ലാവ്‌ലിന്‍കേസ് നിയമദുരന്തമായി

November 5, 2013 എഡിറ്റോറിയല്‍,പ്രധാന വാര്‍ത്തകള്‍

Editorial-lavlin-pbകേരള രാഷ്ട്രീയത്തിന്റെ ദിശ നിര്‍ണയിച്ച എസ്.എന്‍.സി ലാവ്‌ലിന്‍കേസില്‍ സി.പി.എം സംസ്ഥാനസെക്രട്ടറി പിണറായി വിജയന്‍ ഉള്‍പ്പെടെ ആറു പ്രതികളുടെ വിടുതല്‍ ഹര്‍ജി അനുവദിച്ചുകൊണ്ടുള്ള സി.ബി.ഐ കോടതിയുടെ ഉത്തരവ് നിഷ്പക്ഷമതികളെ ഞെട്ടിച്ചിരിക്കുകയാണ്. സി.ബി.ഐയുടെ വിശ്വാസ്യതയെ തന്നെ ചോദ്യചെയ്യുന്ന തരത്തിലാണ് വിധിയുണ്ടായിരിക്കുന്നത്. സാധാരണ ഒരുകേസില്‍ വിചാരണ കഴിഞ്ഞശേഷമാണ് പ്രതികളെ കുറ്റവിമുക്തനാക്കുന്നത്. എന്നാല്‍ ഈ കേസില്‍ അന്വേഷണം നീണ്ടുപോയതോടെയാണ് പിണറായി അടക്കമുള്ളവര്‍ വിടുതല്‍ ഹര്‍ജി നല്‍കിയത്. വിചാരണ നടന്നിരുന്നുവെങ്കില്‍ ഒരുപക്ഷേ കേസിന്റെ ഗതി മറ്റൊന്നാകുമായിരുന്നു.

കോടതിക്കു മുന്നിലെത്തിയ തെളിവുകളുടെയും സാക്ഷിമൊഴികളുടെയും രേഖകളുടെയും അടിസ്ഥാനത്തിലാണ് വിധിയുണ്ടായിരിക്കുന്നത്. ഈ കേസ് അട്ടിമറിക്കപ്പെടുമെന്ന് നേരത്തേ ഉണ്ടായിരുന്ന അനുമാനം ശരിയാണെന്ന് ഇപ്പോള്‍ തെളിഞ്ഞിരിക്കുകയാണ്. വിചാരണവേളയില്‍ കോടതി സി.ബി.ഐയ്‌ക്കെതിരെ രൂക്ഷവിമര്‍ശനം നടത്തിയിരുന്നു. സി.ബി.ഐയുടെ കുറ്റപത്രവും കോടതി മടക്കിയെന്നത് ഭാരതത്തിലെ ഏറ്റവും വിശ്വാസിയോഗ്യമായ അന്വേഷണഏജന്‍സിക്കേറ്റ കനത്ത ആഘാതമാണ്. ഒരുപക്ഷേ സി.ബി.ഐയുടെ ചരിത്രത്തില്‍ ഇതുപോലെ ഒരു പ്രഹരമേറ്റിട്ടുണ്ടാവില്ല.

ഈ കേസില്‍ കോടതി ഉന്നയിച്ച പല പരാമര്‍ശങ്ങളും ശ്രദ്ധേയമാണ്. 1996ല്‍  ഉണ്ടാക്കിയ കരാറില്‍ എങ്ങനെയാണ് 97-ല്‍ മന്ത്രിയായ പിണറായി വിജയന്‍ ഗൂഢാലോചനനടത്തിയെന്ന് സി.ബി.ഐ പറയുന്നില്ലെന്നും ലാവ്‌ലിന്‍കമ്പനി മലബാര്‍ ക്യാന്‍സര്‍ സെന്ററിന് ധനസഹായം നല്‍കാമെന്ന് ഒരിടത്തുപോലും പറഞ്ഞിട്ടില്ലെന്നും കോടതി വിചാരണയ്ക്കിടയില്‍ ചൂണ്ടിക്കാട്ടിയത് ശ്രദ്ധേയമാണ്. കോടതി ഉയര്‍ത്തിയ മറ്റൊരു പരാമര്‍ശമാണ് ഈ കേസില്‍ അട്ടിമറി നടന്നുവെന്ന് വിചാരിക്കാന്‍ കാരണം. സ്വകാര്യ ലാഭമുണ്ടാക്കുന്നതിന് നിയമവിരുദ്ധമായ കരാര്‍ ലാവ്‌ലിന്‍കമ്പനിയുമായി ഉണ്ടാക്കിയതെന്ന ആരോപണമല്ലേ കുറ്റപത്രത്തില്‍ വരേണ്ടിയിരുന്നതെന്നാണ് കോടതി ചോദിച്ചത്. പിണറായി വിജയന്‍ വ്യക്തിപരമായി പണം കൈപ്പറ്റിയതായി സി.ബി.ഐയ്ക്കുപോലും പരാതിയില്ലല്ലോ എന്നും കോടതി ചൂണ്ടിക്കാട്ടി. ജി.കാര്‍ത്തികേയന്‍ മന്ത്രിയായിരുന്നപ്പോഴാണ് കരാറുണ്ടാക്കിയത്. എന്നാല്‍ കാര്‍ത്തികേയനെ കേസില്‍ ഉള്‍പ്പെടുത്താത്തത് വിവാദമായിരുന്നു. ഇതും കുറ്റപത്രം നിരസിക്കുന്നതിന് കാരണമായി.

പിണറായി വിജയനെ രക്ഷിക്കാന്‍ സി.ബി.ഐ സൃഷ്ടിച്ച തിരക്കഥയാണോ കുറ്റപത്രമെന്നാണ് സംശയിക്കേണ്ടത്. ഇക്കാര്യത്തില്‍ കേരളത്തിലെ ഇടതുവലതുമുന്നണികള്‍ തമ്മില്‍ ഗൂഢാലോചന നടന്നോ എന്നും സംശയമുണ്ട്. രാഷ്ട്രീയ നേട്ടങ്ങള്‍ക്കുവേണ്ടി അഴിമതിക്കേസുകള്‍ ഭരണപക്ഷവും പ്രതിപക്ഷവും തമ്മില്‍ പരസ്പരധാരണയോടുകൂടി അട്ടിമറിക്കുന്നത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും. പൊതുജീവിതത്തില്‍ സംശുദ്ധി നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയും അഴിമതി പിടിമുറിക്കിക്കൊണ്ടിരിക്കുകയും ചെയ്യുന്ന ഒരു ഘട്ടത്തില്‍ ഇത്തരത്തില്‍ ഒത്തുതീര്‍പ്പുകള്‍ക്ക് കാലം മാപ്പുനല്‍കില്ല.

പള്ളിവാസല്‍, ചെങ്കുളം, പന്നിയാര്‍ ജലവൈദ്യുതിപദ്ധതികളുടെ പുനരുദ്ധാരണത്തിനാണ് ലാവ്‌ലിനുമായി കരാറിലേര്‍പ്പെട്ടത്. ഇതില്‍ 370കോടിയോളം രൂപ നഷ്ടം സംഭവിച്ചുവെന്നാണ് ഉയര്‍ന്ന ആരോപണം. ഈ കരാര്‍ ഒപ്പിടുമ്പോള്‍ പകരമായി മലബാര്‍ ക്യാന്‍സര്‍ സെന്ററിന് 98.3കോടി രൂപ ഗ്രാന്റായി നല്‍കാമെന്നാണ് ഉറപ്പുനല്‍കിയത്. ഇതില്‍ 89.32കോടി രൂപ നഷ്ടമായെന്നാണ് സി.ഐ.ജി കണ്ടെത്തിയത്. ഈ കണ്ടെത്തലിനെ തുടര്‍ന്നാണ് ലാവ്‌ലിന്‍കേസുതന്നെ ഉടലെടുത്തത്. ഇത് സി.പി.എമ്മിലെ ആഭ്യന്തരരാഷ്ട്രീയത്തില്‍ വന്‍ പ്രത്യാഘാതത്തിനു വഴിവച്ചു. വി.എസ്.അച്യുതാനന്ദന്‍ ലാവ്‌ലിന്‍ ഇടപാടില്‍ അഴിമതിനടന്നുവെന്നു പറഞ്ഞുകൊണ്ട് പോരാട്ടത്തിന് ഇറങ്ങിയതോടെയാണ് സി.പി.എമ്മിലെ ആഭ്യന്തരകലഹം വിഴിപ്പലക്കായി മാറിയത്.

സി.എ.ജി കണ്ടെത്തിയ ഒരഴിമതിക്കേസിലെ കുറ്റപത്രംതന്നെ കോടതി മടക്കുന്നത് ഒരുപക്ഷേ ആദ്യമാണ്. ഇതില്‍നിന്നുതന്നെ സി.ബി.ഐ യെ ഏതോ കറുത്തകരങ്ങള്‍ വരിഞ്ഞുമുറുക്കിയെന്നു വ്യക്തമാണ്. പിണറായി വിജയന്റെ രാഷ്ട്രീയജീവിതത്തെക്കാള്‍ വലുതാണ് കേരളത്തിന്റെ സംശുദ്ധമായ പൊതുജീവിതം. അതുകൊണ്ടുതന്നെ അഴിമതി ചെയ്തിട്ടുണ്ടെങ്കില്‍ അത് പുറത്തുകൊണ്ടുവരേണ്ടത് ധാര്‍മ്മികമായ കടമയുമാണ്. ഇതിനൊക്കെ ഉത്തരം വരുംനാളുകളില്‍ ഉണ്ടെന്നു പ്രതീക്ഷിക്കാം.

പൊതു ഖജനാവില്‍ നഷ്ടപ്പെട്ട പണത്തെ സംബന്ധിച്ച് ആരും ഒന്നും പറയുന്നില്ല. ഈ കേസ് പുറത്തുവരുമ്പോള്‍ ഭാരതത്തില്‍ അന്നുവരെയുണ്ടായിട്ടുള്ളതില്‍വച്ച് ഏറ്റവും വലിയ അഴിമതിക്കേസായിരിന്നു ഇത്. അതുകൊണ്ടുതന്നെ നഷ്ടപ്പെട്ട തുക എവിടെപ്പോയി എന്നു കണ്ടെത്താനുള്ള ബാദ്ധ്യതയും ഭരണകൂടത്തിനല്ലെങ്കില്‍ നിയമവ്യവസ്ഥയ്ക്കുണ്ട്.

കൂടുതല്‍ വാര്‍ത്തകള്‍ - എഡിറ്റോറിയല്‍