സ്ത്രീകള്‍ക്ക് തെങ്ങുകയറ്റത്തിന് പരിശീലനം നല്‍കും- മുഖ്യമന്ത്രി

November 2, 2013 കേരളം

തിരുവനന്തപുരം: തെങ്ങുകയറാന്‍ ആളെക്കിട്ടാനില്ലാത്ത അവസ്ഥയില്‍ ഇക്കാര്യത്തില്‍ സ്ത്രീകള്‍ക്ക് വ്യാപക പരിശീലനം നല്‍കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. കേര സമൃദ്ധി പദ്ധതിയില്‍ തെങ്ങിന്‍ തൈകള്‍ വ്യാപകമാക്കുന്നതിന്റെ ഉദ്ഘാടനം സെക്രട്ടേറിയറ്റ് ഉദ്യാനത്തില്‍ തൈ നട്ട് നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം. പദ്ധതി വഴി നല്‍കുന്ന മൂന്ന് വര്‍ഷം കൊണ്ട് കായ്ഫലമുണ്ടാകുന്ന തെങ്ങ് ഉയരം കുറഞ്ഞതായതിനാല്‍ കയറാന്‍ എളുപ്പമാണ്.

സി.പി.സി.ആര്‍.ഐ വഴി യന്ത്രമുപയോഗിച്ചുളള തെങ്ങ് കയറ്റ പരിശീലനം വ്യാപകമാക്കും. മൂന്ന് മാസം മുമ്പ് കാസറഗോഡ് സി.പി.സി.ആര്‍.ഐ. യില്‍ പരിശീലനം ലഭിച്ച വനിതകളെ നേരില്‍ കണ്ടതും അവര്‍ തൃപ്തികരമായ അനുഭവം പറഞ്ഞതും മുഖ്യമന്ത്രി വിവരിച്ചു. പരിശീലനം ലഭിച്ചവര്‍ക്ക് തെങ്ങുകയറ്റം ഒരു വരുമാന മാര്‍ഗ്ഗമായിട്ടുണ്ട്. കര്‍ഷകരുടെ ആവശ്യം സഫലമാക്കി എല്ലാ ജില്ലകളിലും നീര ഉല്പാദനത്തിന് നടപടികളായിട്ടുണ്ട്. കേര കര്‍ഷകരുടെ വരുമാനം വര്‍ദ്ധിപ്പിക്കാന്‍ ഇത്തരത്തിലുളള സര്‍ക്കാര്‍ നടപടികള്‍ സഹായകമായി. കേരസമൃദ്ധി പദ്ധതിയില്‍ മൂന്ന് വര്‍ഷം കൊണ്ട് 15 ലക്ഷം തൈകള്‍ നട്ടുപിടിപ്പിക്കുമെന്നും തെങ്ങുകൃഷിക്ക് സര്‍ക്കാര്‍ പരമാവധി പ്രോത്സാഹനം നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സെക്രട്ടേറിയറ്റ് പ്രധാന ബ്ലോക്കിന് മുന്നിലെ ഉദ്യാനത്തില്‍ മന്ത്രിമാരായ കെ.പി.മോഹനന്‍, വി.എസ്. ശിവകുമാര്‍, കെ.മുരളീധരന്‍ എം.എല്‍.എ., ചീഫ് സെക്രട്ടറി ഇ.കെ.ഭരത്ഭൂഷണ്‍ എന്നിവരും തെങ്ങിന്‍ തൈകള്‍ നട്ടു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം