സര്‍വകലാശാല നിയമനം: പി.എസ്‌.സിക്ക്‌ വിടാന്‍ തീരുമാനം

December 15, 2010 കേരളം,മറ്റുവാര്‍ത്തകള്‍

തിരുവനന്തപുരം: എല്ലാ സര്‍വകലാശാല നിയമനങ്ങളും പി.എസ്‌.സിക്ക്‌ വിടാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. സര്‍വകലാശാലകളിലെ അനധ്യാപക നിയമനങ്ങളാണ്‌ പി.എസ്‌.സിയെ ഏല്‍പിക്കുന്നതെന്നും മന്ത്രിസഭായോഗത്തിനു ശേഷം മുഖ്യമന്ത്രി വി.എസ്‌.അച്യുതാനന്ദന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
കാസര്‍കോട്‌ ജില്ലയില്‍ 2009ല്‍ നവംബര്‍ 15നുണ്ടായ വെടിവയ്‌പിനെ കുറിച്ച്‌ വിരമിച്ച ജില്ലാ ജഡ്‌ജിയെ കൊണ്ട്‌ അന്വേഷണം നടത്തും. ആറു മാസത്തിനകം കമ്മീഷന്‍ സര്‍ക്കാരിന്‌ റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കും. തിരുവനന്തപുരം ഈഞ്ചക്കലില്‍ ബി.ഒ.ടി അടിസ്ഥാനത്തില്‍ കെ.എസ്‌.ആര്‍.ടി.സി ബസ്‌ ടെര്‍മിനല്‍ സ്ഥാപിക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചിട്ടുണ്ട്‌.
ഏഷ്യന്‍ ഗെയിംസില്‍ മെഡല്‍ നേടിയ മലയാളി കായിക താരങ്ങളുടെ പരിശീലകര്‍ക്ക്‌ ഒരു ലക്ഷം രൂപ വീതം പ്രോത്സാഹന സമ്മാനം നല്‍കും. തിരുവനന്തപുരം താലൂക്കില്‍ ലാറി ബേക്കര്‍ ഇന്‍റര്‍നാഷണല്‍ സ്‌കൂള്‍ ഓഫ്‌ ഹാബിറ്റാറ്റ്‌ സ്റ്റസി ക്യാമ്പസ്‌ നിര്‍മിക്കുന്നതിനായി ആറേക്കര്‍ സ്ഥലം ഭവന വകുപ്പിന്‌ നല്‍കും. പത്തേക്കര്‍ സ്ഥലം ഫിഷറീസ്‌ കേന്ദ്രം സ്ഥാപിക്കുന്നതിനായി ഫിഷറീസ്‌ വകുപ്പിനും, അര ഏക്കര്‍ സ്ഥലം വാഴമുട്ടം ഹൈസ്‌കൂളിനുമായി പൊതുവിദ്യാഭ്യാസ വകുപ്പിനുമായി കൈമാറുമെന്നും വി.എസ്‌ അറിയിച്ചു. കോഴിക്കോട്‌ ചേവായൂരില്‍ അഞ്ച്‌ ഏക്കര്‍ നാഷണല്‍ ഗെയിംസ്‌ ഇന്‍ഡോര്‍ സ്‌റ്റേഡിയം നിര്‍മ്മിക്കുന്നതിന്‌ നല്‍കും. തൃശൂര്‍ ജില്ലയിലെ അന്തിക്കാട്‌ വില്ലേജില്‍ 12 ഏക്കര്‍ മിച്ചഭൂമി സുനാമി പുനരധിവാസ പദ്ധതിയിലുള്‍പ്പെടുത്തി പട്ടയം നല്‍കാനും മന്ത്രിസഭ തീരുമാനിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം