ശബരിമല ദേവപ്രശ്‌ന വിവാദം: ക്രൈംബ്രാഞ്ച്‌ കുറ്റപത്രം സമര്‍പ്പിച്ചു, ജയമാല മൂന്നാംപ്രതി

December 14, 2010 കേരളം,മറ്റുവാര്‍ത്തകള്‍

പത്തനംതിട്ട: ശബരിമലയില്‍ നടന്ന ദേവപ്രശ്‌നവുമായി ബന്ധപ്പെട്ടു കന്നട നടി ജയമാല ഉള്‍പ്പെട്ട കേസില്‍ ക്രൈംബ്രാഞ്ച്‌ കുറ്റപത്രം നല്‍കി. ഇന്നു രാവിലെ റാന്നി ജുഡീഷ്യല്‍ ഒന്നാംക്ലാസ്‌ മജിസ്‌ട്രേറ്റ്‌ കോടതിയിലാണു കുറ്റപത്രം സമര്‍പ്പച്ചത്‌. 2006-ല്‍ ശബരിമലയില്‍ നടന്ന ദേവപ്രശ്‌നത്തില്‍ മുഖ്യകാര്‍മികനായിരുന്ന പരപ്പനങ്ങാടി ഉണ്ണിക്കൃഷ്‌ണപ്പണിക്കര്‍ ഒന്നാം പ്രതിയും അദ്ദേഹത്തിന്റെ സഹായി രഘുപതി രണ്ടാം പ്രതിയുമായ കേസില്‍ നടി ജയമാല മൂന്നാം പ്രതിയാണ്‌. ദേവപ്രശ്‌നത്തിനിടെ ശബരിമലയില്‍ സ്‌ത്രീ സാന്നിധ്യമുണ്ടായെന്നും വിഗ്രഹത്തില്‍ സ്‌ത്രീസ്‌പര്‍ശനം ഉണ്ടായിട്ടുണ്ടെന്നും ഉണ്ണിക്കൃഷ്‌ണ പണിക്കര്‍ നടത്തിയ വെളിപ്പെടുത്തലാണു വിവാദമായത്‌. ഇതേത്തുടര്‍ന്നു നടി ജയമാല താനാണു വിഗ്രഹത്തില്‍ സ്‌പര്‍ശിച്ചതെന്നു ശബരിമല എക്‌സിക്യൂട്ടീവ്‌ ഓഫീസിലേക്കു ഫാക്‌സ്‌ സന്ദേശം അയച്ചു. സംഭവത്തെക്കുറിച്ച്‌ അന്വേഷണം നടത്തിയ ക്രൈംബ്രാഞ്ച്‌പരപ്പനങ്ങാടി ഉണ്ണിക്കൃഷ്‌ണപ്പണിക്കരുടെ നിര്‍ദേശപ്രകാരമാണ്‌ ജയമാല ഫാക്‌സ്‌ സന്ദേശം അയച്ചതെന്നു കണ്ടെത്തി. ഇതേത്തുടര്‍ന്നാണു കേസ്‌ ചാര്‍ജ്‌ ചെയ്‌തത്‌.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം