പഞ്ചായത്തുകള്‍ സമ്പൂര്‍ണ്ണപെന്‍ഷന്‍ പദ്ധതിയിലേയ്ക്ക്: പ്രഖ്യാപനം ജനുവരിയില്‍

November 11, 2013 കേരളം

തിരുവനന്തപുരം: അര്‍ഹരായ മുഴുവന്‍ ആളുകള്‍ക്കും ഏതെങ്കിലുമൊരു സാമൂഹിക സുരക്ഷാപെന്‍ഷന്‍ ഉറപ്പാക്കി ജില്ലയിലെ എല്ലാ ഗ്രാമപഞ്ചായത്തുകളേയും സമ്പൂര്‍ണ്ണപെന്‍ഷന്‍ പഞ്ചായത്തുകളാക്കി മാറ്റുന്നതിനുളള കര്‍മ്മപദ്ധതിയായി. സമ്പൂര്‍ണ്ണ പെന്‍ഷന്‍പഞ്ചായത്ത്പദ്ധതിയുടെ പ്രഖ്യാപനം ജനുവരി ഒന്നിന് അതത് ഗ്രാമപഞ്ചായത്തുകളില്‍ നടക്കും.

പഞ്ചായത്ത് ഡെപ്യൂട്ടി സെക്രട്ടറി വി.ആര്‍. മധുസൂദനക്കുറുപ്പിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലയിലെ ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികളുടേയും ഉദേ്യാഗസ്ഥരുടേയും യോഗത്തിലാണ് തീരുമാനം. പദ്ധതിയുടെ നടത്തിപ്പിന് വാര്‍ഡ് മെമ്പര്‍ ചെയര്‍പേഴ്‌സണും എ.ഡി.എസ്. സെക്രട്ടറി കണ്‍വീനറുമായി വാര്‍ഡുതലകമ്മിറ്റികള്‍ രൂപീകരിച്ചിട്ടുണ്ട്. നിലവില്‍ തീര്‍പ്പാക്കാന്‍ അവശേഷിക്കുന്ന പെന്‍ഷന്‍അപേക്ഷകളില്‍ തീര്‍പ്പുണ്ടാക്കുന്നതിനും വാര്‍ഡ്തലത്തില്‍ സ്‌ക്വാര്‍ഡുകള്‍ രൂപീകരിച്ച് സമഗ്രമായ സര്‍വെ നടത്തി അര്‍ഹരായവരില്‍ നിന്നും അപേക്ഷകള്‍ വീടുകളില്‍ ചെന്ന് ശേഖരിച്ച് പെന്‍ഷന്‍ അനുവദിക്കാനുമാണ് പദ്ധതി ലക്ഷ്യമിടുന്നത്. വിവരശേഖരണം നവംബര്‍ അവസാനത്തോടെ പൂര്‍ത്തിയാക്കും. ഡിസംബര്‍ രണ്ടിന്‌ചേരുന്ന വാര്‍ഡ്‌സമിതിയോഗത്തില്‍ അര്‍ഹരായ മുഴുവന്‍ ആളുകളും ഏതെങ്കിലും ഒരു പെന്‍ഷന്‍ ഇനത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് ഉറപ്പാക്കും. അപേക്ഷകളിന്മേലുളള അനേ്വഷണറിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഡിസംബര്‍ 26 ന് ചേരുന്ന ഗ്രാമപഞ്ചായത്ത് യോഗങ്ങളില്‍ ഗുണഭോക്താക്കളെ സംബന്ധിച്ച് അന്തിമതീരുമാനമെടുക്കും. തുടര്‍ന്ന് പുതുവര്‍ഷപ്പിറവിയില്‍ ഗ്രാമപഞ്ചായത്തുകളെ സമ്പൂര്‍ണ്ണപെന്‍ഷന്‍ പഞ്ചായത്തുകളാക്കി മാറ്റുന്നതിന്റെ പ്രഖ്യാപനവും നടത്തും.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം