ഉരുട്ടിക്കൊല: പ്രോസിക്യൂ‍ഷന് അനുമതി

December 14, 2010 കേരളം,മറ്റുവാര്‍ത്തകള്‍

കൊച്ചി: ഉദയകുമാര്‍ ഉരുട്ടിക്കൊല കേസില്‍ മൂന്നു പോലീസുകാരെ കൂടി കൊലക്കുറ്റത്തിന് പ്രോസിക്യൂട്ട് ചെയ്യാന്‍ സര്‍ക്കാര്‍ അനുമതി നല്‍കി. അനുമതിപത്രം സി.ബി.ഐ കോടതിയില്‍ നല്‍കി. നേരത്തെ 14 പേരേ പ്രതി ചേര്‍ത്തുകൊണ്ട് സി.ബി.ഐ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.
എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ എട്ട് പേരെ മാപ്പ് സാക്ഷികളാക്കണമെന്ന് സി.ബി.ഐ ആവശ്യപ്പെട്ടിരുന്നു. ഇതിന് കോടതി അനുമതി നല്‍കുകയും ചെയ്തിരുന്നു. ബാക്കിയുള്ള ആറ് പ്രതികളില്‍ ഒന്നാം പ്രതി ജിതകുമാര്‍, ശ്രീകുമാര്‍, സോമന്‍ എന്നിവര്‍ക്കെതിരെ കൊലക്കുറ്റവും അനധികൃതമായി കസ്റ്റഡിയില്‍ വയ്ക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ക്കുള്ള പ്രോസിക്യൂഷന്‍ അനുമതി നല്‍കിയിരുന്നു.
സംഭവം നടക്കുമ്പോള്‍ തിരുവനന്തപുരത്തെ ഫോര്‍ട്ട് സ്റ്റേഷനില്‍ ഉണ്ടായിരുന്ന സര്‍ക്കില്‍ ഇന്‍‌സ്‌പെക്ടറായിരുന്ന ഇ.കെ സാബു, എസ്.ഐ ആയിരുന്ന അജിത് കുമാര്‍, കോണ്‍സ്റ്റബില്‍ മോഹനന്‍ എന്നിവര്‍ക്ക് സര്‍ക്കാര്‍ പ്രോസിക്യൂഷന്‍ അനുമതി നല്‍കിയിരുന്നില്ല. പ്രോസിക്യൂഷന്‍ അനുമതി നല്‍കാത്തത് കേസിനെ പ്രതികൂലമായി ബാധിക്കുമെന്ന് ചൂണ്ടിക്കാണിച്ചുകൊണ്ട് സി.ബി.ഐ സര്‍ക്കാരിലേക്ക് കത്തെഴുതിയിരുന്നു.  ഇതിനെത്തുടര്‍ന്ന് കേസിന്റെ കുറ്റപത്രവും അനുബന്ധ രേഖകളും ആഭ്യന്തര വകുപ്പ് വിശധമായി പരിശോധിച്ചിരുന്നു. തുടര്‍ന്ന് കഴിഞ്ഞ ദിവസം പ്രോസിക്യൂഷന് അനുമതി നല്‍കുകയായിരുന്നു. സര്‍ക്കാരിന്റെ അനുമതി പത്രം കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥര്‍ എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഇന്ന് നല്‍കി.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം