ശബരിമല തീര്‍ഥാടകര്‍ക്ക് കോട്ടയം റെയില്‍വേ സ്റ്റേഷനില്‍ വിപുലമായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തും

November 8, 2013 കേരളം

കോട്ടയം: കോട്ടയം റെയില്‍വേ സ്റ്റേഷനില്‍ ശബരിമല തീര്‍ഥാടകര്‍ക്കായി വിപുലമായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താന്‍ ജില്ലാ കളക്ടര്‍ അജിത്ത് കുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. തീര്‍ഥാടകര്‍ക്ക് വിരി വയ്ക്കുന്നതിനും വിശ്രമിക്കുന്നതിനും സ്റ്റേഷനുള്ളില്‍ സൗകര്യമുണ്ടാകും.

ട്രെയിനുകളുടെ സമയം തമിഴ്, തെലുങ്ക് ഭാഷകളില്‍ക്കൂടി അറിയിക്കണമെന്ന് റെയില്‍വേ അധികൃതര്‍ക്ക് കളക്ടര്‍ നിര്‍ദ്ദേശം നല്‍കി. തീര്‍ഥാടനകാലത്ത് റെയില്‍വേ സ്റ്റേഷനില്‍ 24 മണിക്കൂറും വൈദ്യസഹായം ലഭ്യമാക്കും. തീര്‍ഥാടകരുടെ സുരക്ഷയ്ക്കായി കൂടുതല്‍ റെയില്‍വേ സുരക്ഷാ സേനാംഗങ്ങളെ വിന്യസിക്കും. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ പോലീസ്, ആര്‍.റ്റി.ഒ, ടാക്‌സി ഡ്രൈവേഴ്‌സ് യൂണിയന്‍ എന്നിവയുടെ സഹകരണത്തോടെ മുഴുവന്‍ സമയവും പ്രവര്‍ത്തിക്കുന്ന പ്രീ പെയ്ഡ് ടാക്‌സി കൗണ്ടര്‍, പോലീസ് എയ്ഡ് പോസ്റ്റ്, ഇന്‍ഫര്‍മേഷന്‍ കൗണ്ടര്‍ എന്നിവ സജ്ജീകരിക്കും. ട്രെയിനില്‍ എത്തിച്ചേരുന്ന തീര്‍ഥാടകര്‍ക്ക് എരുമേലിയിലേക്കും പമ്പയിലേക്കും യാത്ര ചെയ്യുന്നതിന് എല്ലാ സമയത്തും കെ.എസ്.ആര്‍.ടി.സി ബസുകള്‍ ഏര്‍പ്പെടുത്തും. റെയില്‍വേ സ്റ്റേഷനിലും പരിസരത്തും ശുചീകരണവും ക്ലോറിനേഷനും ഊര്‍ജ്ജിതമായി നടപ്പാക്കുമെന്ന് കോട്ടയം മുനിസിപ്പാലിറ്റി അധികൃതര്‍ അറിയിച്ചു.

റെയില്‍വേ, പോലീസ്, മോട്ടോര്‍ വാഹനവകുപ്പ്, മുനിസിപ്പാലിറ്റി എന്നിവയുടെ പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുത്തു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം