പുതിയ പാലങ്ങള്‍ക്കടിയില്‍ തടയണകള്‍ നിര്‍ബന്ധമാക്കും: ജലവിഭവമന്ത്രി

November 7, 2013 കേരളം

തിരുവനന്തപുരം: സംസ്ഥാനത്ത് പുതുതായി അനുവദിക്കുന്ന പാലങ്ങളുടെ അടിയില്‍ തടയണകള്‍കൂടി നിര്‍മ്മിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അതിനാവശ്യമായ തുക ജലസേചനവകുപ്പ് നല്‍കാനാണുദ്ദേശിക്കുന്നെതന്നും ജലവിഭവ വകുപ്പ്മന്ത്രി പി.ജെ.ജോസഫ് പറഞ്ഞു. റോഡ്‌വികസനത്തിനായുള്ള പുത്തന്‍ മാതൃകകള്‍ എന്ന വിഷയത്തെ അധികരിച്ച് പൊതുമരാമത്ത് വകുപ്പും കേസരി സ്മാരക ജേര്‍ണലിസ്റ്റ് ട്രസ്റ്റും സംയുക്തമായി സംഘടിപ്പിച്ച ദ്വിദിനസെമിനാറിന്റെ സമാപന ചടങ്ങില്‍ മുഖ്യപ്രഭാക്ഷണം നടത്തുകയായിരുന്നു അദ്ദേഹം.

അടിസ്ഥാന സൗകര്യവികസനം ഉറപ്പാക്കുന്നതില്‍ റോഡുകള്‍ക്കും പാലങ്ങള്‍ക്കുമുള്ള സ്ഥാനം വളരെ വലുതാണ്. കേരളത്തിന്റെ കാലാവസ്ഥവച്ച് നോക്കുമ്പോള്‍ പരമ്പരാഗതശൈലി മാറ്റിവച്ച് ബിഎം &ബിസി പോലുള്ള നൂതനസാങ്കേതികവിദ്യകള്‍തന്നെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്കായി നാം ഉപയോഗിക്കേണ്ടിയിരിക്കുന്നു. പഴയ റോഡുകളും പാലങ്ങളും നവീകരിക്കുകയും നഗരങ്ങളില്‍ പുതിയ മേല്‍പ്പാലങ്ങളും അടിപ്പാതകളും നിര്‍മ്മിക്കുകയും വേണം. വികസനകാര്യത്തില്‍ പുതിയ ലക്ഷ്യങ്ങള്‍ നേടാന്‍ കാത്തിരിക്കുന്ന സന്ദര്‍ഭത്തില്‍ ഇത്തരം സെമിനാറുകള്‍ക്ക് പ്രസക്തിയേറുന്നതായും മന്ത്രി പറഞ്ഞു. അടിസ്ഥാനസൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതില്‍ മുന്തിയപരിഗണനയാണ് വകുപ്പ് നല്‍കിവരുന്നതെന്ന് ചടങ്ങിന് അദ്ധ്യക്ഷത വഹിച്ച പൊതുമരാമത്ത്‌വകുപ്പ് മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞ് പറഞ്ഞു. മോണോറയിലും, കെഎസ്ടിപി രണ്ടാംഘട്ടപ്രവര്‍ത്തനങ്ങളും, സ്പീഡ് കേരള പദ്ധതിയും ആ ലക്ഷ്യത്തിലേക്കുള്ള കാല്‍വെയ്പുകളാണ്. സെമിനാറില്‍ ഉരുത്തിരിഞ്ഞുവരുന്ന ആശയങ്ങളും നിര്‍ദേശങ്ങളും ഈ മേഖലയില്‍ കേരളത്തിന് മുതല്‍ക്കൂട്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2012 ല്‍ നടന്ന അടിസ്ഥാനസൗകര്യ വികസന സെമിനാറിന്റെ ഭാഗമായി ക്രോഡീകരിച്ച കണ്ടെത്തലുകളുടെ പുസ്തകരൂപം പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി ടി.ഒ സൂരജിന് നല്‍കി മന്ത്രി പി.ജെ. ജോസഫ് പ്രകാശനം ചെയ്തു. കെ.യു.ഡബ്‌ള്യൂ.ജെ വൈസ്പ്രസിഡന്റ് കെ.എന്‍.സാനു സ്വഗതം ആശംസിച്ച ചടങ്ങിന് കേസരി മെമ്മോറിയല്‍ ജേര്‍ണലിസ്റ്റ് ട്രസ്റ്റ് ട്രഷറര്‍ പി ശ്രീകുമാര്‍ നന്ദി പറഞ്ഞു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം