എം കെ സാനുവിന് എഴുത്തച്ഛന്‍ പുരസ്‌കാരം

November 1, 2013 മറ്റുവാര്‍ത്തകള്‍

M.K.Sanu-തിരുവനന്തപുരം: കേരള സര്‍ക്കാരിന്‍റെ പരമോന്നത സാഹിത്യപുരസ്‌കാരമായ എഴുത്തച്ഛന്‍ പുരസ്‌കാരം ഇക്കൊല്ലം എം കെ സാനുവിന് ലഭിച്ചു. സാഹിത്യരംഗത്തെ സമഗ്ര സംഭാവന പരിഗണിച്ചാണ് പുരസ്‌കാരം. ഒന്നര ലക്ഷം രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.

കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, വയലാര്‍ അവാര്‍ഡ്, കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ്, പദ്മപ്രഭ പുരസ്‌കാരം എന്നിവയ്ക്ക് പിന്നാലെയാണ് എഴുത്തച്ഛന്‍ പുരസ്‌കാരവും അദ്ദേഹത്തിനെ തേടിയെത്തിയത്. സാഹിത്യ വിമര്‍ശകന്‍, അധ്യാപകന്‍, വാഗ്മി, ചിന്തകന്‍, ജീവചരിത്രകാരന്‍ തുടങ്ങിയ നിലകളില്‍ സുപരിചിതനാണ് എംകെ സാനു. ആലപ്പുഴ തുമ്പോളിയില്‍ ജനിച്ച അദ്ദേഹം തിരുവനന്തപുരം യൂനിവേഴ്‌സിറ്റി കോളജില്‍ നിന്നും ഒന്നാം റാങ്കോടെ മലയാളത്തില്‍ ബിരുദാനന്തര ബിരുദം നേടിയതിനുശേഷം കൊല്ലം ശ്രീനാരായണ കോളേജ്, എറണാകുളം മഹാരാജാസ് കോളേജ് എന്നിവിടങ്ങളില്‍ അധ്യാപകനായി സേവനമനുഷ്ഠിച്ചിരുന്നു. കര്‍മ്മഗതിയാണ് അദ്ദേഹത്തിന്റെ ആത്മകഥ.

മലയാള സാഹിത്യ നായകന്മാര്‍, ഇവര്‍ ലോകത്തെ സ്‌നേഹിച്ചവര്‍, എം ഗോവിന്ദന്‍, അശാന്തിയില്‍ നിന്ന് ശാന്തിയിലേക്ക്, ആശാന്‍ പഠനത്തിന് ഒരു മുഖവുര, മൃത്യുജ്ഞയം കാവ്യജീവിതം, ചങ്ങുമ്പുഴ കൃഷ്ണപിള്ള നക്ഷത്രങ്ങളുടെ സ്‌നേഹഭാജനം, യുക്തിവാദി എംസി ജോസഫ് എന്നിവയാണ് അദ്ദേഹത്തിന്റെ പ്രധാനകൃതികള്‍. കവി ആറ്റൂര്‍ രവി വര്‍മ്മയ്ക്കാണ് കഴിഞ്ഞ വര്‍ഷം എഴുത്തച്ഛന്‍ പുരസ്‌കാരം ലഭിച്ചത്.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍