കോമണ്‍വെല്‍ത്ത് ഉച്ചകോടിയില്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് പങ്കെടുക്കില്ല

November 9, 2013 പ്രധാന വാര്‍ത്തകള്‍

manmohan-singh0012ന്യൂഡല്‍ഹി: കൊളംബോയില്‍ നടക്കുന്ന കോമണ്‍വെല്‍ത്ത് ഉച്ചകോടിയില്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് പങ്കെടുക്കില്ല. തീരുമാനം ഉടന്‍ ശ്രീലങ്കന്‍ സര്‍ക്കാരിനെ അറിയിക്കും. ഇന്ത്യന്‍ സംഘത്തെ ആര് നയിക്കുമെന്നതിലും തീരുമാനമായില്ലെന്ന് വിദേശകാര്യ വക്താവ് സയിദ് അക്ബറുദ്ദീന്‍ പറഞ്ഞു. തമിഴ്‌നാടിന്റെ ശക്തമായ സമ്മര്‍ദ്ദത്തിന് പിന്നാലെയാണ് പിന്മാറ്റം.

ഉച്ചകോടിയില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് വിദേശകാര്യമന്ത്രി സല്‍മാന്‍ ഖുര്‍ഷിദ് പങ്കെടുക്കുമെന്നാണ് സൂചന. ശ്രീലങ്കയിലെ തമിഴ് വംശജരോടുള്ള വിവേചനത്തില്‍ പ്രതിഷേധിച്ച് ഉച്ചകോടി ബഹിഷ്‌ക്കരിക്കണം എന്ന് ആവശ്യപ്പെടുന്ന പ്രമേയം തമിഴ്‌നാട് നിയമസഭ കഴിഞ്ഞ മാസം പാസാക്കിയിരുന്നു. സമ്മേളനത്തില്‍ പങ്കെടുത്താല്‍ കോണ്‍ഗ്രസ് ഭവിഷ്യത്ത് അനുഭവിക്കേണ്ടി വരുമെന്നായിരുന്നും ഡിഎംകെ നേതാവ് എം കരുണാനിധിയുടെ മുന്നറിയിപ്പ്. കേന്ദ്രമന്ത്രിമാരായ പി ചിദംബരവും ജയന്തി നടരാജനും ജികെ വാസനും പ്രധാനമന്ത്രിയുടെ ലങ്കന്‍ സന്ദര്‍ശനത്തിലുള്ള എതിര്‍പ്പ് നേരത്തെ അറിയിച്ചിട്ടുണ്ട്.

ശ്രീലങ്കന്‍ തലസ്ഥാനമായ കൊളംബോയില്‍ നവംബര്‍ 15നാണ് കോമണ്‍വെല്‍ത്ത് രാഷ്ട്രതലവന്മാരുടെ ഉച്ചകോടിക്ക് തുടക്കമാകുക. ശ്രീലങ്കന്‍ സര്‍ക്കാരിന്റെ മനുഷ്യാവകാശ ലംഘനങ്ങളില്‍ പ്രതിഷേധിച്ച് കാനഡ ഉച്ചകോടി ബഹിഷ്‌ക്കരിക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - പ്രധാന വാര്‍ത്തകള്‍