ഫോര്‍ട്ട് പോലീസിന്റെ കിരാതവാഴ്ച

October 24, 2013 എഡിറ്റോറിയല്‍,പ്രധാന വാര്‍ത്തകള്‍

Kerala Police-sliderകാക്കിയിട്ടാല്‍ കൊള്ളയടിക്കും കിരാതമര്‍ദ്ദനത്തിനുമുള്ള ലൈസന്‍സാണെന്നു കരുതുന്ന നരാധമന്മാര്‍ ഇന്നും പോലീസിലുണ്ടെന്നുള്ളതിനുള്ള തെളിവാണ് കഴിഞ്ഞദിവസം ഫോര്‍ട്ട് പോലീസ് സ്‌റ്റേഷനില്‍ നടന്ന നിഷ്ഠൂരമായ മര്‍ദ്ദനവും കൊള്ളയും. ഉരുട്ടിക്കൊലയിലൂടെ കുപ്രസിദ്ധിയാര്‍ജ്ജിച്ച ഫോര്‍ട്ട് പോലീസിന്റെ തൊപ്പിയില്‍ കിരാതപ്രവര്‍ത്തനത്തിന്റെ ഒരു തൂവല്‍കൂടി ഇതിലൂടെ ചാര്‍ത്തിയിരിക്കുകയാണ്.

ഭാര്യയുടെ പ്രസവത്തിന് പണവുമായിവന്ന പാലോട് സ്വദേശികളും കൂലിപ്പണിക്കാരുമായ യുവാക്കളെയാണ് ക്രിമിനല്‍ എന്ന് മുദ്രകുത്തി ക്രൂരമായി മര്‍ദ്ദിക്കുകയും കൈയിലുണ്ടായിരുന്ന പണം കൊള്ളയടിക്കുകയും ചെയ്തത്. ഭരണസിരാകേന്ദ്രത്തിനു മൂക്കിനുതാഴെയാണ് ഈ സംഭവം നടന്നുവെന്നത് ആഭ്യന്തരവകുപ്പിനുതന്നെ നാണക്കേടാണ്. നാലുദിവസം കഴിഞ്ഞിട്ടും ഈ പ്രശ്‌നത്തിന്റെപേരില്‍ എന്തെങ്കിലും നടപടി സ്വീകരിച്ചതായി വ്യക്തമല്ല. പാലോട് സ്വദേശിയായ രാഹുലിന്റെ ഭാര്യ മീനുവിനെ പ്രസവചികിത്സയ്ക്കായി തൈക്കാട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇതിന് പണവേണമെന്ന് അറിയിച്ചതിനെ തുടര്‍ന്നാണ് രാഹുലിന്റെ അമ്മാവന്റെ മക്കളായ ഋഷിദേവും ജീവന്‍ദേവും നന്ദിയോടുനിന്നും 5000 രൂപയുമായെത്തിയത്. ഇവരെ തിരികെ ബസ്സ് കയറ്റിവിടുന്നതിനായി കിഴക്കേക്കോട്ട ബസ്സ്‌സ്റ്റാന്റില്‍ നില്‍ക്കവേയാണ് ഷാഡോ പോലീസ് എന്നു പരിചയപ്പെടുത്തിയ ഒരു യുവാവ് ഋഷിദേവിന്റെ കൈയില്‍ നിന്നു പണവും മൊബൈല്‍ഫോണും പിടിച്ചുവാങ്ങിയത്. ഇതിനെ ചോദ്യചെയ്ത ജീവന്‍ദേവും രാഹുലും തിരിച്ചറിയല്‍കാര്‍ഡ് ചോദിച്ചതോടെ യുവാവ് പരുങ്ങുകയായിരുന്നു. ഈ സമയം അവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരനെ വിവരം അറിയിച്ചു. ഇതിനിടെ ഒരു പോലീസ് ജീപ്പ് എത്തുകയും ഒന്നും ചോദിക്കാതെ മൂന്നുപേരെയും ഫോര്‍ട്ട് പോലീസ് സ്‌റ്റേഷനില്‍ കൊണ്ടുപോകുകയുമായിരുന്നു.

സ്റ്റേഷനില്‍ എത്തിയതോടെ കൈയിലുണ്ടായിരുന്ന പണംമുഴുവന്‍ എടുത്തശേഷം കൈകള്‍ കെട്ടിയിട്ട് മൂന്നുപോലീസുകാര്‍ ചേര്‍ന്ന് യുവാക്കളെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു എന്നാണ് യുവാക്കള്‍ നല്‍കിയ പരാതിയില്‍ പറയുന്നത്. തങ്ങളുടെ ഐഡന്റിറ്റി വെളുപ്പെടുത്തിയിട്ടും അതിനെക്കുറിച്ചൊന്നും അന്വേഷിക്കാതെ മര്‍ദ്ദനം തുടരുകയായിരുന്നു. രാഹുലിന്റെ മുന്‍വരിയിലെ പല്ല് അടിച്ചതകര്‍ത്തു. ഋഷിദേവിന്റെ കൈയ്ക്ക് പൊട്ടലേറ്റു. ജീവന്‍ദേവിന്റെ നട്ടെല്ലിനെ ചവിട്ടി മുറിവേല്‍പ്പിച്ചു. ഭാര്യയുടെ പ്രസവത്തിനായി കടം വാങ്ങിക്കൊണ്ടുവന്ന 5000 രൂപയും പിന്നീട് ബൈക്ക് വിട്ടുകിട്ടണമെന്നപേരില്‍ 1700രൂപയും പോലീസ് തട്ടിയെടുത്തു. ഒടുവില്‍ രാവിലെ ബന്ധുക്കള്‍ സ്റ്റേഷനിലെത്തിയാണ് ഇവരെ മോചിപ്പിച്ചത്. ആ സമയവും ബൈക്ക് വിട്ടുനല്‍കാന്‍ 5000രൂപ വേണമെന്നായിരുന്നു പോലീസിന്റെ ആവശ്യം.

ശക്തനെന്ന് സ്വയം അഭിമാനിക്കുന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ആഭ്യന്തരം ഭരിക്കുമ്പോഴാണ് ഈ കിരാത നടപടിയുണ്ടായത്. ഇതു സംബന്ധിച്ച് മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും പോലീസ് കമ്മിഷണര്‍ക്കും മനുഷ്യാവകാശകമ്മീഷണര്‍ക്കും പരാതി നല്‍കി. ഇരുപത്തിനാലു മണിക്കൂറിനുള്ളില്‍ നടപടിയെടുക്കേണ്ട ഒരു സംഭവത്തിനാണ് അലംഭാവപൂര്‍വ്വമായ സമീപനം സ്വീകരിച്ചിരിക്കുന്നത്. പോലീസിലെ ക്രിമിനലുകളെ തളയ്ക്കാന്‍ തക്കവിധത്തിലുള്ള മാതൃകാപരമായ നടപടി അടിയന്തിരമായി സ്വീകരിച്ചില്ലെങ്കില്‍ നിരപരാധികള്‍ ഇനിയും പോലീസിന്റെ കൊള്ളയടിക്കും ക്രൂരമര്‍ദ്ദനത്തിനും ഇരയാകും. ചോദിക്കാനും പറയാനും ആരുമില്ലാത്ത ഒരു ‘വെള്ളരിക്കാപട്ടണ’മാണ് കേരളം എന്നാണ് ഈ സംഭവം തോന്നിപ്പിക്കുന്നത്.

സാധാരണക്കാരായ യുവാക്കളോട് എന്തുമാകാം. എന്നാല്‍ തലസ്ഥാനഗരിയെ വിറപ്പിച്ചുകൊണ്ട് ബൈക്ക് റേസുംമറ്റും നടത്തുന്ന ഉന്നതന്മാരുടെ മക്കളെ തൊടാന്‍ കൈ വിറയ്ക്കുന്ന പോലീസാണ് മാന്യമായി കൂലിപ്പണിയെടുത്ത് അന്നംതേടുന്ന യുവാക്കളുടെ മേല്‍ കൈത്തരിപ്പ് തീര്‍ക്കുന്നത്. ഇത്തരം ക്രിമിനലുകള്‍ പോലീസ് സേനയ്ക്ക് അപമാനമെന്നുമാത്രമല്ല ഇവരെ പിരിച്ചുവിടുകയും കേസെടുത്ത് കല്‍ത്തുറുങ്കിലടയ്ക്കുകയും വേണം.

കൂടുതല്‍ വാര്‍ത്തകള്‍ - എഡിറ്റോറിയല്‍