ഭാരതത്തിന്റെ ചരിത്രക്കുതിപ്പ്

November 8, 2013 എഡിറ്റോറിയല്‍,പ്രധാന വാര്‍ത്തകള്‍

mangalyan-pbഭാരതം ബഹിരാകാശ മേഖലയില്‍ ചൊവ്വാ ദൗത്യത്തിലൂടെ വന്‍ കുതിച്ചുചാട്ടം നടത്തിയിരിക്കുകയാണ്. ഒരു മൂന്നാംലോകരാജ്യത്തിന് ചിന്തിക്കാന്‍പോലും ആകാത്തവണ്ണം സങ്കീര്‍ണ്ണമായ ശാസ്ത്ര ദൗത്യമാണ് ഭാരതം ഏറ്റെടുത്തത്. അടുത്തവര്‍ഷം സെപ്റ്റംബര്‍ 22ന് മംഗലയാന്‍ എന്ന ബഹിരാകാശ പേടകം ചൊവ്വയുടെ ഭ്രമണപഥത്തിലേക്ക് എത്തുമെന്നാണ് കണക്കുകൂട്ടല്‍. എല്ലാം ശുഭപര്യവസാനിയായാല്‍ റഷ്യക്കും അമേരിക്കക്കും യൂറോപ്യന്‍ സ്‌പേസ് ഏജന്‍സിക്കും ശേഷം ചൊവ്വാദൗത്യത്തില്‍ വിജയിക്കുന്ന നാലാമത്തെ രാജ്യവും ആദ്യത്തെ ഏഷ്യന്‍രാജ്യവുമായി ഭാരതം മാറും.

പി.എസ്.എല്‍.വി റോക്കറ്റിലൂടെയാണ് മംഗലയാനെ ബഹിരാകാശത്ത് എത്തിച്ചത്. ഈ ചരിത്ര ദൗത്യം നിറവേറ്റുമ്പോള്‍ ഭാരതത്തിന്റെ ബഹിരാകാശ ഗവേഷണരംഗത്തെ പിന്നോട്ടടിച്ച വേദനാജനകമായ ഒരു സംഭവം ഓര്‍ക്കാതെവയ്യ. പി.എസ്.എല്‍.വി യാഥാര്‍ത്ഥ്യമാക്കാന്‍ പരിശ്രമിച്ച നമ്പിനാരായണന്‍ എന്ന പ്രതിഭയെ ഐ.എസ്.ആര്‍.ഒ ചാരക്കേസിന്റെ പേരില്‍ കുടുക്കിയത് ബഹിരാകാശ രംഗത്തെ ഭാരത്തിന്റെ മുന്നേറ്റത്തിന് തടയിടാനായിരുന്നു. പല വിദേശരാജ്യങ്ങളുടെയും കരങ്ങള്‍ ഇതിലുപിന്നിലുണ്ടായിരുന്നു. സി.ബി.ഐ അന്വേഷിച്ച് സത്യം ഒന്നുമില്ലായെന്ന് തെളിയിച്ച ആ കേസില്‍ നമ്പിനാരായണന്‍ കുറ്റവിമുക്തനാകുകയും ചെയ്തു. അദ്ദേഹത്തിന്റെ മരുമകനായ അരുണനാണ് മംഗലയാന്‍ ദൗത്യത്തില്‍ പി.എസ്.എല്‍.വി റോക്കറ്റിന്റെ ചുമതലക്കാരന്‍ എന്നത് ചരിത്രത്തിലെ മറ്റൊരു പകവീട്ടലാവാം.

നാനൂറ്റിയമ്പതുകോടി രൂപ മുടക്കിയാണ് മംഗലയാന്‍ ദൗത്യം പൂര്‍ത്തിയാക്കിയത്. ഇതിനെതിരെ ചില കോണുകളില്‍നിന്നെങ്കിലും വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ ലോകത്ത് മറ്റൊരു രാജ്യത്തിനും കഴിയാത്തവണ്ണം വാര്‍ഷിക ബഡ്ജറ്റിന്റെ ഒരു ശതമാനത്തിലും താഴെ ചെലവിട്ടുകൊണ്ടാണ് ഈ ദൗത്യം പൂവണിയിച്ചത്. മറ്റു രാജ്യങ്ങളുടെ ചൊവ്വാദൗത്യവുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇതെത്രയോ ചെറിയസംഖ്യയാണ്. മാത്രമല്ല പ്രതിരോധ ആവശ്യങ്ങള്‍ക്ക് ചിലവിടുന്നതിന്റെ വളരെവളരെ ചെറിയ തുകമാത്രമാണിത്. ചുരുക്കിപ്പറഞ്ഞാല്‍ റഷ്യയില്‍നിന്ന് രണ്ടു സുഖോയ് വിമാനങ്ങള്‍ വാങ്ങുന്ന തുകമാത്രമേ ഇതിനായുള്ളൂ എന്നുപറഞ്ഞാല്‍ വിമര്‍ശകരുടെ വാ അടഞ്ഞുപോകുമെന്നുമാത്രമല്ല ഒരുപക്ഷേ അവര്‍ കണ്ണുമിഴിച്ചുനിന്നേക്കാം.

ചന്ദ്രയാന്‍ ദൗത്യത്തിലൂടെ ചന്ദ്രനില്‍ ജലത്തിന്റെ സാന്നിദ്ധ്യമുണ്ടെന്ന് ആദ്യമായി കണ്ടെത്തിയത് ഭാരതമാണ്. നാലരപ്പതിറ്റാണ്ടുമുന്‍പ് ചന്ദ്രനില്‍ മനുഷ്യനെ ഇറക്കിയ അമേരിക്കയ്ക്കുപോലും അതിനു കഴിഞ്ഞില്ല. ചൊവ്വാ ദൗത്യത്തില്‍ ലോകം ഉറ്റുനോക്കുന്നത് അവിടെ ജീവന്റെ സാന്നിദ്ധ്യം ഉണ്ടോ എന്ന് കണ്ടെത്താന്‍ കഴിയുമോ എന്നാണ്. ഇതിന് മീഥൈന്‍ വാതകത്തിന്റെ സാന്നിദ്ധ്യം മണത്തു നോക്കുക എന്നതാണ് മംഗലയാന്റെ പ്രധാനദൗത്യങ്ങളിലൊന്ന്. ചൊവ്വയുടെ ഭ്രമണപഥത്തില്‍ നിന്നുകൊണ്ടാകും ഈ ദൗത്യം നിറവേറ്റുക. ജീവികള്‍ ചീയുമ്പോള്‍ ഉണ്ടാകുന്നതാണ് മീഥൈന്‍ വാതകം.മീഥൈന്‍ സാന്നിദ്ധ്യം ഉണ്ടെന്നു കണ്ടെത്തിയാല്‍ ചൊവ്വയില്‍ ജീവന്റെ സാന്നിദ്ധ്യം ഉണ്ടെന്നു ഉറപ്പാക്കാം. അങ്ങനെ സംഭവിച്ചാല്‍ ഭാരതം ലോകത്തിന് മറ്റൊരു നേട്ടംകൂടിയായിരിക്കും സംഭാവന ചെയ്യുക.

ബഹിരാകാശ ദൗത്യങ്ങള്‍ക്കുവേണ്ടി വികസിപ്പിക്കുന്ന സാങ്കേതികവിദ്യ മനുഷ്യര്‍ക്ക് പ്രയോജനപ്പെടുന്ന മറ്റു രംഗങ്ങളിലും വിനിയോഗിക്കാന്‍ കഴിയുമെന്നാണ് ഏറ്റവും വലിയ നേട്ടം. കാലാവസ്ഥാ നിരീക്ഷണത്തിലും കാലാവസ്ഥാ വ്യതിയാനങ്ങളെക്കുറിച്ചു പഠിക്കുന്നതിലും പാരിസ്ഥിതിക ആഘാതം വ്യക്തമാക്കുന്നതിലുമൊക്കെ ഈ സാങ്കേതികവിദ്യ പ്രയോജനപ്പെടും. ഏതാനും നാള്‍ മുമ്പ് ആന്ധ്രാതീരത്ത് കൊടിയ ദുരന്തം വിതക്കുമെന്ന് പ്രതീക്ഷിച്ച കൊടുങ്കാറ്റിനെക്കുറിച്ച് വളരെനേരത്തേതന്നെ മുന്നറിയിപ്പ് നല്‍കാനും അതിനനുസരിച്ച് ജനങ്ങളെ ഒഴിപ്പിക്കാനുമൊക്കെ കഴിഞ്ഞിരുന്നു. കൊടുങ്കാറ്റിന്റെ ദിശപോലും വളരെവ്യക്തമായി നിര്‍ണയിക്കാന്‍ കാലാവസ്ഥാ ശാസ്ത്രത്തിനായി. ഇതിലൂടെ വിലപ്പെട്ട മനുഷ്യജീവനെ രക്ഷിക്കുവാനും കഴിഞ്ഞു. ബഹിരാകാശ ദൗത്യങ്ങളില്‍നിന്നു പഠിച്ച പാഠങ്ങളാണ് ഇതിനൊക്കെ ഉപയോഗിക്കുവാന്‍ കഴിഞ്ഞത്.

ശ്രീഹരിക്കോട്ടയില്‍നിന്ന് മംഗലയാന്‍ വിക്ഷേപിക്കുമ്പോള്‍ ഭാരതത്തിന്റെ തെക്കേയറ്റത്തെ തിരുവനന്തപുരം എന്ന നഗരവും അതില്‍ ഭാഗഭാക്കാക്കുകയാണ്. തുമ്പ എന്ന കടലോരഗ്രാമത്തില്‍ 1960കളുടെ ആദ്യം വിക്രംസാരാഭായിയുടെ നേതൃത്വത്തില്‍ ചെറിയ റോക്കറ്റുകള്‍ വിക്ഷേപിച്ചുകൊണ്ടാണ് ഭാരതം ബഹിരാകാശ ദൗത്യത്തിനു തുടക്കംകുറിച്ചത്. ഒരുപക്ഷേ അന്ന് ചിന്തിക്കാന്‍പോലും ആകാത്തതരത്തില്‍ ഈ രംഗത്ത് ഇന്ന് ഭാരതം മുന്നേറിക്കഴിഞ്ഞു. മാത്രമല്ല ബഹിരാകാശ ശാസ്ത്ര ഗവേഷണ രംഗത്ത് മലയാളി സാന്നിദ്ധ്യം നമുക്ക് അഭിമാനിക്കാവുന്ന മറ്റൊരു നേട്ടമാണ്. ജി.മാധവന്‍നായര്‍ക്കുശേഷം കെ.രാധാകൃഷ്ണനാണ് ഇപ്പോള്‍ ഐഎസ്ആര്‍ഓയുടെ ചുക്കാന്‍പിടിക്കുന്നത്. അദ്ദേഹത്തോടൊപ്പം അരുണന്‍, ദത്തന്‍, ഹട്ടന്‍ തുടങ്ങിയ മലയാളികളും ഈ ദൗത്യത്തില്‍ നിര്‍ണ്ണായക പങ്കാണ് വഹിച്ചത്.

ചൊവ്വ ദൗത്യത്തിലേക്ക് മംഗളയാന്‍ കുതിച്ചുയര്‍ന്നതും ചൊവ്വാഴ്ചയാണ്. മംഗളകരമായ ദിനമാണ് ചൊവ്വ. ലോകം ഉറ്റുനോക്കുന്ന ഈ ദൗത്യം മംഗളകരമായി ഭവിക്കട്ടെ എന്നതാണ് ഓരോ ഭാരതീയന്റെയും പ്രാര്‍ത്ഥന.

കൂടുതല്‍ വാര്‍ത്തകള്‍ - എഡിറ്റോറിയല്‍