പദ്ധതിനടത്തിപ്പില്‍ കാലതാമസം ഒഴിവാക്കണം:ആര്യാടന്‍ മുഹമ്മദ്

November 7, 2013 കേരളം

തിരുവനന്തപുരം: കാലതാമസം ഒഴിവാക്കി ദീര്‍ഘവീക്ഷണത്തോടുകൂടിയ പദ്ധതിനടത്തിപ്പാണ് കേരള സംസ്ഥാനത്തിനാവശ്യമെന്ന് ഗതാഗതവകുപ്പ് മന്ത്രി ആര്യാടന്‍ മുഹമ്മദ് പറഞ്ഞു. പദ്ധതി ആസൂത്രണത്തിന്റെ വിവിധ ഘട്ടങ്ങളില്‍ ഉണ്ടാകുന്ന അനാവശ്യമായ സാങ്കേതികതടസ്സങ്ങള്‍ ഒഴിവാക്കണം. പരിസ്ഥിതിസൗഹൃദ നിര്‍മാണപ്രവര്‍ത്തനങ്ങളാണ് കാലഘട്ടത്തിനാവശ്യം. പൊതുമരാമത്ത് വകുപ്പിന് ഈ രംഗത്ത് ഏറെ സാധ്യതകളുണ്ട്. ഗ്രീന്‍ ടെക്‌നോളജി ലോകത്തിന്റെ തന്നെ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

റോഡ് വികസനത്തിന് നൂതന പ്രവര്‍ത്തനങ്ങള്‍ക്കായി പൊതുമരാമത്ത് വകുപ്പും കേസരി മെമ്മോറിയല്‍ ജേണലിസ്റ്റ് ട്രസ്റ്റും സംയുക്തമായി പി.ഡബ്ല്യു.ഡി. റെസ്റ്റ് ഹൗസില്‍ സംഘടിപ്പിച്ച പെര്‍സ്പക്ടീവ് 2013 സെമിനാറിന്റെ പ്ലീനറിസെഷനില്‍ അദ്ധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.കെ ഇബ്രാഹിംകുഞ്ഞ് ചടങ്ങില്‍ സംബന്ധിച്ചു. സിവില്‍ എന്‍ജനീയറിങ്ങിന്റെ വിവിധ മേഖലകളിലെ യോജിച്ചുള്ള പ്രവര്‍ത്തനത്തിനായി, തിരുവനന്തപുരം ഗവ: എന്‍ജനീയറിങ് കോളേജും കേരള ഹൈവേ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടും തമ്മില്‍ ധാരണാ പത്രം ചടങ്ങില്‍ ഒപ്പുവച്ചു. കെ.എച്ച്.ആര്‍.ഐ ചീഫ് എന്‍ജിനീയര്‍ സുന്ദരവും സി.ഇ.റ്റി പ്രിന്‍സിപ്പാല്‍ ഡോ.എസ്.ഷീലയും ഉടമ്പടിയില്‍ ഒപ്പുവച്ചു. ഗ്രീന്‍ ടെക്‌നോളജി- കാലത്തിന്റെ ആവശ്യം എന്ന വിഷയത്തില്‍ സെഷന്‍ സംഘടിപ്പിച്ചു. റോഡ്‌സ് ആന്‍ഡ് ബ്രിഡ്ജസ് ചീഫ് എഞ്ചിനീയര്‍ പി.കെ.സതീശന്‍, കെ.ആര്‍.എഫ്.ബി. ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഹരികേഷ് പി.സി എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം