സാമ്പത്തികമേഖല സമ്പന്നമാക്കുന്നതില്‍ സഹകരണ പ്രസ്ഥാനങ്ങള്‍ക്ക് മുഖ്യപങ്ക്: സ്പീക്കര്‍

November 7, 2013 കേരളം

തിരുവനന്തപുരം: കേരളത്തിന്റെ സാമ്പത്തിക മേഖലയെ സമ്പന്നമാക്കുന്നതില്‍ സഹകരണപ്രസ്ഥാനങ്ങള്‍ക്ക് പ്രമുഖ പങ്കുണ്ടെന്ന് സ്പീക്കര്‍ ജി.കാര്‍ത്തികേയന്‍. ഉഴമലയ്ക്കല്‍ ഹൗസിങ് സഹകരണ സംഘം നിര്‍മ്മിച്ച പുതിയ ഇരുനിലമന്ദിരത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു. അദ്ദേഹം.

സാധാരണക്കാരന്റെ സാമ്പത്തിക പരാധീനതകള്‍ക്ക് സഹകരണ സംഘങ്ങളാണ് ആശ്വാസമാകുന്നത്. സമൂഹത്തിലെ വിവിധ മേഖലകളിലുള്ള സഹകരണപ്രസ്ഥാനങ്ങളെല്ലാം വിശ്വാസം എന്ന അടിസ്ഥാന തത്വത്തിലാണ് മുന്നോട്ട് പോകുന്നതെന്നും അദ്ദേഹം പറഞ്ഞു. നെടുമങ്ങാട് താലൂക്കിന്റെ പ്രവര്‍ത്തനപരിധിയില്‍ വരുന്ന ഉഴമലയ്ക്കല്‍ ഹൗസിംഗ് സഹകരണ സംഘത്തിന്റെ പുതിയ മന്ദിരത്തോടൊപ്പം കൗണ്ടര്‍,സ്വര്‍ണ്ണവായ്പ,കമ്പ്യൂട്ടര്‍വത്കരണം എന്നിവയും ഉദ്ഘാടനം ചെയ്തു. ഒറ്റമുറി കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന സഹകരണസംഘത്തിന് പുതിയ മന്ദിരവും കൗണ്ടറും ലഭിച്ചതോടെ തിരക്കുള്ള സമയങ്ങളില്‍ സ്ഥലപരിമിധി മൂലം ബുദ്ധിമുട്ടിയിരുന്ന ഉപഭോക്താക്കള്‍ക്ക് ആശ്വാസമാകും. ചടങ്ങില്‍ 10 നിര്‍ദ്ധനരായ രോഗികള്‍ക്ക് ചികിത്സാ ധനസഹായം നല്‍കി.

ഉഴമലയ്ക്കല്‍ പഞ്ചായത്തിലെ പ്രമുഖ സ്വാതന്ത്ര്യ സമരസേനാനി ഇബ്രാഹിംപിള്ള,മുതിര്‍ന്ന സഹകാരി തോളൂര്‍.ജി.ബാലകൃഷ്ണന്‍, ആര്യനാട് ആശുപത്രിയില്‍ സേവനമനുഷ്ഠിക്കുന്ന ഡോ.അഷ്ഖര്‍ഖാ എന്നിവരെ ചടങ്ങില്‍ ആദരിച്ചു. എന്‍ട്രന്‍സ്, പ്ലസ്ടു പരീക്ഷകളില്‍ ഉന്നതവിജയം നേടിയ സംഘാംഗങ്ങളുടെ കുട്ടികള്‍ക്ക് ക്യാഷ് അവാര്‍ഡുകള്‍ വിതരണം ചെയ്തു. ആസൂത്രണബോര്‍ഡ് അംഗം സി.പി.ജോണ്‍,കോ-ഓപ്പറേറ്റീവ് വെല്‍ഫേയര്‍ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ അഡ്വ.ജി.സുഗുണന്‍,ജില്ലാ സഹകരണ ബാങ്ക് പ്രസിഡന്റ് ഇ. ഷംസുദ്ദീന്‍ ,ഉഴമലയ്ക്കല്‍ പഞ്ചായത്ത് പ്രസിഡന്റ് ബി.ബി.സുജാത തുടങ്ങിയവര്‍ പങ്കെടുത്തു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം