ശബരിമല തീര്‍ത്ഥാടനം : ജാഗ്രത പാലിക്കാന്‍ എക്സൈസ്, പോലീസ് വകുപ്പുകള്‍ക്ക് നിര്‍ദ്ദേശം

November 2, 2013 കേരളം

തിരുവനന്തപുരം: ശബരിമല തീര്‍ത്ഥാടനം പ്രമാണിച്ച് പോലീസ്, എക്സൈസ് വകുപ്പുകള്‍ ജാഗ്രത പാലിക്കണമെന്ന് എഡിഎം. എച്ച്.സലീംരാജ് നിര്‍ദ്ദേശിച്ചു. ജില്ലാ വ്യാജമദ്യനിരോധ സമിതി യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാ സ്കൂളുകളിലും ലഹരി വിമുക്ത ക്ളബ്ബുകള്‍ രൂപീകരിക്കണമെന്നും നിര്‍ദ്ദേശിച്ചു.

എക്സൈസ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സെപ്റ്റംബര്‍ 28 മുതല്‍ ഒക്ടോബര്‍ 30 വരെ ജില്ലയിലെ വിവിധ സ്കൂളുകളില്‍ ലഹരി വിരുദ്ധ സെമിനാറും ബോധവല്‍ക്കരണ ക്ളാസുകളും സിഡി പ്രദര്‍ശവും നടത്തിയതായി ഡെപ്യൂട്ടി കമ്മീഷണര്‍ സി.സി തോമസ് പറഞ്ഞു. മേല്‍ കാലയളവില്‍ ജില്ലയില്‍ 743 റെയ്ഡുകള്‍ നടത്തി. 191.84 ലിറ്റര്‍ വിദേശ മദ്യം പിടിച്ചെടുത്തു. 75 കേസുകളില്‍ ഉള്‍പ്പെട്ട 80 പ്രതികളില്‍ 77 പേരെ അറസ്റ് ചെയ്തു. 1536 വാഹനങ്ങളും 13 വിദേശ മദ്യശാലകളും 20 ബാര്‍ ഹോട്ടലുകളും 220 കള്ളുഷാപ്പുകളും പരിശോധിച്ചു. കള്ളിന്റെ അന്‍പത്തിമൂന്നും വിദേശ മദ്യത്തിന്റെ പതിമൂന്നും സാമ്പിളുകള്‍ രാസപരിശോധയ്ക്ക് അയച്ചു.

കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ഫാ. ഗീവര്‍ഗ്ഗീസ് ബ്ളാഹേത്ത്, ജയചന്ദ്രന്‍ ഉണ്ണിത്താന്‍, പി.വി ഏബ്രഹാം, വാളകം ജോണ്‍, കെ.ജി അനില്‍കുമാര്‍, ആനി ജേക്കബ്, ഡിഇഒ റ്റി. എസ് ശ്രീദേവി തുടങ്ങിയവര്‍ പങ്കെടുത്തു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം