പൊതുപ്രവര്‍ത്തകര്‍ നിയമവ്യവസ്ഥയെ നോക്കുകുത്തിയാക്കരുത്

November 9, 2013 എഡിറ്റോറിയല്‍,പ്രധാന വാര്‍ത്തകള്‍

law-pbനിയമവ്യവസ്ഥയാണ് ഒരു സമൂഹത്തിന് കെട്ടുറപ്പുനല്‍കുന്നതും ഒരു രാജ്യത്തെ ശക്തമായി മുന്നോട്ടുകൊണ്ടുപോകുന്നതും. നിയമവ്യവസ്ഥ പരാജയപ്പെടുന്നിടത്ത് അരാജകത്വം നടമാടും. മനുഷ്യന്‍ പ്രാകൃതാവസ്ഥയില്‍നിന്ന് മുന്നോട്ടുള്ള പ്രയാണത്തിനിടയിലാണ് നിയമവ്യവസ്ഥ സൃഷ്ടിച്ചത്. നിയമങ്ങളില്ലായിരുന്നുവെങ്കില്‍ ഒരുപക്ഷേ പരസ്പരം കൊന്നും തിന്നും മനുഷ്യരാശി ഭൂമുഖത്തുനിന്ന് എന്നേ അപ്രത്യക്ഷമാകുമായിരുന്നു.

ജനാധിപത്യക്രമത്തില്‍ ജുഡീഷ്യറിക്ക് അതീവ പ്രാധാന്യമാണുള്ളത്. ഒരു രാജ്യത്തെ എല്ലാപൗരന്മാര്‍ക്കും നിയമം ഒരുപോലെയാണ് അതുപാലിക്കാന്‍ അവര്‍ക്ക് ബാദ്ധ്യതയുണ്ട്. അവിടെ വലുപ്പച്ചെറുപ്പത്തിന് സ്ഥാനമില്ല. നിയമമാണ് ഭാരതത്തെ സുസ്ഥിരമായ ഒരു ജനാധിപത്യക്രമത്തിലൂടെ മുന്നോട്ടുകൊണ്ടുപോകുന്നത്. ജനാധിപത്യത്തില്‍ രാഷ്ട്രീയ പ്രസ്ഥാനത്തിനുള്ള പങ്ക് വളരെ പ്രധാനമാണ്. അതുകൊണ്ടുതന്നെ ഏതു പ്രസ്ഥാനത്തില്‍ വിശ്വസിക്കുന്നവരായാലും പൊതുപ്രവര്‍ത്തകര്‍ നിയമത്തെ ആദരിക്കാനും നിയമലംഘകരാകാതിരിക്കാനും ശ്രദ്ധിക്കേണ്ടതുണ്ട്.

കഴിഞ്ഞദിവസം കോഴിക്കോട് നടന്ന സംഭവം നിയമവ്യവസ്ഥയില്‍ വിശ്വസിക്കുന്ന ഏവരേയും ഞെട്ടിക്കുന്നതാണ്. ടി.പി.ചന്ദ്രശേഖരന്‍വധക്കേസിലെ റിമാന്‍ഡ്പ്രതിയും സി.പി.എം കോഴിക്കോട് ജില്ലാസെക്രട്ടേറിയേറ്റ് അംഗവുമായ പി.മോഹനനും ഭാര്യയും കുറ്റിയാടി എം.എല്‍.എയുമായ കെ.കെ.ലതികയുമായി കോഴിക്കോടു മെഡിക്കല്‍ക്കോളേജിനടുത്തുള്ള ഒരു ഹോട്ടലില്‍ കൂടിക്കാഴ്ച നടത്തുകയും ഒരുമിച്ചു ഭക്ഷണം കഴിക്കുകയും ചെയ്തു. സി.പി.എം കോഴിക്കോട് ജില്ലാകമ്മറ്റിയംഗംകൂടിയാണ് ലതിക. ജില്ലയിലെ മുതിര്‍ന്ന പാര്‍ട്ടി നേതാക്കളായ ഇരുവര്‍ക്കും നിയമവ്യവസ്ഥയെക്കുറിച്ച് അറിയില്ല എന്ന് പറഞ്ഞാല്‍ ആരും വിശ്വസിക്കില്ല. റിമാന്‍ഡ് പ്രതികളെ ജയിലില്‍ വച്ച് അനുവാദത്തോടെ മാത്രമേ കാണാന്‍ പാടുള്ളൂ എന്നാണ് നിയമം. കോടതിയില്‍ കൊണ്ടുപോകുമ്പോള്‍പോലും ബന്ധുക്കളുമായി സംസാരിക്കാന്‍ അനുവദിക്കാറില്ല. ഈ നിയമം ലംഘിച്ചുകൊണ്ടാണ് സാധാരണക്കാരനെപ്പോലെ ഒരു റിമാന്‍ഡ്പ്രതിയെ പോലീസുകാര്‍ ഭാര്യയോടൊപ്പം ഹോട്ടലില്‍ കൂടിക്കാഴ്ചയ്ക്കും ഊണുകഴിക്കാനും അവസരമൊരുക്കിയത്. നിയമവ്യവസ്ഥയെ അവഹേളിച്ചുകൊണ്ടുനടത്തിയ ഈ സംഭവത്തെ വളരെ ഗൗരവപൂര്‍വ്വമായാണ് കാണേണ്ടത്.

സാധാരണക്കാരന് ബാധകമായ നിയമങ്ങള്‍ സി.പി.എം നേതാക്കള്‍ക്ക് ബാധകമല്ലേ എന്ന ചോദ്യം ന്യായമായും ഉയരും. കൈയൂക്കിന്റെ ഭാഷകൊണ്ട് പലപ്പോഴും കാര്യങ്ങള്‍ നേടുന്ന സി.പി.എം, നിയമവ്യവസ്ഥയെ നോക്കുകുത്തിയാകാനുള്ള ഈ തരംതാഴ്ന്ന നടപടിയെ എന്തിന്റെപേരിലായാലും ന്യായീകരിക്കാനാവില്ല. എത്ര ഉന്നതനായ നേതാവായാലും റിമാന്‍ഡ്പ്രതി രാജ്യത്ത് നിലവിലുള്ള നിയമങ്ങള്‍ അനുസരിക്കാന്‍ ബാദ്ധ്യസ്ഥരാണ്. ഈ പ്രശ്‌നത്തിന്റെ പേരില്‍ എ.എസ്.ഐ അടക്കം മൂന്ന് പോലീസുദ്യോഗസ്ഥരെ സസ്‌പെന്റ് ചെയ്തിട്ടുണ്ട്. ഉന്നതങ്ങളില്‍നിന്ന് ഉറപ്പുലഭിക്കാതെ ഇത്തരമൊരു കൂടിക്കാഴ്ചയ്ക്ക് പോലീസുകാര്‍ അനുവദിക്കുമെന്ന് കരുതാന്‍ ന്യായമില്ല. ഈ സംഭവത്തില്‍ സി.പി.എമ്മിന്റെ ഔദ്യോഗിക വിശദീകരണം അറിയാനും ജനങ്ങള്‍ക്ക് അവകാശമുണ്ട്.

പെറ്റിക്കേസില്‍ പിടിക്കപ്പെടുന്ന പ്രതികള്‍പോലും പലപ്പോഴും പോലീസ് സ്‌റ്റേഷനുകളില്‍ പീഡിപ്പിക്കപ്പെടുന്ന സംസ്ഥാനത്താണ് കൊലക്കേസിലെ ഒരു റിമാന്‍ഡ്പ്രതിക്ക് വി.ഐ.പി പരിഗണനനല്‍കിയത്. രണ്ടുതരം നിയമം പോലീസിലുണ്ടോ എന്ന ന്യായമായ സംശയമാണ് ഈ സന്ദര്‍ഭങ്ങളില്‍ ഉയരുക.  ഇത്തരം സംഭവങ്ങള്‍ കാണുമ്പോള്‍ നിയമം രണ്ടുതരമുണ്ട് എന്ന് പറയേണ്ടിവരും. കൊലക്കേസ് പ്രതിയായാലും പ്രസ്ഥാനങ്ങളുടെ പിന്‍ബലമുണ്ടെങ്കില്‍ എന്തുമാകാമെന്നാണ് ഈ സംഭവം ചൂണ്ടിക്കാട്ടുന്നത്. പണത്തിന്റെയോ സ്വാധീനത്തിന്റെയോ പിന്‍ബലമില്ലാത്തവര്‍ക്ക് അര്‍ഹതപ്പെട്ട നീതപോലും നിഷേധിക്കപ്പെടുമ്പോഴാണ് പൊതുപ്രവര്‍ത്തകര്‍ എന്ന ലേബലില്‍ നിയമത്തെ ചവിട്ടിതാഴ്ത്തുന്നത്. നിയമത്തെ ധിക്കരിച്ചാല്‍ നിയമംതന്നെ ഇത്തരക്കാരെ ധിക്കരിക്കുന്ന ഒരു അവസ്ഥവരും എന്നു മറക്കരുത്.

കൂടുതല്‍ വാര്‍ത്തകള്‍ - എഡിറ്റോറിയല്‍