ദില്ലിയില്‍ തുടര്‍ച്ചയായി നാലു തവണ ഭൂചലനം; ആളപായമില്ല

November 12, 2013 പ്രധാന വാര്‍ത്തകള്‍

explosion-sliderന്യൂഡല്‍ഹി: ദില്ലിയില്‍ അര്‍ദ്ധരാത്രി തുടര്‍ച്ചയായി നാലു തവണ ഭൂചലനമുണ്ടായി. പുലര്‍ച്ചെ 12.41 മുതലാണ് തലസ്ഥാനത്ത് നേരിയ ഭൂചലനം അനുഭവപ്പെട്ടത്. റിക്ടര്‍ സ്‌കെയിലില്‍ 3.3 രേഖപ്പെടുത്തിയ ഭൂചലനമായിരുന്നെങ്കിലും നാശനഷ്ടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

പുലര്‍ച്ചെ 12.41 മുതല്‍ ഒരു മണിക്കൂറിനിടെ തുടര്‍ച്ചയായി നാലു തവണയാണ് ഭൂചലനം അനുഭവപ്പെട്ടത്. ഡല്‍ഹിക്കു പുറമെ നോയിഡയിലും ഗാസിയാബാദിലും ചലനം അനുഭവപ്പെട്ടു. പ്രഭവകേന്ദ്രം തലസ്ഥാന നഗരമാണെന്ന് ഭൗമശാസ്ത്ര പഠനകേന്ദ്രം അറിയിച്ചു.

അര്‍ദ്ധരാത്രി വന്‍ശബ്ദത്തോടെയാണ് ഭൂചലനം അനുഭവപ്പെട്ടത്. തുടര്‍ന്ന് പരിഭ്രാന്തരായ ജനം വീടുവിട്ട് പുറത്തേക്ക് ഇറങ്ങിയോടി. കഴിഞ്ഞ സെപ്തംബറില്‍ തെക്കു പടിഞ്ഞാറന്‍ പാകിസ്ഥാനിലുണ്ടായ ശക്തമായ ഭൂകമ്പത്തെ തുടര്‍ന്ന് ഡല്‍ഹിയിലും ചലനം അനുഭവപ്പെട്ടിരുന്നു. 300ഓളം പേരാണ് അന്ന് പാകിസ്ഥാനില്‍ കൊല്ലപ്പെട്ടത്.

കൂടുതല്‍ വാര്‍ത്തകള്‍ - പ്രധാന വാര്‍ത്തകള്‍