്രാഹ്മണനെ ഓടിച്ചുപിടിച്ചു. ബ്രാഹ്മണസ്ത്രീയുടെ ദയനീയമായ നിലവിളികളും അഭ്യര്‍ത്ഥനകളും ഒന്നും മാനിക്കാതെ കല്മാഷപാദന്‍ ബ്രാഹ്മണനെ വിഴുങ്ങി. ശോകാകുലയായ ബ്രാഹ്മണസ്ത്രീ കല്മാഷപാദനെ ശപിച്ചു. ‘ഹേ നൃശംസ! ഞാന്‍ നോക്കി നില്‍ക്കവേ നീ എന്റെ ഭര്‍ത്താവിനെ ഭക്ഷിച്ചു. അദ്ദേഹവുമായി സഹവസിച്ച് തൃപ്തിവന്നവളല്ല ഞാന്‍. അതുകൊണ്ട് നീ എന്നെങ്കിലും ഒരു സ്ത്രീയുമായി സഹവസിക്കാന്‍ ഇടയാകുമ്പോള്‍ മൃത്യുനിന്നെ ആലിംഗനം ചെയ്യും. ഹേ അധമാ, ആരുടെ പുത്രന്മാരെയാണോ നീ വിഴുങ്ങിയത് ആ വസിഷ്ഠനില്‍ നിന്നും നിന്നുടെ ഭാര്യയ്ക്കു പുത്രന്മാരുണ്ടാകും’ ഈ നിലയില്‍ കല്മാഷപാദന് മൂന്നാമതും ഒരു ശാപം ലഭിച്ചു. ശാപമോചനമി്ല്ലാത്തതിനാല്‍ അയാള്‍ നരഭോജിയായി തന്നെ ജീവിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - സനാതനം