മംഗള്‍യാന്‍: നാലാം ഘട്ട ഭ്രമണപഥവികസനത്തിലുണ്ടായ പാളിച്ച പരിഹരിച്ചു

November 12, 2013 ദേശീയം

ചെന്നൈ: ഭാരതത്തിന്‍റെ ചൊവ്വാ പര്യവേഷണപേടകത്തിന്റെ നാലാം ഘട്ട ഭ്രമണപഥവികസനത്തിലുണ്ടായ പാളിച്ച പരിഹരിച്ചു. ഭ്രമണപഥത്തിന്റെ ഭൂമിയില്‍നിന്നുള്ള കൂടിയദൂരം (അപ്പോജി) ഒരുലക്ഷം കിലോമീറ്റര്‍ ആക്കി ഉയര്‍ത്താനുള്ള ഐഎസ്ആര്‍ഒയുടെ ശ്രമമാണ് വിജയിച്ചത്.

മൂന്നാംഘട്ട ഭ്രമണപഥ വികസനത്തിലൂടെ കൈവരിച്ച 71,623 കിലോമീറ്റര്‍ ദൂരം ഒരുലക്ഷം എന്ന തലത്തിലേക്ക് ഉയര്‍ത്താന്‍ ശ്രമിച്ചെങ്കിലും 78,276 കിലോമീറ്റര്‍ ആക്കാനേ കഴിഞ്ഞുള്ളൂ. തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെ 05.03 ന് നടത്തിയ ശ്രമത്തില്‍ പേടകത്തെ 1,18,642 കിലോമീറ്റര്‍ അകലം വരുന്ന ഭ്രമണപഥത്തിലെത്തിച്ചു. ഇന്നലെ പുലര്‍ച്ചെ നാലാം ഘട്ടമായി ഭ്രമണപഥം ഉയര്‍ത്താനുളള ശ്രമത്തിലാണ് പാളിച്ചയുണ്ടായത്. ഒരു ലക്ഷം കിലോമീറ്ററാണ് നാലാം ഘട്ടത്തില്‍ ലക്ഷ്യമിട്ടിരുന്നതെങ്കിലും 78,276 കിലോമീറ്റര്‍ എത്തിക്കാനേ കഴിഞ്ഞിരുന്നുളളു.

ഡിസംബര്‍ ഒന്നിനു പുലര്‍ച്ചെ 12.42നാണു ഭൂമിയുടെ ഗുരുത്വവലയം മറികടന്ന് പര്യവേക്ഷണ പേടകത്തിന്റെ ചൊവ്വായാത്ര നിശ്ചയിച്ചിട്ടുള്ളത്. തുടര്‍ന്ന് 282 ദിവസത്തെ യാത്രക്ക് ശേഷം നാല്‍പത് കോടി കിലോമീറ്റര്‍ അകലെയുള്ള ചൊവ്വയുടെ ഭ്രമണപഥത്തില്‍ എത്തുമെന്നാണ് ഐഎസ്ആര്‍ഒയുടെ കണക്കുകൂട്ടല്‍. ബാംഗ്ലൂരിലെ ഐഎസ്ആര്‍ഒ പ്രത്യേക വിഭാഗമാണ് പേടകത്തെ നിയന്ത്രിക്കുന്നത്. നവംബര്‍ അഞ്ചിനാണ് പിഎസ്എല്‍വി സി 25 ഉപയോഗിച്ച് മംഗള്‍യാനെ ഭൗമഭ്രമണപഥത്തില്‍ എത്തിച്ചത്.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം