പി.ശശിയ്‌ക്കെതിരെ പരാതി ലഭിച്ചിട്ടില്ല: കോടിയേരി

December 14, 2010 കേരളം,മറ്റുവാര്‍ത്തകള്‍

തിരുവനന്തപുരം: സി.പി.എം. കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായിരുന്ന പി.ശശിയ്‌ക്കെതിരെ പാര്‍ട്ടി നേതൃത്വത്തിന്‌ പരാതിയൊന്നും ലഭിച്ചിട്ടില്ലെന്ന്‌ മന്ത്രി കോടിയേരി ബാലകൃഷ്‌ണന്‍. പരാതി ലഭിച്ചാല്‍ നടപടിയെടുക്കാന്‍ ആര്‍ജവമുള്ള പാര്‍ട്ടിയാണ്‌ സി.പി.എം. എന്നും കോടിയേരി പറഞ്ഞു. നടപടിയെടുത്താല്‍ അത്‌ പരസ്യമായി പറയുന്ന പ്രസ്ഥാനമാണ്‌ ഞങ്ങളുടേത്‌. ശശി കോയമ്പത്തൂരില്‍ ചികിത്സയ്‌ക്ക്‌ പോകാന്‍ അവധി ചോദിച്ചിരുന്നു. ചികിത്സയ്‌ക്ക്‌ പോകുന്നവര്‍ക്ക്‌ അവധി നല്‍കുന്ന പതിവ്‌ പാര്‍ട്ടിയില്‍ സാധാരണമാണ്‌. ശശിയുടെ അവധി സംബന്ധിച്ചുയര്‍ന്ന വിവാദങ്ങള്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക്‌ ചവയ്‌ക്കാന്‍ കിട്ടിയ അവല്‍ മാത്രമാണെന്നും കോടിയേരി പറഞ്ഞു. കണ്ണൂര്‍ വിമാനത്താവളത്തിന്‌ ഈ മാസം 17ന്‌ തറക്കല്ലിടുമെന്നും കോടിയേരി വ്യക്തമാക്കി.
നിയമസഭാ തെരഞ്ഞെടുപ്പ്‌ തൊട്ടടുത്ത്‌ എത്തിനില്‍ക്കെ സിപിഎമ്മിന്റെ കോട്ടയായ കണ്ണൂരിലെ ജില്ലാ സെക്രട്ടറിയെ മാറ്റിയതു ഗുരുതരമായ ആരോപണങ്ങളുടെ പേരിലാണെന്നു സൂചനയുണ്ടായിരുന്നു. ജില്ലയിലെ ഒരു ഡിവൈഎഫ്‌ഐ നേതാവ്‌ ശശിക്കെതിരേ വ്യക്തിപരമായ ആരോപണങ്ങള്‍ ഉന്നയിച്ചു സംസ്ഥാന സെക്രട്ടറിക്കു രേഖാമൂലം പരാതി നല്‍കിയിരുന്നുവെന്നും ഇതിന്റെ അടിസ്ഥാനത്തില്‍ നിര്‍ബന്ധപൂര്‍വം അവധിയെടുപ്പിക്കുകയായിരുന്നുവെന്നുമായിരുന്നു റിപ്പോര്‍ട്ട്‌.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം