വേലിതന്നെ വിളവുതിന്നാല്‍

November 14, 2013 എഡിറ്റോറിയല്‍,പ്രധാന വാര്‍ത്തകള്‍

ഭാരതത്തിലെ പരമോന്നത നീതിപീഠമായ സുപ്രീംകോടതയില്‍നിന്ന് ഈയിടെ വിരമിച്ച ഒരു ജഡ്ജി ഒരു യുവ അഭിഭാഷകയെ പീഡിപ്പിച്ചു എന്ന ആരോപണം ആരെയും ഞെട്ടിപ്പിക്കുന്നതാണ്. ഇത് സത്യമാണെങ്കില്‍ നിയമ സംരക്ഷകര്‍തന്നെ നിയമത്തിന്റെ അന്തകരാകുന്നു എന്നു പറയേണ്ടിവരും. ഭാരതത്തിലെ ഓരോ വ്യക്തിയുടെയും പൗരാവകാശം കണ്ണിലെ കൃഷ്ണമണിപോലെ കാത്തുസൂക്ഷിക്കേണ്ട ഉന്നത നീതിപീഠത്തില്‍ പങ്കാളിയായിരിക്കെയാണ് ജഡ്ജി അഭിഭാഷകയെ പീഡിപ്പിച്ചത്. ജനാധിപത്യക്രമത്തിലെ ഏറ്റവും പവിത്രമായി കരുതപ്പെടുന്നതാണ് ജുഡീഷ്യറി. അവിടെയും അധാര്‍മ്മികതയുടെ അര്‍ബുദം ബാധിച്ചുതുടങ്ങിയോ എന്ന് സംശയിക്കത്തക്കതാണ് ഈ സംഭവം.

നിയമവിദ്യാര്‍ത്ഥിയായിരിക്കെ ഇക്കഴിഞ്ഞ ഡിംസബറില്‍ സുപ്രീംകോടതിയില്‍ പരിശീലനത്തിനെത്തിയപ്പോഴാണ് പീഡനത്തിന് ഇരയായതെന്നാണ് യുവ അഭിഭാഷക ബ്ലോഗിലെ കുറിപ്പിലൂടെ വെളിപ്പെടുത്തിയിരിക്കുന്നത്. ഒരു ഹോട്ടല്‍മുറിയില്‍വച്ചാണ് തന്റെ അപ്പൂപ്പനാകാന്‍ പ്രായമുള്ള ജഡ്ജി ശാരിരികമായല്ലെങ്കിലും ലൈഗിംകമായി പീഡിപ്പിച്ചതെന്ന് കുറിപ്പില്‍ പറയുന്നു. കോല്‍ക്കത്ത നാഷണന്‍ യൂണിവേഴ്‌സിറ്റി ഓഫ് ജുറിഡിക്കല്‍ സയന്‍സസിലെ വിദ്യാര്‍ത്ഥിയാണ് അഭിഭാഷക. ഇതേ ജഡ്ജിക്കെതിരെ മൂന്നുപെണ്‍ക്കുട്ടികള്‍ മുമ്പ് ആരോപണം ഉന്നയിച്ചിരുന്നു എന്നും അഭിഭാഷക ബ്ലോഗില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. മറ്റു ജഡ്ഡജിമാരില്‍നിന്നു പീഡനമേറ്റുവാങ്ങിയ നാലു പെണ്‍കുട്ടികളെയെങ്കിലും തനിക്കറിയാമെന്നും ഇത്തരം സംഭവങ്ങളില്‍ പലതും ജഡ്ജിമാരുടെ ചേംബറില്‍വച്ചാണ് നടക്കുന്നതെന്നും പെണ്‍കുട്ടി പറയുന്നു. തുടര്‍ച്ചയായ പീഡനം തൊഴിലിനെബാധിച്ച ഒരു പെണ്‍കുട്ടിയെകുറിച്ചും അഭിഭാഷക പറയുന്നുണ്ട്. മറ്റു പെണ്‍കുട്ടികള്‍ക്ക് ഇത്തരത്തില്‍ അനുഭവം ഉണ്ടാകാതിരിക്കാന്‍വേണ്ടിയാണ് ഇപ്പോള്‍ ഇക്കാര്യം വെളിപ്പെടുത്തുന്നതെന്ന് കുറിപ്പില്‍ വ്യക്തമാക്കുന്നു.

ഈ പ്രശ്‌നത്തെ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് പി.സദാശിവ അതീവ ഗൗരവത്തോടെയാണ് കാണുന്നത് എന്നത് ശുഭോദര്‍ക്കമാണ്. ആരോപണത്തെക്കുറിച്ച് അന്വേഷിക്കാന്‍ മുതിര്‍ന്ന ജഡ്ജിമാരായ ജസ്റ്റിസ് ആര്‍.എം.ലോധ, ജസ്റ്റിസ് എച്ച്.എല്‍.ദത്തു, ജസ്റ്റിസ് രഞ്ജനപ്രകാശ് ദേശായി എന്നിവരടങ്ങിയ സമിതിയെ നിയോഗിച്ചുകഴിഞ്ഞു.

ശ്രീകോവില്‍പോലെ വിശുദ്ധമായി കരുതുന്നതാണ് സുപ്രീംകോടതി. അവിടെ നീതിനിര്‍വഹണം നടത്തുന്ന ഓരോ ജഡ്ജിയും സംശുദ്ധി കാത്തുസൂക്ഷിക്കാന്‍ ബാദ്ധ്യസ്ഥരാണ്. നിയമം പവിത്രമായും മുന്നോട്ടുകൊണ്ടുപോകണമെങ്കില്‍ അത് കൈകാര്യംചെയ്യുന്ന ജഡ്ജിമാരും ധാര്‍മ്മികമായി ഉന്നതനിലവാരം പുലര്‍ത്തുന്നവരായിരിക്കണം. അവരുടെ ചേംബറുകള്‍ വിശുദ്ധിയുടെ പര്യായയവുമായിരിക്കണം. സുപ്രീംകോടതി ജഡ്ജിയുടെ ചേംബറില്‍പോലും സ്ത്രീകള്‍ പീഡിപ്പിക്കപ്പെടുന്നുവെങ്കില്‍ സ്ത്രീകള്‍ക്ക് എവിടെയാണ് സംരക്ഷണം ലഭിക്കുക?

ധാര്‍മ്മികാധപതനത്supreme -editorial- pbതിന്റെയും മൂല്യത്തകര്‍ച്ചയുടെയും കാലഘട്ടത്തിലൂടെയാണ് നാം കടന്നുപോകുന്നത്. എന്നാല്‍ പ്രതീക്ഷയുടെ ചില കൈത്തിരികള്‍ ഇപ്പോഴും അണയാതെ ധര്‍മ്മദീപമായി പ്രകാശം പരത്തുന്നു. അതിലൊന്നാണ് സുപ്രീംകോടതിയെന്ന ഭരണഘടനാ സ്ഥാപനം. അവിടെയും കളങ്കത്തിന്റെ കറുത്തപൊട്ടുകള്‍ ഉണ്ടായി എങ്കില്‍ അതിന് കാരണക്കാരായവര്‍ എത്ര ഉന്നതരായാലും ശിക്ഷിക്കപ്പെടുകതന്നെവേണം. ഈ ആരോപണം ശരിയാണെങ്കില്‍ സുപ്രീംകോടതിക്കുമേല്‍ ഉണ്ടായ ഈ കളങ്കം കഴുകിക്കളഞ്ഞ്, അതിന്റെ വിശുദ്ധിവീണ്ടെടുത്ത്, ആ ഭരണഘടനാ സ്ഥാപനത്തിന്റെ പൂര്‍വ്വശോഭ നിലനിര്‍ത്തുക എന്ന ദൗത്യമാണ് സുപ്രീംകോടതി ചീഫ്ജസ്റ്റിസില്‍ അര്‍പ്പിതമായിരിക്കുന്നത്.

കൂടുതല്‍ വാര്‍ത്തകള്‍ - എഡിറ്റോറിയല്‍