വിവാഹധൂര്‍ത്തിനെതിരെ മാതൃകയുടെ കൈത്തിരി

October 26, 2013 എഡിറ്റോറിയല്‍,പ്രധാന വാര്‍ത്തകള്‍

Editorial 25-10-2013 copyവിവാഹം ഇന്ന് ആര്‍ഭാടത്തിന്റെ മാത്രമല്ല ധൂര്‍ത്തിന്റെ കൂടി പര്യായമാണ്. പണമുള്ളവര്‍ ഓരോ വിവാഹത്തിനും പുതിയ പുതിയ കാര്യങ്ങളാണ് കാട്ടിക്കൂട്ടുന്നത്. അത് കാണുമ്പോള്‍ അനുകരിക്കാനുള്ള ഭ്രമം മറ്റുള്ളവരിലും ഉണ്ടാകുന്നു. പുരനിറഞ്ഞുനില്‍ക്കുന്ന പെണ്‍കുട്ടികളെ എങ്ങനെയെങ്കിലും പുറത്തിറക്കാന്‍ ശ്രമിക്കുന്നവരും പലപ്പോഴും ധൂര്‍ത്തിന് വഴിപ്പെടുന്നു. അത് പിന്നീട് ആ കുടുംബങ്ങളെ വഴിയാധാരമാക്കുന്ന സ്ഥിതിയാണു കണ്ടിട്ടുള്ളത്.

വിവാഹത്തെക്കാള്‍ പ്രധാനം വിവാഹം കഴിഞ്ഞുള്ള ജീവിതമാണെന്ന് എന്തുകൊണ്ടോ നമ്മുടെ സമൂഹത്തിന് ഇതുവരെയും മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടില്ല. കൈയിലുള്ളതും കടംവാങ്ങിയതുംകൊണ്ട് വിവാഹം ധൂര്‍ത്തിന്റെ കെട്ടുകാഴ്ചയാക്കിമാറ്റിയശേഷം പിന്നീട് കടംവാങ്ങി ജീവിതം രണ്ടറ്റവുംകൂട്ടിമുട്ടിക്കാന്‍കഴിയാതെ നിരാശ്രയമായിതീരുന്ന എത്രയോ ദാമ്പത്യങ്ങള്‍ നമ്മുടെമുന്നിലുണ്ട്. എന്നിട്ടും വിവാഹധൂര്‍ത്ത് അനുസ്യൂതം തുടരുന്നു.

ശ്രീനാരായണഗുരുദേവന്‍ വിവാഹം ഏറ്റവും ലളിതമായ മാര്‍ഗ്ഗത്തില്‍ നടത്താന്‍ നിര്‍ദ്ദേശിച്ചിരുന്നു. വരന്‍, വധു, വരന്റെയും വധുവിന്റെയും മാതാപിതാക്കള്‍, വരന്റെയും വധുവിന്റെയും ഓരോ സുഹൃത്തുക്കള്‍, ഒരു സാമൂഹ്യപ്രവര്‍ത്തകന്‍, ഒരു പുരോഹിതന്‍ എന്നിവരടങ്ങിയ പത്തുപേരാണ് ഗുരുവരുള്‍പ്രകാരം വിവാഹം നടത്താന്‍ വേണ്ടിയിരുന്നത്. എന്നാല്‍ ഇന്ന് ആയിരംപേരെങ്കിലും കുറഞ്ഞതില്ലാതെ ഒരു കല്ല്യാണവും സാധാരണ നടക്കാറില്ല. കോടികള്‍ പൊടിച്ചുനടത്തുന്ന വിവാഹങ്ങളുമുണ്ട്. പവന്‍ എന്ന കണക്കൊക്കെ പോയശേഷം ഇപ്പോള്‍ കിലോകണക്കാണ് വധുവിന് സ്വര്‍ണം നല്‍കുന്നത്. പോക്കറ്റ്മണിയും കോടികളിലേക്ക് കടന്നു.

വിവാഹധൂര്‍ത്തിനെക്കുറിച്ച് പൊതുവേദികളില്‍ കസര്‍ത്ത് നടത്തുന്നവര്‍പോലും സ്വന്തംകാര്യം വരുമ്പോള്‍ എല്ലാം മറന്നുപോകുകയാണ് ചെയ്യുന്നത്. മാതൃകകാണിക്കാവുന്ന പൊതുപ്രവര്‍ത്തകരും അതിനു തുനിയുന്നില്ല. ഈ സാഹചര്യത്തിലാണ് സംവിധായകനായ ആഷിക് അബുവും നടി റീമാകല്ലിങ്കലും ലളിതമായ രീതിയില്‍ വിവാഹിതരാകാന്‍പോകുന്നത്. കേരളിപ്പിറവി ദിനത്തിലാണ് നാടിന് മാതൃകയാകാന്‍പോകുന്ന ഈ വിവാഹം. വീട്ടുകാരുടെയും അടുത്ത സുഹൃത്തുക്കളുടെയും സാനിദ്ധ്യത്തില്‍ കാക്കനാട് രജിസ്ട്രാര്‍ ഓഫീസില്‍ വിവാഹം രജിസ്റ്റര്‍ ചെയ്യും. ആര്‍ഭാടപൂര്‍ണ്ണമായ വിരുന്നുസല്‍ക്കാരങ്ങളോ ചടങ്ങുകളോ വിവാഹത്തിനുണ്ടാകുകയില്ല. അതിനുവേണ്ടിവരുന്ന തുക ഉപയോഗിച്ച് എറണാകുളം ജനറല്‍ ആശുപത്രിയിലെ ക്യാന്‍സര്‍ രോഗികള്‍ക്ക് മരുന്നുവങ്ങിനല്‍കാനാണ് തീരുമാനം. ഈ തുക ഇരുവരും സ്വന്തമായി സമ്പാദിച്ചതാണെന്ന പ്രത്യേകതയും ഉണ്ട്.

ലളിതമായ വിവാഹം ആരോടും പറയാതെ ചെയ്യണമെന്നായിരുന്നു ആഗ്രഹമെങ്കിലും ഒരു സുഹൃത്തിന്റെ നിര്‍ബന്ധത്തിനുവഴങ്ങിയാണ് ഫെയ്‌സ്ബുക്കിലൂടെ ഇത് വെളുപ്പെടുത്തിയത്. മറ്റുള്ളവര്‍ക്കു പ്രചോദനമാകുമെങ്കില്‍ എന്നുകരുതിയാണ് ഇതെന്നും പറയുന്നു. സിനിമാകല്ല്യാണങ്ങള്‍ പൊടിപൊടിക്കുന്ന കാഴ്ച ഇതിനുമുമ്പും നാം കണ്ടിട്ടുണ്ട്. എന്നാല്‍ ലാളിത്യത്തിന്റെ പര്യായമായി വീട്ടുകാരുടെയും ബന്ധുക്കളുടെയും ആശീര്‍വാദത്തോടെ ഇത്തരം ഒരു വിവാഹം നടക്കുന്നത് ഒരുപക്ഷേ ആദ്യമാണ്.

സിനിമാ പ്രവര്‍ത്തകരുടെ ഇടയില്‍ നടക്കുന്ന വിവാഹങ്ങള്‍ അസ്വാരസ്യംമൂലം പലപ്പോഴും വേര്‍പിരിയേണ്ട അവസ്ഥ കാണുന്നുണ്ട്. എന്നാല്‍ മാതൃകാപരമായി നടക്കുന്ന ആഷിക് – റീമാ വിവാഹം ജീവിതത്തിലും മാതൃകയാകട്ടെ എന്ന് ആശംസിക്കുന്നു. അതിന് സര്‍വശക്തനായ ദൈവം എല്ലാ അനുഗ്രഹങ്ങളും ചൊരിയട്ടെ.

കൂടുതല്‍ വാര്‍ത്തകള്‍ - എഡിറ്റോറിയല്‍