വ്യാവസായിക ഐ.ടി. മേഖലയ്ക്ക് അനുയോജ്യമായി പാഠ്യപദ്ധതി പരിഷ്‌ക്കരിക്കണം -മുഖ്യമന്ത്രി

November 6, 2013 കേരളം

തിരുവനന്തപുരം: വ്യാവസായിക ഐ.ടി. മേഖലകളുടെ മാറുന്ന സാഹചര്യങ്ങള്‍ക്ക് അനുയോജ്യമായി പാഠ്യപദ്ധതി പരിഷ്‌ക്കരിക്കണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. കേവലം പരീക്ഷ ജയിക്കാന്‍ വിദ്യാര്‍ത്ഥികളെ പ്രാപ്തരാക്കുന്നതിലുപരി തൊഴില്‍ നേടാന്‍ നൈപുണ്യമുള്ളവരാക്കണമെന്നും അദ്ദേഹം പറഞ്ഞു. ഉന്നത വിദ്യാഭ്യാസ വകുപ്പും പൊതു വിദ്യാഭ്യാസ വകുപ്പും സംയുക്തമായി സംഘടിപ്പിക്കുന്ന ദ്വിദിന ബിസിനസ്സ് മീറ്റ് സീക്ക്-13 ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കേരളത്തിലെ വിദ്യാര്‍ത്ഥികള്‍ പഠിക്കാന്‍ സമര്‍ത്ഥരാണ്. കഴിവുള്ള വരുമാണ്. എന്നാല്‍ ജോലിയുമായി ബന്ധപ്പെടുന്ന കാര്യത്തില്‍ പോരായ്മകളുണ്ടാവുന്നു. ഇത് പരിഹരിച്ച് തൊഴില്‍ നേടാന്‍ സഹായിക്കുന്ന പദ്ധതികളാണ് സര്‍ക്കാര്‍ നടപ്പിലാക്കുന്നത്. 2004 -ല്‍ മുഖ്യമന്ത്രിയായിരുന്ന കാലത്ത് ടെക്‌നോപാര്‍ക്കില്‍ സൗഹൃദ സന്ദര്‍ശനം നടത്തിയപ്പോള്‍ മലയാളിയല്ലാത്ത ഒരു സി.ഇ.ഒ. പറഞ്ഞകാര്യം മുഖ്യമന്ത്രി വിവരിച്ചു. തങ്ങള്‍ തദ്ദേശിയരായ യുവാക്കളെ നിയമിക്കാനാണ് ശ്രമിക്കുന്നത്. എന്നാല്‍ അനുയോജ്യരായവരെ കിട്ടാനില്ല എന്ന് പറഞ്ഞത് തന്നെ അത്ഭുതപ്പെടുത്തിയെന്നും മുഖ്യമന്ത്രി പറഞ്ഞു. ദീര്‍ഘവീക്ഷണമില്ലാത്ത പദ്ധതികള്‍ കാരണമാണ് ഇത്തരം സ്ഥിതി ഉണ്ടാവുന്നത്. സര്‍ക്കാര്‍ നടപ്പിലാക്കുന്ന അസാപ് പദ്ധതി തൊഴില്‍ നേടാന്‍ യുവാക്കളെ പ്രാപ്തരാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

അസാപ് പദ്ധതി സ്‌കൂളുകളിലും കോളേജുകളിലും വ്യാപിപ്പിക്കുമെന്ന് അധ്യക്ഷത വഹിച്ച മന്ത്രി പി.കെ.അബ്ദൂറബ്ബ് പറഞ്ഞു. അസാപ് റിപ്പോര്‍ട്ട് മുഖ്യമന്ത്രിയ്ക്ക് നല്‍കി വിദ്യാഭ്യാസ മന്ത്രി പ്രകാശനം ചെയ്തു. ആസൂത്രണ ബോര്‍ഡ് അംഗം വിജയരാഘവന്‍ ഉന്നത വിദ്യാഭ്യാസ അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ.കെ.എം.അബ്രഹാം, ഹയര്‍സെക്കന്‍ഡറി ഡയറക്ടര്‍ കേശവേന്ദ്രകുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. അസാപ് വീഡിയോ പ്രദര്‍ശനം, വിദേശബന്ധങ്ങള്‍, നിയമസഭാസാമാജികര്‍ക്കുള്ള സെഷന്‍ എന്നീ സെഷനുകള്‍ക്ക് ശേഷം മസ്‌ക്കറ്റ് ഹോട്ടലില്‍ ഇന്‍ഡസ്ട്രി ബിസിനസ് ഇന്ററാക്ഷന്‍, പ്രോഗ്രാം പ്രസന്റേഷന്‍, ഇ-ടെണ്ടര്‍ പ്രോസസ് എന്നിവയും നടന്നു.

 

 

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം