ശബരിമല തീര്‍ഥാടനം: ഒരുക്കങ്ങള്‍ വിലയിരുത്തി

October 28, 2013 കേരളം

Editorial Sabari-pbകോട്ടയം: ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട് കോട്ടയം ജില്ലയിലെ ക്രമീകരണങ്ങള്‍ ജില്ലാ കളക്ടര്‍ അജിത്ത് കുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം വിലയിരുത്തി. തീര്‍ഥാടനകാലം വിജയകരമാക്കാന്‍ വിവിധ വകുപ്പുകള്‍ ഏകോപിച്ച് പ്രവര്‍ത്തിക്കണമെന്ന് കളക്ടര്‍ പറഞ്ഞു. ഭക്ഷണസാധനങ്ങളുടെ വില നിശ്ചയിക്കുന്നതിന് അടിയന്തരമായി യോഗം വിളിക്കുന്നതിനും ഹോട്ടലുകളില്‍ വിലവിവരപ്പട്ടിക പ്രദര്‍ശിപ്പിക്കുന്നതിനുമുള്ള നടപടി സ്വീകരിക്കാന്‍ സിവില്‍ സപ്ലൈസ് ഉദേ്യാഗസ്ഥര്‍ക്ക് കളക്ടര്‍ നിര്‍ദ്ദേശം നല്‍കി.

തീര്‍ഥാടനകാലത്ത് കോട്ടയം ഡിപ്പോയില്‍നിന്ന് പുതിയ 70 ബസുകള്‍ സര്‍വീസ് നടത്തുമെന്ന് കെ.എസ്.ആര്‍.ടി.സി അധികൃതര്‍ അറിയിച്ചു. ഈ ബസുകളുടെ പാര്‍ക്കിംഗിന് നാഗമ്പടം മുനിസിപ്പല്‍ മൈതാനത്ത് സൗകര്യമേര്‍പ്പെടുത്തുമെന്നും റെയില്‍വേ സ്റ്റേഷനിലും ബസ് സ്റ്റാന്റുകളിലും ഇന്‍ഫര്‍മേഷന്‍ കൗണ്ടറുകള്‍ സ്ഥാപിക്കുമെന്നും കളക്ടര്‍ പറഞ്ഞു. ഓട്ടോ, ടാക്‌സി എന്നിവയുടെ പെര്‍മിറ്റുകള്‍ പരിശോധിക്കാന്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരെ നിയോഗിക്കും. അയ്യപ്പന്മാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയില്‍ ചില സ്ഥലങ്ങളിലുള്ള പൈപ്പ് കണക്ഷനുകള്‍ മാറ്റി സ്ഥാപിക്കാന്‍ കളക്ടര്‍ വാട്ടര്‍ അതോറിറ്റി അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

എരുമേലി വലിയമ്പലം മുതല്‍ കൊരട്ടി പാലം വരെ ശുചീകരണപ്രവര്‍ത്തനങ്ങള്‍ നടത്താന്‍ പഞ്ചായത്ത് ഫണ്ടില്‍നിന്ന് തുക അനുവദിക്കാന്‍ യോഗത്തില്‍ തീരുമാനമായി. കണമല, കൊരട്ടി, എയ്ഞ്ചല്‍വാലി എന്നിവിടങ്ങളില്‍ ലൈഫ് ഗാര്‍ഡ്‌സിനെ നിയോഗിക്കാന്‍ അതത് പഞ്ചായത്തിനെ ചുമതലപ്പെടുത്തും. കുളിക്കടവുകളില്‍ പടവുകള്‍ കെട്ടിയിട്ടുണ്ടെന്നും മുന്നറയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ടെന്നും ഇറിഗേഷന്‍ വകുപ്പ് ഉദേ്യാഗസ്ഥര്‍ അറിയിച്ചു. അപകടസാധ്യത കൂടിയ പൊന്‍കുന്നം 20-ാം മൈല്‍ ഭാഗത്ത് റോഡില്‍ സൈന്‍ ബോര്‍ഡുകളും ക്രാഷ് ബാരിയറും സ്ഥാപിക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് കളക്ടര്‍ നിര്‍ദ്ദേശം നല്‍കി. തീര്‍ഥാടനകാലത്ത് പ്ലാസ്റ്റിക് ഉപയോഗവും ഭിക്ഷാടനവും കര്‍ശനമായി നിരോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

അയ്യപ്പന്മാര്‍ക്ക് ചികിത്സാ സൗകര്യം ലഭ്യമാക്കാന്‍ വേണ്ട എല്ലാ മുന്‍കരുതലുകളുമെടുത്തിട്ടുണ്ടെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. തീര്‍ഥാടനകാലത്ത് ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള സ്റ്റാഫിനെയും ആവശ്യത്തിനുള്ള മരുന്നുകളും സജ്ജീകരിക്കും. രണ്ട് ആംബുലന്‍സുകളിലായി മൊബൈല്‍ മെഡിക്കല്‍ ടീമിനെയും നിയോഗിക്കും. കളക്‌ട്രേറ്റില്‍ നടന്ന യോഗത്തില്‍ എ.ഡി.എം ടി.വി. സുഭാഷ്, അയ്യപ്പസേവാസംഘം, ജുമാ അത്ത് പ്രതിനിധികള്‍, വിവിധ വകുപ്പുദേ്യാഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം