ശാസ്ത്രവിഷയങ്ങള്‍ക്ക് അനുയോജ്യമായ വിധത്തില്‍ മലയാളഭാഷയെ സജ്ജമാക്കാണം: മന്ത്രി കെ.സി. ജോസഫ്

November 2, 2013 കേരളം

തിരുവനന്തപുരം: ശാസ്ത്രവിഷയങ്ങള്‍ കൈകാര്യംചെയ്യുന്നതിന് അനുയോജ്യമായവിധത്തില്‍ മലായാളഭാഷയെ സജ്ജമാക്കണമെന്ന് സാംസ്‌കാരിക മന്ത്രി കെ.സി. ജോസഫ് പറഞ്ഞു. സംസ്ഥാന സര്‍വവിഞ്ജാനകോശ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച സര്‍വവിഞ്ജാനകോശ വാല്യങ്ങളുടെ രണ്ടാംഘട്ട ഡിജിറ്റൈസേഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഇതോടെ ലോകത്താകമാനമുളള മലയാളികള്‍ക്ക് സര്‍വവിഞ്ജാനകോശം വിരല്‍ത്തുമ്പില്‍ ലഭ്യമാകും. കേരളപ്പിറവിദിനമാഘോഷിക്കുന്ന വേളയില്‍ ഭാഷ സമ്പുഷ്ടമാകുന്നതിന് മലയാളത്തിലും ധാരാളം വൈഞ്ജാനിക ഗ്രന്ഥങ്ങളുണ്ടാകണം. അനുയോജ്യമായ പദങ്ങള്‍ക്ക് അന്യഭാഷകളെ ആശ്രയിക്കേണ്ട നിലവിലെ സാഹചര്യത്തില്‍ സമഗ്രമായ മലയാളഭാഷനിയമം അനിവാര്യമാണെന്നും അദ്ദെഹം കൂട്ടിച്ചേര്‍ത്തു. പി.എസ്.സി. പരീക്ഷയെഴുതി ജോലിയില്‍ പ്രവേശിച്ച ഭാഷാപരിഞ്ജാനമില്ലാത്ത പരീക്ഷാര്‍ത്ഥികള്‍ക്ക് പ്രൊബേഷന്‍ കാലാവധി തീരുംമുന്‍പേ മലയാളത്തില്‍ തുല്യതാപരീക്ഷ എഴുതണമെന്ന നിയമം ഉടന്‍ നിലവില്‍ വരുമെന്നും അദ്ദേഹം പറഞ്ഞു.

സര്‍വവിഞ്ജാനകോശ ഇന്‍സ്റ്റിറ്റ്യട്ട് പ്രസിദ്ധീകരിച്ച 15 സര്‍വവിഞ്ജാനകോശ വാല്യങ്ങളില്‍ ആറ് വാല്യങ്ങള്‍ ഇതിനോടകം പൂര്‍ണ്ണമായി വെബ്‌സൈറ്റില്‍ ലഭ്യമാണ്. അവശേഷിക്കുന്ന ഒന്‍പത് വാല്യങ്ങളുടെ ഡിജിറ്റൈസേഷനാണ് രണ്ടാംഘട്ടത്തില്‍ നടക്കുക. സര്‍വവിഞ്ജാനകോശ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ എം.ഡി. സുലേഖ ചടങ്ങിന് അധ്യക്ഷത വഹിച്ചു. ഡോ. ടി.എം. തോമസ് ഐസക് എം.എല്‍.എ., മലയാളം മിഷന്‍ ഡയറക്ടര്‍ തലേക്കുന്നില്‍ ബഷീര്‍ എന്നിവര്‍ പ്രസംഗിച്ചു. സര്‍വവിഞ്ജാനകോശ ഇന്‍സ്റ്റിറ്റ്യൂട്ട് മുന്‍ ഡയറക്ടര്‍ ഡോ. വെളളായണി അര്‍ജുനന്‍, ഭരണസമിതിയംഗങ്ങള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം