മുഖ്യമന്ത്രിയെ കല്ലെറിഞ്ഞ കേസിലെ നാലു പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചു

November 12, 2013 കേരളം

കൊച്ചി: കണ്ണൂരില്‍ പൊതുപരിപാടിയില്‍ പങ്കെടുക്കാനെത്തിയ മുഖ്യമന്ത്രിയെ കല്ലെറിഞ്ഞ കേസിലെ നാലു പ്രതികള്‍ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. 50,000 രൂപ കെട്ടിവെയ്ക്കണമെന്നുള്‍പ്പെടെയുളള ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. കണ്ണൂര്‍ ജില്ലാ പഞ്ചായത്തംഗം കെ. മുരളീധരന്‍, തളിപ്പറമ്പ് നഗരസഭാ വൈസ് ചെയര്‍മാന്‍ കുഞ്ഞിരാമന്‍, ക്ഷേമകാര്യ സ്റാന്‍ഡിംഗ് കമ്മറ്റിയംഗം രാഘവന്‍, സ്കൂള്‍ അധ്യാപകനായ അനീഷ് എന്നിവര്‍ക്കാണ് ജാമ്യം അനുവദിച്ചത്. പ്രതികള്‍ക്ക് ജാമ്യം നല്‍കുന്നതിനെ പ്രോസിക്യൂഷന്‍ എതിര്‍ത്തെങ്കിലും കര്‍ശന ഉപാധികളോടെ ജാമ്യം നല്‍കാമെന്ന് കോടതി നിലപാട് സ്വീകരിക്കുകയായിരുന്നു. എല്‍ഡിഎഫിന്റെ കരിങ്കൊടി പ്രതിഷേധത്തിനിടെയാണ് മുഖ്യമന്ത്രിയുടെ വാഹനത്തിനു നേരെ കല്ലേറുണ്ടായത്. കല്ല് കൊണ്ട് വാഹനത്തിന്റെ ചില്ല് തകരുകയും മുഖ്യമന്ത്രിക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. മുഖ്യമന്ത്രിക്കു നേരെയുള്ള ആക്രമണസാധ്യതയെക്കുറിച്ച് രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ട് സര്‍ക്കാര്‍ കോടതിയില്‍ സമര്‍പ്പിച്ചു. കഴിഞ്ഞ തവണ കേസ് പരിഗണിക്കവേ കോടതി ഈ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു. ഇതിനുപുറമേ മുഖ്യമന്ത്രിക്കൊപ്പം സംഭവ സമയത്ത് കാറിലുണ്ടായിരുന്ന ഗണ്‍മാന്‍ , മന്ത്രി കെ.സി ജോസഫ് എന്നിവരുടെ മൊഴികളും കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം