ലക്ഷ്മണോപദേശം: ഉപദേശഭൂമിക

November 8, 2013 സനാതനം

സത്യാനന്ദസുധാ വ്യഖ്യാനം
ഡോ.പൂജപ്പുരകൃഷ്ണന്‍ നായര്‍
അദ്ധ്യായം – 1
ഉപദേശഭൂമിക

SLIDER-rama1ശ്രീരാമചന്ദ്രനെ യുവരാജാവായി വാഴിക്കാന്‍ അയോദ്ധ്യാധിപനായ ദശരഥന്‍ ആഗ്രഹിച്ചു. അഭിഷേകത്തിന്റെ നിശ്ചയത്തിനായി അദ്ദേഹം മഹാസഭ വളിച്ചുകൂട്ടി. പൗരജനങ്ങളും ഗ്രാമവൃദ്ധന്മാരും സമാന്തന്മാരും ബന്ധുജനങ്ങളും അഹമഹമികയാ അതില്‍ പങ്കുകൊണ്ടു. സദസ്സിനെ അഭിസംബോധന ചെയ്തുകൊണ്ട് ദുന്ദുഭിസ്വരത്തില്‍ ദശരഥന്‍ ഇങ്ങനെ പ്രഖ്യാപിച്ചു. സൂര്യവംശജരായ എന്റെ പൂര്‍വികന്മാര്‍ ശ്രദ്ധയോടെ സംരക്ഷിച്ച ഈ നാടിന്റെ ശ്രേയസ്സ് ഇനിയും വര്‍ദ്ധിപ്പിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. കാരണവന്മാരുടെ മാര്‍ഗ്ഗം എള്ളിടവിടാതെ പിന്‍തുടര്‍ന്ന ഞാന്‍ എങ്ങനെ നാടു സംരക്ഷിച്ചു എന്നു നിങ്ങള്‍ക്കറിവുള്ളതാണല്ലോ. ഈ വെണ്‍കൊറ്റക്കുടക്കീഴിലിരുന്ന് ലോകത്തെ രക്ഷിക്കാന്‍ ഞാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളേറെയായിരിക്കുന്നു. ഇന്നു ഞാന്‍ വൃദ്ധനാണ്. പരിക്ഷീണനുമാണ്. ഇനി എനിക്കു വേണ്ടത് അല്പം വിശ്രമം. അതിനാല്‍ ചന്ദ്രനെ പൂയം നക്ഷത്രത്തോടെന്നപോലെ ദേവേന്ദ്രനു സമനും ശത്രുക്കളെ ജയിക്കുന്നവനുമായ രാമനെ യുവരാജപദത്തോടിണക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഇതു യോഗ്യമെന്നു തോന്നുന്നുണ്ടെങ്കില്‍ സ്വീകരിക്കുക. അല്ലെങ്കില്‍ മറ്റു മാര്‍ഗ്ഗങ്ങള്‍ നിര്‍ദ്ദേശിക്കുക.

Swamiji Avatharika-pb

സ്വാമിജിയുടെ കൈപ്പട

ഇതുകേട്ട് മഹാസമുദ്രംപോലെ സദസ്സ് ഇളകിമറിഞ്ഞു. മയിലുകള്‍ മഴമേഘങ്ങളെയെന്നപോലെ സദസ്യര്‍ ചക്രവര്‍ത്തിയെ അഭിനന്ദിക്കുന്ന ഘോഷംകൊണ്ട് മഹാപര്‍വതങ്ങള്‍പോലും കുലുങ്ങി. കായാമ്പൂവിന്റെ നിറമുള്ളവനും ശത്രുക്കളെയെല്ലാം സംഹരിക്കുന്നവനുമായ രാമനെ യുവരാജാവായിക്കാണാന്‍ അവരുടെ കണ്ണുകള്‍ കൊതിച്ചു. ധര്‍മ്മജ്ഞനും സത്യസന്ധനും ശീലവാനും ജിതേന്ദ്രിയനും വീരാധിവീരനുമായ രാമനെ യുവരാജാവാക്കാന്‍ വൈകിക്കേണ്ട എന്ന് അവര്‍ ഏകകണ്ഠമായി ആവശ്യപ്പെട്ടു. ‘രാമന്‍ സത്പുരുഷനാണ്. സത്യസന്ധനാണ്. ഇക്ഷ്വാകുവംശജരില്‍ മുമ്പനായ രാമനില്‍നിന്നാണ് ഐശ്വര്യത്തോടൊപ്പം ധര്‍മ്മവും ജനിച്ചത്. പ്രജകളെ ആനന്ദിപ്പിക്കുന്ന കാര്യത്തില്‍ ചന്ദ്രതുല്യനും, ക്ഷമാശീലത്തില്‍ ഭൂമിദേവിയെപ്പോലും ജയിക്കുന്നവനും, ബുദ്ധിയില്‍ ബൃഹസ്പതിസമനും, വീരതയില്‍ ഇന്ദ്രസദൃശനും, അറിവുള്ളവരെ അനുസരിക്കുന്നവനും മൃദുലനും സ്ഥിരചിത്തനും, സര്‍വശാസ്ത്രപാരംഗതനും, വേദജ്ഞനും, സര്‍വാസ്ത്രവിശാരദനുമാണു രാമന്‍. ശത്രുക്കളില്‍ നിന്നു നാടിനെ രക്ഷിക്കാന്‍ ലക്ഷ്മണനേയും കൂട്ടി യുദ്ധത്തിനു പോകുന്ന രാമന്‍ ജയിക്കാതെ മടങ്ങി വരാറില്ല. വിജയശ്രീലാളിതനായി തിരിച്ചുവരുമ്പോള്‍പോലും ഞങ്ങളെ കാണുന്നമാത്രയില്‍ വാഹനത്തില്‍ നിന്നിറങ്ങി സ്വജനങ്ങളോടെന്നപോലെ കുശലം ചോദിക്കുന്നത് രാമന്റെ പതിവാണ്. രാമന്റെ കരങ്ങളില്‍ രാജ്യത്തിന്റെ ഭാവി സുരക്ഷിതമാണെന്ന് ഞങ്ങള്‍ ഉറച്ചു വിശ്വസിക്കുന്നു. അവര്‍ സഹര്‍ഷം രാജാവിനെ അറിയിച്ചു.

കാടുകളെ പൂവണിയിക്കുന്ന പുണ്യമായ ഈ ചൈത്രമാസത്തില്‍ത്തന്നെയാകട്ടെ രാമാഭിഷേകമെന്നു മഹാരാജാവ് കല്പിക്കുന്നതുകേട്ട് ജനങ്ങള്‍ സന്തോഷത്താല്‍ മതിമറന്നു. ദശരഥന്‍ രാമനെ സഭയിലേക്കുവരുത്തി അഭിഷേകനിശ്ചയം അറിയിച്ചു. ദശരഥന്‍ രാമനെ സഭയിലേക്കു വരുത്തി അഭിഷേകനിശ്ചയം അറിയിച്ചു. എപ്പോഴും സുപ്രസന്നമായിരിക്കുന്ന ആ മുഖം അപ്പോഴും തിളങ്ങി നിന്നു. ഭാവഭേദമൊന്നും ആ മുഖത്തു ദൃശ്യമായിരുന്നില്ല. അടുത്ത പുലരിയില്‍ ചന്ദ്രന്‍ പൂയത്തിലെത്തിച്ചേരുന്ന സന്മുഹൂര്‍ത്തം അഭിഷേകത്തിനായി തിരഞ്ഞെടുക്കപ്പെട്ടു. വസിഷ്ഠന്റെ ഉപദേശമനുസരിച്ച് സുമന്ത്രരുടെ നേതൃത്വത്തില്‍ അഭിഷേകത്തിനുള്ള ഒരുക്കങ്ങള്‍ തകൃതിയായി നടന്നു. ആനന്ദമത്തരായ ജനങ്ങള്‍ നഗരമലങ്കരിച്ച് സൂര്യോദയം പ്രതീക്ഷിച്ച് ഉത്സവത്തിമിര്‍പ്പിലാണ്ടു കുലഗുരുവിന്റെ നിര്‍ദ്ദേശം സ്വീകരിച്ച് ശ്രീരാമചന്ദ്രന്‍ സീതാദേവിയോടൊപ്പം ആ രാത്രി ഉപവസിച്ചു.

ഇങ്ങനെ അയോദ്ധ്യ ആനന്ദത്തില്‍ ആറാടുമ്പോള്‍ രാമാഭിഷേകവൃത്താന്തമറിഞ്ഞ മന്ഥര കോപാകുലയായി കൈകേയിയുടെ മുന്നിലെത്തി കേകയത്തുനിന്നു ആ രാജകുമാരിയോടൊപ്പം അയോദ്ധ്യയിലെത്തി. പാര്‍പ്പുറപ്പിച്ച ആ ജ്ഞാതിദാസി, രത്‌നപല്യങ്കത്തില്‍ സാമോദം വിശ്രമിക്കുന്ന കൈകേയിയെ വരാനിരിക്കുന്ന വിപത്തു ചൂണ്ടിക്കാട്ടി ഭയപ്പെടുത്താന്‍ ശ്രമിച്ചു. അതിനു കൈകേയി വഴങ്ങുന്നില്ലെന്നുകണ്ടു ഭത്സിക്കാനുമാരംഭിച്ചു. രാമന്റെ മംഗളവാര്‍ത്തയറിഞ്ഞു ആത്മാര്‍ത്ഥമായി സന്തോഷിച്ചു കൈകേയി സമ്മാനമായി നല്‍കിയ വിലയേറിയ രത്‌നഹാരംപോലും വലിച്ചെറിഞ്ഞ് അവള്‍ തന്റെ വാദകോലാഹലം തുടര്‍ന്നു. ഭരതനെക്കാളും തനിക്കിഷ്ടം രാമനെയാണെന്നു തറപ്പിച്ചുപറഞ്ഞ കൈകേയിയുടെ ഹൃദയത്തെ ഇളക്കിമറിക്കാന്‍ അവളുടെ ബുദ്ധികൗശലത്തിനു കഴിഞ്ഞു. മന്ഥരയുടെ ഉപദേശപ്രകാരം ചോദിക്കുന്നതെന്തും കൊടുക്കാമെന്നു ദശരഥനെക്കൊണ്ടു പ്രതിജ്ഞ ചെയ്യിച്ചശേഷം പണ്ടു പടക്കളത്തില്‍ വച്ചു തരാമെന്നേറ്റിരുന്ന രണ്ടുവരങ്ങള്‍ കൈകേയി ആവശ്യപ്പെട്ടു. രാമന്‍ പതിന്നാലുവര്‍ഷം കാട്ടില്‍ പാര്‍ക്കണം; ഭരതന്‍ നാടുവാഴുകയും വേണം. വാക്കുപാലിക്കാനും പാലിക്കാതിരിക്കാനും കഴിയാതെ രാജാവു കുഴഞ്ഞു വീഴുമ്പോഴും ദയയ്ക്കുവേണ്ടി കേണപേക്ഷിക്കുമ്പോഴും അവള്‍ അചഞ്ചലയായി തന്റെ ആവശ്യത്തില്‍ത്തന്നെ ഉറച്ചു നിന്നു. ദശരഥന്‍ തന്റെ മകനോട് കാട്ടിലേക്കു പോകാന്‍ പറയില്ലെന്ന് ഉറപ്പുള്ള കൈകേയി ആ അര്‍ദ്ധരാത്രിയില്‍ത്തന്നെ രാമനെ തന്റെ കൊട്ടാരത്തില്‍ വരുത്തി രാജാവിന്റെ മുന്നില്‍വച്ചു തന്റെ ആഗ്രഹം അറിയിച്ചു. ധര്‍ജ്ഞനായ രാമന് രണ്ടാമതൊന്ന് ആലോചിക്കേണ്ട ആവശ്യമുണ്ടായിരുന്നില്ല. പുത്രധര്‍മ്മം പുരസ്‌കരിച്ച് അച്ഛന്റെ വാക്കു സത്യമാക്കാന്‍ കാട്ടിലേക്ക് ഉടനേ പുറപ്പെട്ടു. എന്ന് സുസ്‌മേരവദനനായി അറിയിച്ചശേഷം അമ്മയുടെ അനുമതി വാങ്ങാന്‍ കൗസല്യയുടെ കൊട്ടാരത്തിലേക്ക് രാമന്‍ യാത്രയായി. അപ്പോഴും അയോദ്ധ്യാനിവാസികള്‍ അരമനയിലെ അന്തര്‍നാടകമറിയാതെ ഉത്സവം ആഘോഷിക്കുകയായിരുന്നു.

ശ്രീരാമന്‍ കൗസല്യാഗൃഹത്തിലെത്തി വസ്തുസ്ഥിതികള്‍ അമ്മയെ അറിയിച്ചു. രാമന്‍ കാട്ടിലേക്കു പോകുന്നു എന്നറിഞ്ഞ് തകര്‍ന്നുപോയ കൗസല്യയെ സാന്ത്വനിപ്പിക്കുന്നതിനിടയില്‍ കൈകേയിയുടെ കുതന്ത്രമറിഞ്ഞ് പ്രളയാഗ്നിപോലെ ജ്വലിച്ചുകൊണ്ട് ലക്ഷ്മണനും എത്തിച്ചേര്‍ന്നു. ഇളയമ്മയുടെ ലോഭത്തിനു വഴങ്ങി രാമന്‍ കാട്ടിലേക്കു പോകുന്നത് ഉചിതമല്ല. ലക്ഷ്മണന്‍ തറപ്പിച്ചു പറഞ്ഞു. കാട്ടിലുപേക്ഷിക്കാനായി ഒരുകുറ്റവും ഞാന്‍ രാമനില്‍ കാണുന്നില്ല. വിരോധികള്‍പോലും രാമനില്‍ ദോഷമാരോപിച്ചിട്ടില്ല. ദേവതുല്യനും ഋജുബുദ്ധിയും ജിതേന്ദ്രിയനും ശത്രുക്കള്‍ക്കുപോലും പ്രിയങ്കരനുമായ മകനെ ധാര്‍മ്മികനായ ഏതച്ഛനാണ് ഉപേക്ഷിക്കാനാവുക? കൈകേയിക്കു വശംവദനായി ധര്‍മ്മംവെടിഞ്ഞു ശത്രുവിനെപ്പോലെ പ്രവര്‍ത്തിക്കുന്ന ദശരഥനെ ബന്ധിക്കുന്നതിലും വേണ്ടിവന്നാല്‍ കൊല്ലുന്നതിലും തെറ്റില്ല. ഗുരുവായാല്‍പ്പോലും അഹങ്കാരംകൊണ്ടു അവിവേകം കാട്ടിയാല്‍ ശാസിക്കേണ്ടിവരും. കുലച്ചവില്ലുമായി ഞാന്‍ അരികത്തുള്ളപ്പോള്‍ സംഹാരരുദ്രനെപ്പോലെ ഭയങ്കരനായ രാമനെ എതിര്‍ക്കാന്‍ ആരാണു ധൈര്യം കാട്ടുക? അനിഷ്ടം പ്രവര്‍ത്തിച്ചാല്‍ ഞാന്‍ അയോദ്ധ്യയെ മനുഷ്യരില്ലാത്തതാക്കിത്തീര്‍ക്കും. അധര്‍മ്മത്തിന്റെ പക്ഷം പിടിക്കുന്നത് ലോകപാലകന്മാരായാലും എന്തിനു ദൈവമായാല്‍പോലും എന്റെ അമ്പുകള്‍ കൊണ്ടു മരിച്ചു വീഴുന്നതു ലോകം കാണും. എന്റെ കൈകളും വില്ലും വാളും അമ്പും കാഴ്ചപ്പണ്ടങ്ങളല്ല; ശത്രുനാശനത്തിനുള്ളവയാണ്. എതിര്‍ക്കുന്നവരെ, അവര്‍ ആരായാലും, കാലപുരിക്കയച്ച് അങ്ങയെ ഞാന്‍ സിംഹാസനത്തിലിരുത്തി അഭിഷേകം ചെയ്യും.

‘ഇത്ഥം പറഞ്ഞു ലോകത്രയം തദ്രുഷാ
ദഗ്ദ്ധമാമ്മാറു സൗമിത്രി നില്‍ക്കുന്നേരം
മന്ദഹാസംചെയ്തു മന്ദേതരം ചെന്നു
നന്ദിച്ചു ഗാഢമായാലിംഗനം ചെയ്തു
സുന്ദരനിന്ദിരാമന്ദിരവക്ഷനാ-
നന്ദസ്വരൂപനിന്ദിന്ദിരവിഗ്രഹന്‍
ഇന്ദീവരാക്ഷനിന്ദ്രാദിവൃന്ദാരക
വൃന്ദവന്ദ്യാംഘ്രിയുഗ്മാരവിന്ദന്‍പൂര്‍ണ്ണ-
ചന്ദ്രബിംബാനനിന്ദുചൂഡപ്രിയന്‍
വന്ദാരുവൃന്ദമന്ദാരദാരൂപമന്‍’

ഇങ്ങനെ എന്തുവിലകൊടുത്തും തന്നെ രാജാവാക്കിയേ അടങ്ങൂ എന്നു ശഠിച്ച്, ലോകത്തെ ദഹിപ്പിക്കാന്‍ സന്നദ്ധനായി, പടവില്ലുമെടുത്തു കര്‍മ്മരംഗത്തിറങ്ങിയ ലക്ഷ്മണനെ രാമന്‍ അനുകൂലിച്ചില്ല; പ്രത്യക്ഷത്തില്‍ എതിര്‍ത്തുമില്ല. പകരം വശ്യമായ സ്‌നേഹപാശത്തിലൊതുക്കി അനുനയിപ്പിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - സനാതനം