വ്യാസന്റെ നീതിപീഠത്തിനു മുന്നില്‍ – ശാപദാതാവിന് തിരിച്ചടി

November 12, 2013 സനാതനം

ശാപദാതാവിന് തിരിച്ചടി  ( ഭാഗം – 2)

ഡോ. അദിതി

ഒരിക്കല്‍ വസിഷ്ഠന്‍ അന്യര്‍ക്ക് കാണാന്‍പറ്റാത്ത രൂപത്തോടുകൂടിയ തന്റെ മകളായ അദൃശ്യന്തിയുമായി ആശ്രമത്തിലേക്കു പോകുകയായിരുന്നു. കല്മാഷപാദന്‍ അദ്ദേഹത്തെ കണ്ടു. നരഭോജിയായ രാജാവ് വസിഷ്ഠനേയും വിഴുങ്ങാന്‍ പാഞ്ഞടുത്തു. എന്നാല്‍ അദൃശ്യന്തി കല്മാഷപാദനെ കണ്ടു. അവളില്‍നിന്നു വിവരമറിഞ്ഞ വസിഷ്ഠന്‍ തന്റെ കമണ്ഡലുവില്‍നിന്നും പവിത്രീകൃതമായ തീര്‍ത്ഥമെടുത്ത് ‘ഹും’ എന്നുച്ചരിച്ചുകൊണ്ട് കല്മാഷപാദന്റെ പുറത്തു തളിച്ചു. ഉടന്‍തന്നെ രാജാവില്‍ കുടികൊണ്ടിരുന്ന രാക്ഷസന്‍ വിട്ടുപോയി. ഇപ്രകാരം കല്മാഷപാദന്‍ ശാപമോചിതനായി.

പ്രകൃതത്തിലെ പാപകുറ്റത്തെയും ശാപശിക്ഷയേയും ചിന്തനത്തിനു വിധേയമാക്കാം. കല്മാഷപാദന് ആദ്യം ശാപം കൊടുത്തത് വസിഷ്ഠപുത്രനായ ശക്തിയാണല്ലോ? ശക്തിമുനിയും കല്മാഷപാദനും തമ്മിലുണ്ടായ വഴിമാറികൊടുക്കുന്നതിനെ സംബന്ധിച്ചുള്ള കലഹമായരുന്നു ശക്തിമുനിക്കു ദണ്ഡനമേല്‍ക്കാനും, മര്‍ദ്ദിതനായ അദ്ദേഹം രാജാവിനെ ശപിക്കാനും ഇടവന്നത്. ഒരുവന്റെ അന്തസ്സ് മറ്റൊരുവന്റെ അന്തസ്സിനുവേണ്ടി ബലികഴിപ്പിക്കാന്‍ അവനിലെ സാമൂഹ്യാവബോധം അവനെ അനുവദിച്ചെന്നു വരികയില്ല. ഇവിടെ രണ്ടുമഹാത്മാക്കള്‍ അഭിമുഖമായി ഒരു ഒറ്റയടിപാതയിലൂടെ നടന്നുവരുന്നു. ഇതിലൊരാള്‍ മറ്റൊരാളുടെ സൗകര്യത്തിനുവേണ്ടി പാതയുടെ വശത്തേക്കുമാറിനിന്ന് മറ്റെയാളെ പോകാന്‍ അനുവദിക്കണം.

പ്രകൃതത്തില്‍ ആര്‍ക്കുവേണ്ടി ആര് വഴിമാറികൊടുക്കും? അതായിരുന്നു കീറാമുട്ടി പ്രശ്‌നം. ആരാണ് വഴിമാറി കൊടുക്കേണ്ടത് എന്നത് ഒരു മദ്ധ്യസ്ഥനു തീരുമാനിക്കണമെങ്കില്‍ അയാള്‍ ധര്‍മ്മശാസ്ത്രം പരിശോധിക്കുകയും അന്നവിടെ നിലവിലുണ്ടായിരുന്ന സാമൂഹ്യ നിയമം പരിശോധിക്കുകയും വേണം. ഋഷി പുത്രനായ ശക്തി ധര്‍മ്മശാസ്ത്രമനുസരിച്ച് രാജാവിനും മുകളിലായതിനാല്‍ രാജാവ് തന്നെ വഴിമാറിക്കൊടുക്കണം. എന്നാല്‍ രാജാവായ കല്മാഷപാദനാകട്ടെ താന്‍ രാജാവെന്ന നിലയില്‍ ‘തിരുവായ്ക്ക് എതിര്‍വാക്ക് ഇല്ലാത്തവനാണ്’. ആ നിലയില്‍ ശക്തി മുനി രാജാവിന് വഴിമാറികൊടുക്കണം. ഇവിടെ രാജാധികാരവും ധര്‍മ്മസംഹിതയും തമ്മില്‍ ഒരേറ്റുമുട്ടല്‍ നടക്കുകയാണ്. രാജാധികാരം ധര്‍മ്മശാസ്ത്ര ബലത്തെ പ്രകൃതത്തില്‍ കീഴ്‌പ്പെടുത്തി. അതുകൊണ്ട് രാജാവില്‍നിന്നു ശക്തിമുനിക്ക് ചാട്ടവാര്‍കൊണ്ടുള്ള അടി ഏല്‍ക്കേണ്ടിവന്നു.

പരമപൂജനീയനായ ഒരു ഋഷികുമാരനെ കല്മാഷപാദനെപ്പോലെയുള്ള ഒരു രാജാവ് ചാട്ടവാറിനടിച്ചത് ആ സ്ഥാനത്തിന് ഒരു കളങ്കം തന്നെയാണ്. കല്മാഷപാദന്‍ അത്രക്കും വിവരംകെട്ടവനാണോ? അദ്ദേഹത്തിന് ധര്‍മ്മശാസ്ത്രമൊന്നും അറിഞ്ഞുകൂടെ? ഒന്നു പരിശോധിക്കാം.

കല്മാഷപാദന്റെ പൂര്‍വ്വചരിത്രം കളങ്കരഹിതമാണ്. അദ്ദേഹം സമാരാധ്യനായ ഒരു രാജാവ് തന്നെ. ആ നിലയിലുള്ള അദ്ദേഹത്തിന്റെ പ്രസക്തി നാനാദേശത്തു വ്യാപിച്ചിരുന്നു. എന്നാല്‍ പിന്നെ എവിടെയാണ് പിശകുപറ്റിയത്. അദ്ദേഹം അധാര്‍മ്മികമായ ഒരു കാര്യത്തിലേര്‍പ്പെടാന്‍ എന്താണ് കാരണം? ഇത് രാജാധികാരത്തിന്റെ തിമിര്‍പ്പ് മൂലമാണോ? അതോ അജ്ഞതകൊണ്ടു സംഭവിച്ചതാണോ? എത്ര മഹാനായാലും അപൂര്‍വ്വം ചില സന്ദര്‍ഭങ്ങളില്‍ ഒരുവന്റെ ശാരീരികവും മാനസികവുമായ അവസ്ഥ ഉറങ്ങികിടക്കുന്ന അവനിലെ രാക്ഷസഭാവത്തെ ഉണര്‍ത്തി എന്നുവരാം. അനേകം വന്യമൃഗങ്ങളെ വേട്ടയാടിക്കൊന്ന്, അതുമൂലം തളര്‍ന്ന് കല്മാഷപാദന്‍ കൊട്ടാരത്തിലേക്ക് പോകുകയായിരുന്നു. എത്രയും പെട്ടെന്ന് കൊട്ടാരത്തിലെത്തി ഒന്നു വിശ്രമിക്കണം. അതായിരുന്നു രാജാവിന്റെ ആഗ്രഹം എങ്ങനെയും വീട്ടില്‍ എത്തിക്കൊള്ളാനുള്ള വെമ്പലാണ് ശക്തിയോട് വഴിവിട്ടുമാറാന്‍ പറഞ്ഞതിലെ കാരണം. ഇപ്രകാരം വീട്ടിലെത്താനുള്ള വ്യഗ്രതയും ശക്തിമുനിയോട് വഴിമാറിക്കൊടുക്കുവാന്‍ പറഞ്ഞതും കുറ്റമൊന്നുമല്ല. ഈ നിലയില്‍ നോക്കുമ്പോള്‍ കല്മാഷപാദനെ കുറ്റക്കാരനായി ചിത്രീകരിക്കാന്‍ പറ്റുകയില്ല. എന്നാല്‍ രാജാവിന്റെ ഈ അവസ്ഥ ഒറ്റയടിപ്പാതയിലൂടെ അഭിമുഖമായി വന്ന ശക്തി മുനി എങ്ങനെയാണറിയുക? കൂടുതലായി താന്‍ രാജാവാണെന്നനിലയില്‍ വഴിമാറണമെന്നാണ് ശക്തിമുനിയോട് ആവശ്യപ്പെട്ടത്. രാജകീയ ശാസനകള്‍, ആരും രാജാവിന് വഴിമാറിക്കൊടുക്കണമെന്ന് അനുശാസിക്കുന്നു. രാജാവ് ഒരിക്കലും ഒരു പരാതിക്കാരനല്ല. അതുകൊണ്ട് അദ്ദേഹത്തിന്റെ പരാതി ആര്‍ക്കും പരിഹരിച്ചുകൊടുക്കേണ്ടതായിട്ടും ഇല്ല. അദ്ദേഹം പരാതി പറയുകയോ അഭ്യര്‍ത്ഥിക്കുകയോ ചെയ്യേണ്ടകാര്യമില്ല. രാജാവിന്റെ ആഗ്രഹങ്ങളെല്ലാം ഒഴിച്ചുകൂടാന്‍ പറ്റാത്തവയാണ്. ആ ആവശ്യങ്ങളെല്ലാം തികഞ്ഞ കല്പനകളും, ഘോരവനത്തിലെ വേട്ടകള്‍ വനവാസികളായ ഋഷിമാരെക്കൂടി സംരക്ഷിക്കാനാണ്.

രാജാവിനെ ശരിയായി മനസ്സിലാക്കുന്നതിലും അതനുസരിച്ച് പ്രവര്‍ത്തിക്കുന്നതിലും ഇവിടെ ശക്തിമുനി പരാജയപ്പെട്ടിരിക്കുന്നു. അതുകൊണ്ട് രാജാഭിലാഷത്തിനു വഴങ്ങുന്നതിനു പകരം ശക്തിമുനി അദ്ദേഹവുമായി വഴക്കിട്ടു. എന്നാല്‍ ഈ വിഷയത്തില്‍ ശക്തി മുനിയേയും കുറ്റപ്പെടുത്തുവാന്‍ പറ്റുകയില്ല. രാജാവിന്റെ അസ്വസ്ഥതയോ തിടുക്കമോ ശക്തിക്ക് അറിഞ്ഞുകൂടായിരുന്നു.

അത്യന്തം പ്രക്ഷീണനായിരുന്ന കല്മാഷപാദന്റെ ബോധമനസ്സുണര്‍ന്നത് ശക്തിയുടെ ശാപവചനംകേട്ടാണ്. ശരിക്കും പറഞ്ഞാല്‍ കല്മാഷപാദന്റെ ഒരു ക്ഷമചോദിക്കലിലൂടെ ഇവിടെ പ്രശ്‌നം പരിഹരിക്കപ്പെടുമായിരുന്നു. ഒളിഞ്ഞിരുന്നുകൊണ്ട് കിങ്കരനെന്ന രാക്ഷസശക്തിയെ കല്മാഷപാദനിലേക്ക് കടത്തിവിട്ട വിശ്വാമിത്രനാണ് പ്രശ്‌നം ആളിക്കത്താന്‍ കാരണം.

മര്‍ദ്ദിക്കപ്പെട്ട മുനിപുത്രന്‍ ശക്തിയും ശപിക്കപ്പെട്ട രാജാവായ കല്മാഷപാദനും അനുരഞ്ജനത്തിലേര്‍പ്പെടുന്നത് വിശ്വാമിത്രനിഷ്ടമില്ലായിരുന്നു. ഈ വഴക്കില്‍നിന്ന് ആവോളം മുതലെടുക്കാനും രാജാവിനെ തന്റെ പക്ഷത്താക്കുവാനുമായിരുന്നു വിശ്വാമിത്രന്റെ പരിശ്രമം.

വിശ്വാമിത്രന്‍ അതില്‍ ഒരളവുവരെ വിജയം കണ്ടെത്തുകയും ചെയ്തു. ക്ഷീണപാരവശംകൊണ്ട് എത്രയുംപെട്ടെന്ന് കൊട്ടാരത്തിലെത്തി വിശ്രമിക്കണമെന്ന ആഗ്രഹത്തിലായിരുന്നു താനെന്നും ദീര്‍ഘമായ മൃഗയാവിനോദത്തിലേര്‍പ്പെട്ട് പരിക്ഷീണനായിരുന്നതിനാല്‍ പെട്ടെന്നു കോപിച്ച് അടിച്ചുപോയതാണെന്നും ശക്തിമുനിയെ അറിയിച്ച് രാജാവ് ക്ഷമ ചോദിക്കുമായിരുന്നു. രാജാവിനു വഴിമാറികൊടുക്കാത്ത തന്റെ പ്രവൃത്തിയില്‍ ഋഷി പുത്രന്‍ ഖേദം പ്രകടിപ്പിക്കുകയും ശപിച്ചു പോയതില്‍ പശ്ചാത്തപിക്കുകയും ചെയ്യുമായിരുന്നു. ഈ നിലയില്‍ നോക്കുമ്പോള്‍ രാജാവായ കല്മാഷപാദനേയോ, ഋഷിപുത്രനായ ശക്തിമുനിയേയോ കുറ്റം ചെയ്തവന്‍ എന്ന നിലയില്‍ മാറ്റിനിര്‍ത്താന്‍ പ്രയാസംതന്നെ.

ഒരുപക്ഷേ വിശ്വാമിത്രന്‍ മൂട്ടിവിട്ട ഈ കലഹം ഇത്തരത്തില്‍ പരിണമിക്കുമെന്ന് അദ്ദേഹം പോലും വിചാരിച്ചുകാണുകയില്ല. രാജാവില്‍ ദുഷ്ടബൂദ്ധിയായ കിങ്കരനെ കടത്തിവിട്ട് അദ്ദേഹം സ്ഥലം വിട്ടല്ലോ. എതിരാളിയായ വസിഷ്ഠന് വിശ്വാമിത്രന്‍ ഉദ്ദേശിച്ചതില്‍ കൂടുതല്‍ നാശനഷ്ടങ്ങളുണ്ടാക്കുവാന്‍ ഈ കിങ്കരനിവേശം വഴിയൊരുക്കി.

രാജാവില്‍ കുടികൊണ്ടിരുന്ന കിങ്കരന്റെ പ്രവൃത്തിമൂലമാണ് കാട്ടില്‍ കണ്ടുമുട്ടിയ ബ്രാഹ്മണന് സാമിഷഭോജനം കൊടുത്തയക്കാന്‍ വിട്ടുപോയത്. വൈകി അക്കാര്യം ഓര്‍മ്മവന്ന രാജാവാകട്ടെ മനുഷ്യമാംസത്തോടൊപ്പമാണ് ബ്രാഹ്മണന് ആഹാരം എത്തിച്ചുകൊടുത്തത്. അത് കല്മാഷപാദനുതന്നെ വിനയായിതീര്‍ന്നു. തന്റെ വൈഭവം കൊണ്ട് ശക്തിയുടെ ശാപത്തിന്റെ പ്രസരം ഏറെക്കുറേ പിടിച്ചുനിന്ന രാജാവിനു ബ്രാഹ്മണശാപം കൂടി കിട്ടിക്കഴിഞ്ഞപ്പോള്‍ പിടിച്ചുനില്‍ക്കാന്‍ പറ്റാതെവന്നു. നരഭോജി എന്ന അത്യന്തം ഹീനമായ ഒരു സ്ഥാനത്തേക്ക് അദ്ദേഹം ചെന്നുപെട്ടു. എന്നാല്‍ ഇത് വിശ്വാമിത്രന് സന്തോഷിക്കാന്‍ ഏറെ വക നല്‍കി.

നരഭോജിയായിത്തീര്‍ന്ന കല്മാഷപാദന്‍ വസിഷ്ഠന്റെ നൂറുപുത്രന്മാരെയും ഒരു ദിവസം തന്നെ വിഴുങ്ങികളഞ്ഞില്ലേ? വസ്തുനിഷ്ഠമായി വിചിന്തനം ചെയ്താല്‍ കല്മാഷപാദന്റെ പക്ഷത്ത് ഒരു തെറ്റുമാത്രമേ ഉള്ളൂ. എന്നു കാണാം. അനിയന്ത്രിതമായ കോപംകൊണ്ട് ഋഷിപുത്രനെ ചാട്ടവാറുകൊണ്ട് അടിച്ചതാണ് ആ കുറ്റം തുടര്‍ന്നുള്ള കല്മാഷപാദന്റെ പാപകര്‍മ്മങ്ങളെല്ലാം അദ്ദേഹം സ്വമേധയാ ചെയ്തതല്ല. ആ പാപകര്‍മ്മങ്ങള്‍ക്കുള്ള ഒരു ഉപകരണം മാത്രമായിരുന്നു അദ്ദേഹം.

അതുകൊണ്ട് കല്മാഷപാദനെ നൃശംസനായ ഒരു കുറ്റവാളി എന്നു വിധിച്ച് പുറംതള്ളാന്‍ പറ്റുകയില്ല. എന്നാല്‍ അതേ സമയം പാപപരമ്പരയുടെ തുടക്കത്തിന്റെ ഉടമസ്ഥാവകാശം കല്മാഷപാദനാണ് എന്നതുകൊണ്ട് പൂര്‍ണ്ണമായും കുറ്റവിമുക്തമാക്കാനും പുറ്റുകയില്ല.

കൂടുതല്‍ വാര്‍ത്തകള്‍ - സനാതനം