അമേരിക്കന്‍ ആക്രമണത്തില്‍ പാക് താലിബാന്‍ തലവന്‍ കൊല്ലപ്പെട്ടു

November 1, 2013 രാഷ്ട്രാന്തരീയം

ഇസ്ലാമാബാദ്: അമേരിക്കയുടെ ആളില്ലാ വിമാനം നടത്തിയ ആക്രമണത്തില്‍ പാക് താലിബാന്‍ തലവന്‍ ഹക്കിമുള്ള മെഹ്‌സദ് കൊല്ലപ്പെട്ടു. വടക്കന്‍ വസീരിസ്ഥാനില്‍ അമേരിക്ക നടത്തിയ ആക്രമണത്തിലാണ് മെഹ്‌സദ് കൊല്ലപ്പെട്ടതെന്ന് പാക് സുരക്ഷാ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. താലിബാന്‍ തീവ്രവാദികളുടെ ശക്തികേന്ദ്രമായ വസീരിസ്ഥാനിലെ മിറാന്‍ ഷായില്‍ നിന്നും അഞ്ച് കിലോമീറ്റര്‍ അകലെയുള്ള ദാന്‍ദാ ദാര്‍പാ ഖേല്‍ പ്രദേശത്താണ് അമേരിക്ക ഡ്രോണ്‍ ആക്രമണം നടത്തിയത്. ഹക്കിമുള്ള ഉള്‍പ്പെടെ നാല് പാക് താലിബാന്‍ തീവ്രവാദികള്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ട്.

കണക്കുകള്‍ പ്രകാരം 2004 മുതല്‍ പാകിസ്താനില്‍ അമേരിക്ക 377 ഡ്രോണ്‍ ആക്രമണങ്ങള്‍ നടത്തിയിട്ടുണ്ട്. ആക്രമണങ്ങളില്‍ ഏകദേശം 2,200 ഓളം പേര്‍ കൊല്ലപ്പെടുകയും 600 ഓളം പേര്‍ക്ക് ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തു. കൊല്ലപ്പെട്ടവരില്‍ 400 ഓളം സാധാരണക്കാരാണെന്നും പാകിസ്താന്‍ വെളിപ്പെടുത്തിയ രേഖകളില്‍ പറയുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - രാഷ്ട്രാന്തരീയം