നാഷണല്‍ ഗെയിംസ് വില്ലേജിന്റെ നിര്‍മ്മാണം തുടങ്ങി

October 29, 2013 കേരളം

ng_logoതിരുവനന്തപുരം: മുപ്പത്തഞ്ചാമത് നാഷണല്‍ ഗെയിംസിനെത്തുന്ന കായികതാരങ്ങള്‍ക്കും കോച്ചുകള്‍ക്കും താമസിക്കുന്നതിനുള്ള ഗെയിംസ് വില്ലേജിന്റെ നിര്‍മ്മാണോദ്ഘാടനം മേനംകുളത്ത് വ്യവസായമന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി നിര്‍വഹിച്ചു. ബിപിസിഎന്‍ പ്ലാന്റിനടുത്ത് സിഡ്‌കോയുടെ ഉടമസ്ഥതയിലുള്ള 30 ഏക്കര്‍ സ്ഥലത്താണ് ഗെയിംസ് വില്ലേജ് നിര്‍മ്മിക്കുന്നത്.

ദേശീയഗെയിംസ് സംസ്ഥാനത്തു സംഘടിപ്പിക്കുന്നത് പുതുതലമുറയുടെ മാനസിക- ആരോഗ്യ ഉണര്‍വ്വിന് സഹായിക്കുന്നതിനു പുറമെ കൂടുതല്‍ വ്യാപാര-വ്യാവസായിക അവസരങ്ങള്‍ കൊണ്ടുവരുമെന്നും അത് സാമ്പത്തിക ഉണര്‍വിനു ആക്കംകൂട്ടുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ദേശീയ ഗെയിംസിന്റെ ഉദ്ഘാടന-സമാപന വേദിയായ കാര്യവട്ടത്തെ ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നിന്ന് ഏകദേശം നാലു കിലോമീറ്റര്‍ മാത്രം ദൂരത്താണു ഗെയിംസ് വില്ലേജ്. പ്രീ ഫാബ് സാങ്കേതിക വിദ്യ ഉപയോഗിച്ചു പഫ് പാനല്‍ കൊണ്ടാണു വില്ലേജിന്റെ നിര്‍മാണം നടത്തുന്നത്. പൂര്‍ണമായും ശീതികരിച്ച 680 സ്‌ക്വയര്‍ഫീറ്റ് വരുന്ന 365 വീടുകളാണ് ഇവിടെ നിര്‍മ്മിക്കുക. ഓരോ വീടിനും സിറ്റ്ഔട്ട്, ബാത്ത് റൂം സൗകര്യത്തോടുകൂടി മൂന്നു ബെഡ്‌റൂമുകള്‍ എന്നിവയാണ് ഉണ്ടാവുക.

ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയം, ഭക്ഷണശാലകള്‍, പാര്‍ക്കിംഗ് സംവിധാനം, കായിക പരിശീലനത്തിനും വ്യായാമത്തിനുമുള്ള സെന്ററുകള്‍ എന്നിവയും വില്ലേജില്‍ ഉണ്ടാകും. ഒരേ സമയം 5000 പേര്‍ക്കുള്ള താല്‍കാലിക താമസസംവിധാനമാണ് ഇവിടെ ഉണ്ടാവുക. മൊത്തം പദ്ധതിച്ചെലവ് 60 കോടി രൂപയാണ്. പരിസ്ഥിതി സൗഹൃദമായ ഫ്രീഫാബ് സാങ്കേതിക വിദ്യപ്രകാരം ഒരു വീട് നിര്‍മ്മിക്കാന്‍ രണ്ടാഴ്ച മതിയാകും. ആദ്യഘട്ടത്തിലുള്ള 25 വീടുകളുടെ നിര്‍മ്മാണം നവംബര്‍ 25ഓടെയും മുഴുവന്‍ വീടുകളുടെയും നിര്‍മ്മാണം ജനുവരി അവസാനത്തോടെയും പൂര്‍ത്തിയാക്കാനാണ് തീരുമാനം.

ഗെയിംസ് വില്ലേജ് കമ്മിറ്റി കോ-ചെയര്‍മാനായ വി.ശശി എം.എല്‍.എ ചടങ്ങില്‍ അധ്യക്ഷനായിരുന്നു. എം.എ വാഹിദ് എംഎല്‍എ, നാഷണല്‍ ഗെയിംസ് പ്രിന്‍സിപ്പല്‍കോഡിനേറ്റര്‍ ജേക്കബ് പുന്നൂസ്, ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ഋഷിരാജ് സിംഗ്, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് പത്മിനി തോമസ്, കേരള ഒളിമ്പിക് അസോസിയേഷന്‍ സെക്രട്ടറി പി.എ ഹംസ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വെട്ടുറോഡ് വിജയന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം