ഉദ്ധവരുടെ രാധാദര്‍ശനം-2 (ഗര്‍ഗ്ഗഭാഗവതസുധ-ഭാഗം II)

November 5, 2013 സനാതനം

ചെങ്കല്‍ സുധാകരന്‍

4. ഉദ്ധവരുടെ രാധാദര്‍ശനം (ഭാഗം – 2)
 തുടര്‍ച്ച
ശ്രീനാഥന്റെ സന്ദേശംകേട്ട്, ഗോപികമാര്‍ക്ക്, അമര്‍ത്തിവച്ചിരുന്ന ദുഃഖം അണപൊട്ടിയൊഴുകി. അവര്‍ കണ്ണീരണിഞ്ഞുകൊണ്ട്, സഗദ്ഗദം, തങ്ങളുടെ ദുഃഖം പ്രകടിപ്പിച്ചു. കൃഷ്ണസാന്നിദ്ധ്യം കൊണ്ടേ തങ്ങള്‍ക്കു സമാധാനം വരുകയുള്ളൂ എന്നും മറ്റൊന്നും സന്തോഷകരമല്ലെന്നും അവരറിയിച്ചു. സംഘം സംഘമായെത്തിയ ഗോപീജനങ്ങള്‍ കൃഷ്ണവിരഹാര്‍ത്തരായി ഓരോവിധം ആവലാതികള്‍ പറഞ്ഞ് ഉദ്ധവരുടെ ശ്രദ്ധ ക്ഷണിച്ചു. ‘നന്ദസൂതന്റെ സുന്ദരാവയവങ്ങള്‍ കണ്ടശേഷം ലോകത്തില്‍ മറ്റെന്താണ് കാണുവാനുള്ളത്? ആ നന്ദസൂനുവാകട്ടെ, മഥുരയില്‍! ഞങ്ങളെന്തുചെയ്യുവാനാണ്?’

അലോകസാമാന്യമായ ദുഃഖമനുഭവിക്കുന്ന ഗോകുലത്തിന്റെ ദീനാവസ്ഥ ഉദ്ധവന് ബോദ്ധ്യപ്പെട്ടു. അവരുടെ ആവലാതികള്‍ക്കറുതിയില്ല. കൃഷ്ണ സംഗമമൊഴിഞ്ഞ് മറ്റൊന്നും അവരുടെ ദുഃഖത്തില്‍ ശമനമുണ്ടാക്കുകയില്ലെന്ന് ഉദ്ധവരറിഞ്ഞു. അദ്ദേഹം രാധയേയും മറ്റു ഗോപികമാരെയും നമസ്‌കരിച്ചു. പ്രദക്ഷിണം ചെയ്തു. തന്റെ വചോവിലാസങ്ങള്‍ക്കും തത്ത്വപ്രഖ്യാപനങ്ങള്‍ക്കും കൃഷ്ണവിരഹികളായ ഗോകുലവാസികളെ സാന്ത്വനംചെയ്യാന്‍ ശക്തിയില്ലെന്ന സത്യം തിരിച്ചറിഞ്ഞു. അഭിമാനം നശിച്ച അദ്ദേഹം തന്നാലാവുന്നിടത്തോളം യുക്തികള്‍ ചൊല്ലി ഗോപീ-ഗോപാലന്മാരെ സാന്ത്വനിപ്പിക്കാന്‍ ശ്രമിച്ചിട്ട് വീണ്ടും നന്ദഗോപമന്ദിരത്തിലെത്തി. നന്ദോപനന്ദന്മാരോടും കൃഷ്ണസഖാക്കളോടും ഗോപികമാരോടും വിടവാങ്ങിയശേഷം മഥുരയിലേക്കു മടങ്ങി. ഗോകുലം അദ്ദേഹത്തോടൊപ്പം അല്പദൂരം അനുയാത്ര ചെയ്തു.

ശ്രവണം, കീര്‍ത്തനം തുടങ്ങിയ നവധാഭക്തിയുടെ ശരിയായ ഉദാഹരണമാണ് ഉദ്ധവര്‍ വൃന്ദാവനത്തില്‍ കണ്ടത്. എവിടേയും ശ്യാമകൃഷ്ണന്‍ മാത്രം! ഗോപികാഗോപാലന്മാര്‍ – ആബാലവൃദ്ധം – കൃഷ്ണചിന്തയില്‍! ആ നിരീഹഭക്തിക്കുതുല്യം അതൊന്നുമാത്രം! സാമാന്യസീമയ്ക്കകത്തുള്ളതല്ല. അഹൈതുകീഭക്തി. യുക്തിയുടെ മുഴക്കോലുകള്‍ക്കവിടെ പ്രസക്തിയുമില്ല. എന്നാലും രാധാദുഃഖസാന്ത്വനത്തിനു പുറപ്പെട്ട ഉദ്ധവര്‍ കണ്ട കാഴ്ചകള്‍ ചിന്താവിഷയമാക്കാം. വൃഷഭാന്തഗൃഹത്തിലേയ്ക്കുപോയ ഉദ്ധവര്‍ ഗോപികമാരുടെ കര്‍മ്മങ്ങള്‍കണ്ട് അതിശയിച്ചുപോയി. അവര്‍, ബ്രാഹ്മമുഹൂര്‍ത്തത്തിലേ ഉണര്‍ന്ന്, മുറ്റം കഴുകി വൃത്തിയാക്കി ശരീരശൗചം ചെയ്ത് വിളക്കുവച്ച് തയിര്‍ കടയുകയായിരുന്നു. ഈശ്വരഭക്തിയുടെ സ്ഥൂലഭൂമിയില്‍ ‘മേഞ്ഞു നടക്കുന്ന, ഒരാള്‍ക്ക് ഈ സൂചകത്തിലെ അമൃതരസം നുകയുവാനാവില്ല. ബാഹ്യമായ വൃത്തികളനുസ്മരിപ്പിക്കുന്ന ആന്തരതത്ത്വം ചിന്താബന്ധുരമാണ്. ഭക്തിയുടെ ഉദാത്തതയുമാണ്.

നിഷ്‌കളഭക്തനായ ഉപാസകന്‍ ഭഗവാന്റെ മുമ്പില്‍ സ്വയം അര്‍പ്പിച്ചവനാണ്. അവന്റെ സമര്‍പ്പണം സ്വയം പരിശുദ്ധമായ മനസ്സാണ്. മുറ്റം വൃത്തിയാക്കി ഗോപികമാരുടെ പ്രവൃത്തിയില്‍ കാണേണ്ടത് ആ സമര്‍പ്പണത്തെയാണ്. മുറ്റമടിച്ചുവൃത്തിയാക്കി വിളക്കുവച്ചശേഷമാണ് അവര്‍ തയിര്‍ കടയാനാരംഭിച്ചത്. ബാഹ്യാഭ്യന്തരശൗചത്തോടെയുള്ള ധ്യാനമാണിത്. മുറ്റം മനസ്സല്ലാതെ മറ്റൊന്നല്ല! സച്ചിന്തയാകുന്ന ചൂലുകൊണ്ട്, സജ്ജനങ്ങള്‍ മനസ്സിലെ മാലിന്യങ്ങളകറ്റുന്നു.

ആ സന്ദര്‍ഭവും ശ്രദ്ധേയമാണ്. ബ്രാഹ്മമുഹൂര്‍ത്തം! ബ്രഹ്മജ്ഞാനാര്‍ജ്ജനത്തിനുള്ള സമയമാണത്. പ്രശാന്തമായ പരിസരത്തില്‍ ഉപശാന്തമായ മനസ്സിനെ ഭക്തന്മാര്‍ ഈശ്വരചിന്തയാല്‍ നിര്‍മ്മലമാക്കുന്നു. ആ ഭക്തന്മാര്‍ ഗോപികമാരാണ്. അവരാകട്ടെ, സര്‍വേന്ദ്രിയദ്വാരാ ഈശ്വരാമൃതം നുകരുന്നവരും! അവരുടെ കര്‍മ്മം ശ്യാമകൃഷ്ണനായുള്ള നിവേദ്യങ്ങള്‍! അവര്‍, മനസ്സിനെ ഭഗവച്ചിന്താനിരതമാക്കിയശേഷം ഭഗവന്നാമകുസുമങ്ങളാല്‍ പൂജിച്ച. മനസ്സാകുന്ന ശ്രീകോവിലില്‍ ഭക്തപരായണനായ നാരായണനെ പ്രതിഷ്ഠിച്ചു. വിളക്കു കൊളുത്തിവച്ചു എന്ന സൂചകം അതാണ് വ്യക്തമാക്കുന്നത്. തങ്ങളുടെ ജീവിതാന്ധകാരധ്വംസനം ചെയ്ത വിളക്കാണ് കൃഷ്ണന്‍!

കൃഷ്ണരാമന്മാരുടെ നാമങ്ങള്‍ കീര്‍ത്തനംചെയ്തുകൊണ്ട് തയിര്‍ കടയുന്ന വൃന്ദാവനസ്ത്രീകള്‍ കൈമെയ് മറന്നാണ് ആ പ്രക്രിയയില്‍ ഏര്‍പ്പെട്ടത്. മുടിക്കെട്ടുലയുമാറും കൈവളകളിളകുമാറും കൈശികത്തിലെ പൂക്കളുതിരുമാറും അവര്‍ കടഞ്ഞു. സ്വയം മറന്നുകൊണ്ടുള്ള ഈശ്വരാരാധനയാണിത്. കായക്ലേശമവര്‍ അറിഞ്ഞില്ല! ദീര്‍ഘനേരം ചെയ്ത കര്‍മ്മത്തില്‍ നിമിഷകുസുമങ്ങള്‍ അടര്‍ന്നു വീഴുന്നതവരറിഞ്ഞില്ലെന്നു സാരം! ഭക്തചിത്തം ഈശ്വരചിന്തയിലാഴുമ്പോള്‍ അവര്‍ സ്വയം മറക്കുന്നു. ആനന്ദാനുഭൂതിയില്‍ പ്രപഞ്ചവിസ്മരണം ഉണ്ടാകുന്നു! സ്ഥൂലകര്‍മ്മികളായി കാണപ്പെടുമ്പോഴും, അക്കൂട്ടര്‍, പ്രേമസ്വരൂപനിലുറച്ച മനസ്സാര്‍ന്നവരായിരിക്കും!

ആ തയിര്‍കടച്ചില്‍പോലും പ്രതീകാത്മകമാണ്. തയിര്‍കലം മനസ്സാണ്. അതില്‍ നിറച്ചിട്ടുള്ള അനുഭവമാകുന്ന പാലില്‍ ഈശ്വരചിന്തയാകുന്ന ‘ഉറ’ യൊഴിച്ച് ബുദ്ധിയാകുന്ന കടകോല്‍കൊണ്ട് ചിന്തയാകുന്ന മഥനം നടത്തുകയാണ്. ആദ്യന്തം തുടരുന്ന ‘കടച്ചില്‍’, ‘നറുനെയ്യ്്’ ലഭിക്കുമ്പോഴും ഭക്തന്റെ ധ്യാനാവസ്ഥിതി സുചിന്തനയാകുന്ന മഥനത്താല്‍ ആനന്ദമാകുന്ന നവനീതലബ്ധിയിലെത്തി നിഷ്പന്ദമാകുന്നു! ആനന്ദനിര്‍വൃതിക്കായുള്ള യത്‌നമാണ് മഥനം! ഗോപികമാര്‍ (ഭക്തന്മാര്‍) തുടരുന്ന മഥനം ജീവിത യാത്രാന്ത്യത്തോളം ഉണ്ടാകും. അവസാനം മനോബുദ്ധ്യോദികളും ജ്ഞാനകര്‍മ്മേന്ദ്രിയങ്ങളും മന്ദചേഷ്ടങ്ങളാവുകയും ജീവിതാനുഭവസാരമായി ഉയര്‍ന്നുനില്‍ക്കുന്ന ‘നവനീതത്തി’ല്‍ (ആനന്ദാനുഭൂതിയില്‍) വിലയിക്കുകയും ചെയ്യുന്നു! അപ്പോള്‍ ഭക്തമനസ്സ് ‘ശോകമോഹങ്ങള്‍’ക്കതീതമാകുന്നു! ആ നിര്‍വൃതിയെപ്പുകഴാന്‍ മനഃസങ്കല്പത്തിനോ വാഗ്‌വൈഭവത്തിനോ കഴിയുകയില്ല. ‘ന മനോഗച്ഛതി, ന വാഗച്ഛതി’ എന്നുണ്ടല്ലോ? നിഷ്ഠയാര്‍ന്ന തപസ്സിലൂടെ മഹായോഗികള്‍ നേടുന്ന ഫലം നിഷ്‌ക്കളകര്‍മ്മാചരണത്തിലൂടെ ഭക്തരാര്‍ജിക്കുന്നു. ഉദ്ധവര്‍ വൃന്ദാവനത്തിലെല്ലാവരിലും കണ്ടത് ഇത്തരത്തിലുള്ള ഭക്തിയാണ്! സ്വസുഖനിരഭിലാഷികളായി, പരഹിതാനുവര്‍ത്തികളായി, പരമാത്മനിലീനമാനസരായി ഭക്തര്‍ അമൃതാനന്ദമനുഭവിക്കുന്നു.

ഗോപികമാര്‍ യമുനാതീരത്തിലെത്തിയപ്പോള്‍ കൃഷ്ണരഥം നദീതടത്തില്‍ നില്ക്കുന്നതായി കണ്ടു. അക്രൂരന്‍ വീണ്ടുമെത്തിയോ എന്നായി സംശയം! അവര്‍ ക്ഷുബ്ധരായി. സാരഥിയെ വിരല്‍കൊണ്ടടിച്ചു. കൃഷ്ണനെ തങ്ങളില്‍ നിന്നകറ്റിയ അക്രൂരനാണ് വന്നിരിക്കുന്നതെന്ന് അവര്‍ സങ്കല്പിക്കുന്നു. അപ്പോള്‍ ഉദ്ധവര്‍ മുമ്പിലെത്തി. കൃഷ്ണസമാനവേഷം! അതവരുടെ കോപം ശമിപ്പിച്ചു. അതിഥിയെ സല്‍ക്കരിച്ചാനന്ദിക്കാന്‍ അവര്‍ തയ്യാറായി. ഈ വിവരണത്തിലും കൃഷ്ണഭക്തരായ വൃന്ദാവനവാസികളെക്കാണാം. കൃഷ്ണരഥം യമുനാതടത്തില്‍ കണ്ടപ്പോഴവര്‍ അതിലേയ്ക്കു ശ്രദ്ധതിരിച്ചു. ശ്രീകൃഷ്ണസംബന്ധിയായ ഏതടയാളവും അവരെ ചിന്താകുലരാക്കും. കൃഷ്ണന്റെ രഥമവിടെക്കണ്ടപ്പോള്‍ ഭക്ത്യാവേശിതരായി. എന്നാല്‍ അവര്‍ക്ക് കൃഷ്ണനെ കാണാന്‍ കഴിഞ്ഞില്ല. ഇച്ഛാഭംഗത്താലവര്‍ സ്വയം മറന്നു! ഉദ്ധവരുടെ സാരഥിയെ തല്ലാന്‍ തക്കവിധം അവര്‍ ആലോചനാരഹിതമായിപ്പോയി. അവസാനം ഉദ്ധവരെക്കണ്ടപ്പോള്‍ സന്തുഷ്ടരായി. ഭഗവദ്ദര്‍ശനം കൊതിച്ചിരിക്കുന്ന ഭക്തന്മാര്‍ക്ക് രൂപസാദൃശ്യമുള്ള ആളെക്കണ്ടാല്‍മതി പ്രതീക്ഷിയുണ്ടാകും. അതാണ് ഉദ്ധവരെക്കണ്ടപ്പോള്‍ ഗോപികമാര്‍ കോപമടക്കി എന്നു പറഞ്ഞതിന്റെ സാരം!

തുടര്‍ന്ന് അവര്‍ കുശലപ്രശ്‌നാദികളില്‍ മുഴുകി. ഓരോരുത്തരും സ്വകാര്യമായി കൃഷ്ണക്ഷേമമന്വേഷിച്ചു. ഈശ്വരാന്വേഷണമെന്നും സ്വകാര്യമാണ്! ഇതരന്മാര്‍ക്ക് കൈവല്യം നേടാനല്ല, തങ്ങളുടെ സായൂജ്യസാദ്ധ്യതയാരായാനാണ് ഭക്തന്മാര്‍ എപ്പോഴും ശ്രിമിക്കുക!

പിന്നീട് ഉദ്ധവര്‍ രാധയുടെ അടുക്കലാണെത്തിയത്. അവളാകട്ടെ, കൃഷ്ണവിരഹാര്‍ത്തരായി, നെടുനിശ്വാസത്തോടെ ഇരിക്കുകയായിരുന്നു. ഭഗവദ്‌വിരഹിയായ ഭക്തന്റെ സ്വാഭാവികാവസ്ഥയാണത്. ‘യാതൊന്നുകണ്ടതതു നാരായണപ്രതിമ’യെന്നു കരുതുന്ന ഭക്തന് അതിന്നു വിഘ്‌നംവന്നാല്‍ വല്ലാത്ത അസ്വസ്ഥതയാണ്. ഒരു നിമിഷമെങ്കില്‍ ഒരു നിമിഷം നേരത്തേ ഭഗവത്‌സന്നിധിപൂകുകയാണ് ഭക്തന്റെ ആഗ്രഹം! കടലിനോടടുക്കുമ്പോള്‍ പുഴയ്ക്കുള്ള ആവേശമാണപ്പോള്‍! ഏതെങ്കിലും സംഭവങ്ങളാകുന്ന മണ്‍തുരുത്തുകള്‍ തടസ്സംനിന്നാല്‍ ‘കുന്നില്‍ത്തടഞ്ഞ പുഴ’പോലെ കുഴങ്ങിപ്പോകും. ആ രീതിയിലായിരുന്നു രാധയുടെ മാനസികാവസ്ഥ! യമുനാശീകരവായുവിനും തീരസ്ഥകദളീവനക്കുളിര്‍മയ്ക്കും ചന്ദനച്ചാറിന്റെ ശീതളത്വത്തിനും അവളുടെ ചുട്ടുനീറുന്ന വിരഹാഗ്നിയെ ശമിപ്പിക്കാനായില്ല! ഈശ്വരദര്‍ശനം കൊതിച്ച്, ജപതപാദികളുമായി കഴിയുന്നൊരാള്‍ക്ക് തദ്ദര്‍ശനമൊഴിഞ്ഞു മറ്റൊന്നും പരിഹാരമാവുകയില്ല! രാധകൃഷ്ണാഗമനം മാത്രം കൊതിച്ചുകൊണ്ട് പ്രാണന്‍ ധരിക്കുകയായിരുന്നു. ജീവിച്ചിരിക്കുന്നതിന് ഒരേ ഒരു ലക്ഷ്യംമാത്രമേ ഇവള്‍ക്കുണ്ടായിരുന്നുള്ളൂ – ഭഗവദ്ദര്‍ശനം! ഈ ഉദ്ദേശ്യം ഭക്തന്റേതാണ്. ഭക്തന്റേതുമാത്രമാണ്! ഉദ്ധവരെ സ്വീകരിച്ച് ആതിഥ്യമര്യാദപൂര്‍വം അര്‍ഘ്യപാദ്യാദികള്‍ നല്‍കുമ്പോഴും, രാധ ‘കൃഷ്ണാ! കൃഷ്ണാ!!’ എന്നു വിലപിച്ചുകൊണ്ടേയിരുന്നു. രാധയ്ക്ക് എല്ലാം കൃഷ്ണമയം! ‘അഖിലം ഞാനിതെന്നപടി തോന്നേണമേ വരദ!’ എന്ന പ്രാര്‍ത്ഥനയിലെപ്പോലെ ഏതിലും കൃഷ്ണനെക്കാണാന്‍ അവര്‍ വെമ്പി!

രാധാദര്‍ശനം ഉദ്ധവരില്‍ അതിയായ ആനന്ദമുളവാക്കി. രുഗ്മിണി, സത്യഭാമ തുടങ്ങിയ പട്ടമഹിഷിമാരില്‍നിന്നെല്ലാം വ്യത്യസ്തയാണ് രാധ എന്ന് അദ്ദേഹം മനസ്സിലാക്കിയത്. ഉദ്ധവര്‍ രാധാകൃഷ്ണന്മാരെ പ്രപഞ്ചാധാരശക്തികളായി മനസ്സിലാക്കി. ഭാരതത്തിലെ അര്‍ദ്ധനാരീശ്വരസങ്കല്പത്തിന് സദൃശമായ കല്പനയാണിത്. ‘ കൃഷ്ണ:സ്വയം ബ്രഹ്മഃപരം പുരാണോ’ എന്ന സ്തുതിയിലെ പൊരുള്‍ ഇത് വ്യക്തമാക്കുന്നു. ‘പരസ്പരം സന്ധിതവിഗ്രഹാഭ്യാം നമോ യുവാഭ്യാം ഹരിരാധികാഭ്യാം’ എന്ന പദങ്ങള്‍ രാധാകൃഷ്ണന്മാരുടെ അഭിന്നത വിശദമാക്കുന്നു. ഭക്തിയുടെ ഉദാത്ത നിലയില്‍, ‘ത്വമേവാഹം’ എന്ന രീതിയില്‍, രണ്ടും രണ്ടല്ലാതെ ‘ഏകമേവാദ്വയം’ എന്നായി ഭവിക്കുന്നു.

ശ്രീകൃഷ്ണസന്ദേശം വായിച്ചുകൊണ്ടിരുന്ന രാധ, ഉദ്ധവസാന്നിദ്ധ്യത്തില്‍ത്തന്നെ, മോഹാലസ്യപ്പെട്ടുവീണു. അവളുടെ കൃഷ്ണഭക്തിയോര്‍ത്തും തല്‍ക്കാലീനന്ദദുഃഖമോര്‍ത്തും ഗോപികമാരും ഉദ്ധവരും കണ്ണീരണിഞ്ഞുപോയി. ആ കണ്ണീര്‍ ചാലുകളായി ഒഴുകിയിറങ്ങി. ഒന്നിച്ചുകൂടി ഒരു സരസ്സായിമാറി. അതാണ് പ്രസിദ്ധമായ ലീലാസരോവരം! താമരപ്പൂക്കളോടുകൂടിയ ആ സരസ്സില്‍ സ്‌നാനം ചെയ്യുകയോ അതിനെ കാണുകയെങ്കിലുമോ ചെയ്യുന്നവര്‍ക്ക് മോക്ഷം സുനിശ്ചിതമത്രേ! രാധാഭക്തി അറിയുകയും അതിലഭിരമിക്കുകയും ചെയ്യുന്ന ഭക്തന്‍ സംസാരമുക്തനാകുമെന്നുസാരം! ആവിധം ആര്‍ദ്രമാകുന്ന മനസ്സ് നിഷ്‌കളഭക്തിയുടേതാണ്. എങ്കില്‍പ്പിന്നെ മോക്ഷം ലഭിക്കാതിരിക്കുമോ?

മയില്‍പ്പേട കാര്‍മേഘത്തെയും ചകോരം ചന്ദ്രനേയും കാത്തിരിക്കുന്നതുപോലെ കൃഷ്ണനെയും കാത്തുകാത്തിരിക്കുന്ന രാധാചിത്രം ഭക്തിയുടെ നിറവായിതെളിഞ്ഞുനില്ക്കുന്നു. വേനല്‍ക്കാലം മുഴുവന്‍ ദാഹാര്‍ത്തമായിക്കഴിയുന്ന മയൂരം മഴമേഘം കാക്കുന്നപോലെ ഭഗവദ്ദര്‍ശനം കൊതിച്ച് രാധ (ഭക്തന്‍) കഴിയുന്നു. പകലാകെ കാത്തിരുന്ന് ചാന്ദ്രദര്‍ശനം ആഗ്രഹിക്കുന്ന ചകോരിയെപ്പോലെ രാധാമാനസം (ഭക്തമാനസം) ഈശ്വരദര്‍ശനത്തിന് കൊതിച്ചു. ദൈ്വതഭാവത്തില്‍ ഭഗവാനും ഭൃത്യനുമെന്ന നിലയിലാരംഭിക്കുന്ന ഭക്തി’ അദൈ്വതത്തിലെ അഭിന്നഭാവത്തിലുയര്‍ന്നെത്തുന്ന ഭക്തി എന്ന അസാധാരണത്വം രാധാഭക്തിയില്‍ കാണാം. ശ്രീകൃഷ്ണനെ രാധാസമീപമെത്തിക്കാമെന്ന വാഗ്ദാനവും നല്കി ഉദ്ധവര്‍ മഥുരയിലേക്കു മടങ്ങി. ഈശ്വരസാക്ഷാത്ക്കാരംനേടി ഭക്തന്‍ സായൂജ്യമാളുമെന്ന ധ്വനിയാണ് ഈ വാഗ്ദാനത്തിലനുരണനം ചെയ്യുന്നത്.

കൂടുതല്‍ വാര്‍ത്തകള്‍ - സനാതനം