ലക്ഷ്മണോപദേശം – അവതാരിക

November 2, 2013 സ്വാമിജിയെ അറിയുക

അദ്ധ്യാത്മരാമായണത്തിലെ ലക്ഷ്മണോപദേശത്തിന് ഡോ.പൂജപ്പുര കൃഷ്ണന്‍നായര്‍ രചിച്ച  സത്യാനന്ദസുധാ വ്യാഖ്യാനഗ്രന്ഥത്തിന് ജഗദ്ഗുരു സ്വാമി സത്യാനന്ദസരസ്വതി തൃപ്പാദങ്ങള്‍ എഴുതിയ അവതാരികയില്‍ നിന്ന്

സദ്ഗുരവേ നമഃ

ശ്രീരാമചന്ദ്രായ പരബ്രഹ്മണേ നമഃ

Rama-Sita-slider-4മനുഷ്യമനസ്സിന്റെ സമഗ്രപഠനത്തിന് പ്രയോജനപ്പെടുന്ന കാവ്യശില്പശൈലിയില്‍ ജീവിതകലയുടെ മനോജ്ഞ മണ്ഡലങ്ങളെ വാര്‍ത്തെടുക്കുന്ന ഉത്തമഗ്രന്ഥമാണ് അദ്ധ്യാത്മരാമായണം. അനേകകോടി ജന്മങ്ങളിലൂടെ ജീവന്‍ സമാര്‍ജ്ജിച്ച സര്‍ഗ്ഗശക്തിയില്‍ നിര്‍മ്മലങ്ങളും നിഷിദ്ധങ്ങളുമായ വിവിധ സ്രോതസ്സുകള്‍ രൂപപ്പെട്ടിട്ടുണ്ട്. വസ്തുസംസ്‌കാരജടിലമായ വാസനയുടെ സൂക്ഷ്മകലകള്‍ മെനഞ്ഞെടുത്ത് മിനുക്ക് പണി ചെയ്ത കാവ്യസാമഗ്രികളാണ് രാമായണമഹാഗ്രന്ഥത്തിലെ കഥാപാത്രങ്ങളധികവും അവതാര വരിഷ്ഠതകൊണ്ട് പ്രസന്നതയാര്‍ജ്ജിച്ച ജീവിതാഖ്യാനം സീതാരാമന്മാരിലൂടെ മാത്രമേ ലഭ്യമാകുന്നുള്ളൂ. ജീവന്മുക്തന്മാരായ മഹാമനീഷികളുടെ ഉഗ്രതപസ്സിലുരുത്തിരിഞ്ഞ ആദര്‍ശങ്ങള്‍ ധര്‍മ്മഭടന്മാരെ കര്‍മ്മോന്മുഖരാക്കുന്ന ഉദാത്ത ഭാവനയ്ക്കിടം നല്‍കുന്നുണ്ട്. അഹന്തയും ആര്‍ഭാടങ്ങളും അനാവരണം ചെയ്യുന്ന സ്വാര്‍ത്ഥതയുടെ ദന്തഗോപുരങ്ങളിലിരുന്ന് വ്യകഗന്ധ്കരന്യായേന രാജ്യഭരണം നടത്തുന്ന ധര്‍മ്മനിഷേധികളെ നിഷ്‌ക്കാസനം ചെയ്യുവാനുതകുന്ന കര്‍മ്മശേഷി രാജ്യനന്മയ്ക്കത്യന്താപേക്ഷിതമാണ്. ഭരണകര്‍ത്താക്കളും ഭരണീയരും തമ്മിലുള്ള ധാര്‍മ്മികബന്ധം സ്വസ്ഥതയുള്ള ഒരു സമൂഹത്തിന്റെ നിലനില്പിന് കൂടിയേ തീരൂ. അതിമോഹത്തിനും അമിതഭോഗത്തിനുമെതിരെ തൊടുത്തുവിട്ട രാമശരം അമരത്വം പ്രഖ്യാപിക്കുന്ന അത്യന്തസുന്ദരമായ രാമായണകാവ്യഭാവന ചിന്താബന്ധുരമാണ്. പ്രത്യക്ഷത്തില്‍ വിരുദ്ധങ്ങളെന്നു തോന്നാവുന്ന പലതും രാമായണകാവ്യശൈലിയിലുണ്ട്. എന്നാല്‍ അവയെല്ലാം ധര്‍മ്മോപാധികളായിത്തീര്‍ന്നിട്ടുമുണ്ട്. താടകാവധം മുതല്‍ ആരംഭിക്കുന്ന പല സംഭവങ്ങളും ധര്‍മ്മരക്ഷയ്ക്കു വേണ്ട വിരുദ്ധോപാധികളാകുന്നു. രാക്ഷസിയായ താടകരാമശരമേറ്റ് ഗന്ധര്‍വ്വസുദ്ധരിയായി മാറി. രാമനെ ആക്രമിക്കുവാന്‍ ആക്രോശിച്ചടുത്തവള്‍ രാമന് സ്തുതി ഗീതങ്ങള്‍ പാടി ഗന്ധര്‍വ്വലോകം പൂകി.

ശിക്ഷയും രക്ഷണത്തിന്

വിശ്വാമിത്രന്റെ യാഗരക്ഷയില്‍ താടകയുടെ പുത്രന്മാരായ മാരീചസുബാഹുക്കളില്‍ സുബാഹുവിനെ രാമന്‍ വധിച്ചു. മാരീചനെ പിന്തുടര്‍ന്ന രാമശരം ആ രാക്ഷസനെ രാമഭക്തനാക്കി മാറ്റി. ശിക്ഷയും രക്ഷയും അധര്‍മ്മ നിരാകരണത്തിനും ധര്‍മ്മസംസ്ഥാപനത്തിനും ഒരേപോലെ പ്രയോജനപ്പെട്ടു. രാക്ഷസപ്രകൃതിയില്‍നിന്നും ദേവസംസ്‌ക്കാരത്തിലേയ്ക്കുള്ള പരിണാമം ഇവിടെ ശ്രദ്ധേയമാകുന്നു. രാക്ഷസത്വം, ദേവത്വം ഇവകളിലെ വൈരുദ്ധ്യങ്ങളെ സമന്വയിപ്പിച്ച് ധര്‍മ്മോപാധിയാക്കിയ മനുഷ്യത്വത്തിന്റെ പ്രാധാന്യം പലപ്പോഴും നാം വിസ്മരിക്കാറുണ്ട്. മനുഷ്യമനസ്സിലെ രാക്ഷസനേയും ദേവനേയും കണ്ടെത്തുവാനുള്ള മനുഷ്യത്വത്തിന്റെ പ്രാധാന്യം രാമായണകാവ്യദര്‍ശനമായി പരിശോഭിക്കുന്നു. ബ്രഹ്മപദത്തിലേയ്ക്കുള്ള വളര്‍ച്ചയും മനുഷ്യത്വം തന്നെയാണ് നിഷ്‌കര്‍ഷിക്കുന്നത്.

ശൂര്‍പ്പണഖാവിരൂപണത്തില്‍ അന്തര്‍ലീനമായിരിക്കുന്ന സങ്കല്പശുദ്ധി തീര്‍ത്ഥകാകന്മാര്‍ക്ക് കണ്ടെത്താവുന്നതല്ല. സീതാദേവിയുടെ ചാരിത്ര്യവും ശൂര്‍പ്പണഖയുടെ ചാരിത്ര്യ നിഷേധവും സ്ത്രീത്വത്തിലെ രണ്ടുവ്യത്യസ്തമണ്ഡലങ്ങളാണ്. ശൂര്‍പ്പണഖയിലെ സ്ത്രീത്വം രാജസതാമസഗുണമിശ്രമാകുന്നു. അതിന് സാത്വികവും താത്ത്വികവുമായ പരിവര്‍ത്തനം ആവശ്യമാണ്. സൗന്ദര്യബോധത്തില്‍നിന്ന് ശൂര്‍പ്പണഖയ്ക്കുണ്ടായ മോഹം ധര്‍മ്മപാരമ്പര്യത്തെത്തന്നെ നിഷേധിക്കുന്നു. സീതാദേവിയ്ക്കു നേരെയുള്ള ആക്രണോദ്യമം പൈശാചികവും ധര്‍മ്മസങ്കല്പവിരുദ്ധവുമാകുന്നു. അവതാരോദ്ദേശത്തെത്തന്നെ സാന്ദര്‍ഭികമായി തള്ളിക്കളയുന്ന അമിതാവേശം ആരില്‍ നിന്നുണ്ടായാലും അതിനംഗീകാരമില്ല. നിയന്ത്രിതമായ വികാരങ്ങളെ മാറ്റേണ്ടത് അധാര്‍മ്മിയുടേയും ധര്‍മ്മിയുടേയും കര്‍ത്തവ്യങ്ങളെ പൂരിപ്പിക്കുന്നു. അധര്‍മ്മത്തില്‍നിന്നും പിന്‍തിരിപ്പിക്കുന്ന ശിക്ഷ സന്ദര്‍ഭാനുഗുണവും ധര്‍മ്മമാര്‍ഗ്ഗപ്രണീതവുമാണ്. വികാരതീവ്രത ധര്‍മ്മത്തെ നിഷേധിക്കരുത്. ശൂര്‍പ്പണഖാ വിരൂപണത്തിനുശേഷം ഖരദൂഷണത്രിശിരാക്കളേയും പതിന്നാലായിരം പടയേയും വധിക്കുന്നിടത്തും അധര്‍മ്മത്തില്‍ നിന്നും ധര്‍മ്മത്തിലേയ്ക്കുള്ള പരിണാമം ദൃശ്യമാകുന്നു. രാക്ഷസന്മാര്‍ ദേവന്മാരായി രാമനെ സ്തുതിക്കുന്നു. രാക്ഷസന്മാരെ വധിക്കുന്നതിലൂടെ പ്രഖ്യാപിതമാകുന്ന ദേവത്വം മനുഷ്യമനസ്സിലേയും തദ്വാരാ സമൂഹത്തിലേയും സ്വസ്ഥതയ്ക്ക് പ്രയോജനപ്പെടുന്നു. രാക്ഷസപ്രകൃതി വൃഷ്ടിമനസ്സിലും സമഷ്ടിയിലും അംഗീകരിക്കപ്പെടുന്നില്ല. ബാലിവധത്തിലും താരോപദേശത്തിലും അടങ്ങിയിട്ടുള്ള തത്ത്വവും പ്രത്യക്ഷപരോക്ഷ സങ്കല്പങ്ങളിലെ വിരുദ്ധഭാവനകളെ ധര്‍മ്മത്തിനുപയുക്തമാക്കുന്നു. ധര്‍മ്മസംരക്ഷണത്തിന് ചെയ്യേണ്ടിവരുന്ന ന്യായീകരിക്കപ്പെടുന്നു. (അഹിംസാ പരമോ കര്‍മ്മം ധര്‍മ്മ: ധര്‍മ്മഹിംസാതഥൈവ ച’) അത് സങ്കടകാരണമായ വികാരമായി താഴ്ന്നു പോകരുതെന്നുള്ള നിര്‍ദ്ദേശവും താരോപദേശത്തില്‍നിന്ന് ലഭിക്കുന്നു. മരണമടഞ്ഞ ബാലിവധം കാരണമാകുന്നു. ബാലിയ്ക്ക് വധത്തിലൂടെ ലഭിച്ച മുക്തി താരയ്ക്ക് ഉപദേശത്തിലൂടെ ലഭ്യമായി. അധികാരഭേദം കര്‍മ്മവൈരുദ്ധ്യം സൃഷ്ടിച്ചാലും ധര്‍മ്മത്തില്‍ നിന്നുള്ള വ്യതിയാനം ഇവിടെ സംഭവിക്കുന്നില്ല. രാവണനുനല്‍കുന്ന ഭയത്തിലും വിഭീഷണനുനല്‍കുന്ന അഭയത്തിലുമുള്ള പരിണാമഗുപ്തി ധര്‍മ്മത്തില്‍ത്തന്നെ സംഭവിക്കുന്നു. രാവണന്റെ ആത്മഗതം രാമശരംകൊണ്ടുള്ള മരണത്തെ സ്വാഗതം ചെയ്യുന്നു. രാവണമനസ്സിന്റെ ഉള്ളറകളില്‍ ധര്‍മ്മത്തിന്റെ നേരിയ വെളിച്ചം പ്രകാശിച്ചിരുന്നു. ‘എന്നെ രാമന്‍ കൊലചെയ്യുകില്‍ ചെന്നു വൈകുണ്ഠരാജ്യം പരിപാലിയ്ക്കാമല്ലോ’ എന്നുള്ള രാവണന്റെ ആത്മഗതം ഇക്കാര്യത്തെത്തന്നെ വെളിവാക്കുന്നു. അധര്‍മ്മിയില്‍പ്പോലും ധര്‍മ്മനിരാകരണമില്ലെന്ന മഹനീയഭാവന ഗ്രഹണീയത്രെ. സന്ദര്‍ഭങ്ങളെ പ്രയോജനപ്പെടുത്തി ചര്‍ച്ചചെയ്യപ്പെടുന്ന ധര്‍മ്മസങ്കല്പം പ്രതിജ്ഞാബദ്ധമായ അവതാരസങ്കല്പത്തിലൂടെ വൈവിധ്യത്തിലും വൈരുദ്ധ്യത്തിലും ഒരേപോലെ സുസ്ഥാപിതമാകുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - സ്വാമിജിയെ അറിയുക