ഉദ്ധവര്‍ ശ്രീകൃഷ്ണ സന്നിധിയില്‍ (ഗര്‍ഗ്ഗഭാഗവതസുധ-ഭാഗം II)

November 13, 2013 സനാതനം

ചെങ്കല്‍ സുധാകരന്‍

5. ഉദ്ധവര്‍ ശ്രീകൃഷ്ണ സന്നിധിയില്‍

Garga-II-5-pbശ്രീകൃഷ്ണ ദൂതനായ ഉദ്ധവര്‍ രാധയേയും മറ്റുഗോപികമാരേയും സമാശ്വസിപ്പിച്ചു. പലപല യൂഥങ്ങളായി ഉദ്ധവ സമീപമെത്തിയ കൃഷ്ണപ്രിയമാര്‍ നന്ദുസൂനുവിന്റെ സൗന്ദര്യാതിശയവും ലീലാകലവികളും ഓര്‍ത്തോര്‍ത്ത് ആനന്ദിച്ചു. ആസ്വദിച്ചു. ദുഃഖിച്ചു. അവര്‍ കൃഷ്ണകഥകള്‍ അയവിറക്കി. ആ വാക്കുകളില്‍ ഭഗവാനെപ്പറ്റിയുള്ള നിന്ദാസ്തുതികളാണുണ്ടായിരുന്നത്.

ഗോപികമാരില്‍ ചിലര്‍ പറഞ്ഞു:- ‘ഭക്തനും ദാനവ്രതനുമായ മഹാബലിയില്‍നിന്ന് കിട്ടേണ്ടതെല്ലാം വാങ്ങിയിട്ട് ചതിച്ചില്ലേ? ആ വാമനമൂര്‍ത്തിയെ ആര് സേവിക്കും? പ്രഹ്ലാദനെ എത്രമേല്‍ കഷ്ടപ്പെടുത്തിയിട്ടാണ് നൃസിംഹവതാരമെടുത്ത് രക്ഷിച്ചത്! കൃപാലുവായ ഭഗവാന്‍ വരാഹമായി അവതരിച്ച് ഭൂമിയെ സമുദ്ധരിച്ചു. പൃഥുവായവതരിച്ച് സംരക്ഷിച്ചു.’

ഭഗവത് കഥാസ്മരണം ഗോപികള്‍ക്ക് അമൃതാനുഭവമായി. വേറൊരുകൂട്ടം ഗോപസ്ത്രീകള്‍ ഇങ്ങനെ പറഞ്ഞു:- ‘കാമിച്ചു വന്ന ശൂര്‍പ്പണഖയെ കൈക്കൊണ്ടില്ലെന്നല്ല, ലക്ഷ്മണനെക്കൊണ്ട് അവളെ വികൃതയാക്കുകയും ചെയ്തു.’ ഗോപികമാര്‍ ഇങ്ങനെ പറഞ്ഞും ചിരിച്ചും കൃഷ്ണസ്മരണയാലാനന്ദിച്ചും ദിവസങ്ങള്‍ തള്ളിനീക്കി. ‘കൃഷ്ണന്‍ വരുന്ന വഴി നോക്കി നോക്കി കണ്ണുകള്‍ നോവാന്‍ തുടങ്ങി. ഇതിന്റെ അവസാനം കാണാന്‍ വാമനപാദം തന്നെ വേണ്ടിവരും.’ ഇപ്രകാരം ചിന്തിച്ചും പറഞ്ഞും ഗോപികമാര്‍, കൃഷ്ണ പ്രഭാവത്തില്‍ മുഴുകി.

‘ഇതി കൃഷ്ണം ചിന്തയന്ത്യാ
ഗോപികാ പ്രേമവിഹ്വലാ
ഉല്‍ക്കണ്ടിതാസ്താ രുരുദുര്‍-
മൂര്‍ച്ഛിചാ ധരണീം ഗതാഃ’

(കൃഷ്ണനെപ്പറ്റി ഈവിധം ചിന്തിച്ചുകൊണ്ട് പ്രേമപരവസഥരായ ഗോപികമാര്‍ ഉല്‍ക്കണ്ഠയോടെ മൂര്‍ച്ഛിച്ചുവീണു.)

ഇതെല്ലാം കണ്ട് ഉദ്ധവരുടെ മനസ്സലിഞ്ഞുപോയി. ആര്‍ദ്രമാനസനായ അദ്ദേഹം ഗോപികമാരെ പലവിധം പറഞ്ഞ് ഒരുവിധം ആശ്വസ്തരാക്കി. തുടര്‍ന്ന് രാധികയോട് നമസ്‌കാരംപൂര്‍വ്വം അറിയിച്ചു. – ‘ഹേ ദേവീ, പരിപൂര്‍ണ്ണതമനായ ശ്രീകൃഷ്ണനടുക്കലേക്ക് പോകാനാഗ്രഹിക്കുന്ന എനിക്ക്, അനുജ്ഞ നല്‍കിയാലും. ഭഗവാന്റെ സന്ദേശത്തിന് പ്രതിസന്ദേശം നല്‍കിയാലും. ഭവതിയുടെ ദുഃഖം ഞാനദ്ദേഹത്തെ ബോദ്ധ്യപ്പെടുത്താം. ഭഗവാനെ ഇവിടേയ്ക്കു കൂട്ടിക്കൊണ്ടുവരാം’.

ഉടന്‍ രാധയുടെ പരിചാരികമാര്‍ എഴുത്തുപകരണങ്ങള്‍ കൊണ്ടുവന്നു. സന്ദേശമെഴുതാനിരുന്ന രാധ വികാരതരളിതയായി. എഴുതാനെടുത്ത പത്രം കണ്ണീരില്‍ കുതിര്‍ന്നുപോയി. ഈ അവസ്ഥകണ്ട് ഉദ്ധവന്‍ ആശ്ചര്യപ്പെട്ടു. അദ്ദേഹം രാധയെ സമാധാനിപ്പിച്ചു. അങ്ങോട്ടെഴുതാതെ തന്നെ വിവരങ്ങളെല്ലാം കൃഷ്ണനെ അറിയിച്ചു കൊള്ളാമെന്നും വാക്കുകൊടുത്തു. കൃഷ്ണദൂതന്റെ ദയാമയമായ വാക്കുകള്‍ രാധയ്ക്കും ഇതര ഗോപികമാര്‍ക്കും ആനന്ദകരമായി. അവര്‍ ഉദ്ധവനെ വേണ്ടപോലെ പൂജിച്ചാദരിച്ചു. രാധയോടു വിടവാങ്ങി പുറപ്പെട്ട ഉദ്ധവന്‍ നന്ദഗോപരേയും യശോദയേയും മറ്റ് ഗോപമുഖ്യന്മാരേയും നമസ്‌ക്കരിച്ച് മഥുരായിലേക്ക് യാത്രയായി.

ഭഗവച്ചിന്താരതനായ ഉദ്ധവന്‍ മഥരയിലെത്തി. ഭഗവാന്‍ അവിടെ ഒരു വടവൃക്ഷച്ചുവട്ടില്‍ ഏകാകിയായിരിക്കുകയായിരുന്നു. ശ്രീകൃഷ്ണനെക്കണ്ട ഉടന്‍ ഭക്തനായ ഉദ്ധവര്‍ ഓടിച്ചെന്നു നമസ്‌ക്കരിച്ചു. ആനന്ദബാഷ്പമൊഴുക്കിക്കൊണ്ട് ഗദ്ഗദകണ്ഠനായി ഇങ്ങനെ പറഞ്ഞു:-

‘കിം ദേവ കഥനീയം മേ
ഭവതോfശേഷ സാക്ഷിണ:
വിധത്‌സ്വരം രാധികായൈ
ഗോപീനാം ദേഹി ദര്‍ശനം’

(ഭഗവാനേ എല്ലാറ്റിനും സാക്ഷിയായ അങ്ങയോട് ഞാനെന്തുപറയാനാണ്? ഏറെ ദുഃഖിതയായ രാധികയ്ക്കും മറ്റു ഗോപികള്‍ക്കും അവിടുന്ന് ദര്‍ശനം നല്‍കിയാലും). അങ്ങയെ കൊണ്ടുചെല്ലാമെന്ന് വാക്കും നല്‍കിയാണ് ഞാനിങ്ങെത്തിയിരിക്കുന്നത്. പ്രഭോ, എന്റെ വാക്ക് സാര്‍ത്ഥകമാക്കി, ഈ ഭക്തനെ രക്ഷിച്ചാലും. അങ്ങ് പ്രഹ്ലാദന്‍, അംബരീഷന്‍, മഹാബലി, ധ്രുവന്‍ തുടങ്ങിയവരുടെ പ്രതിജ്ഞ സ്വീകരിച്ച് അവരെ രക്ഷിച്ചുവല്ലോ! ‘

ഉദ്ധവരുടെ ഗോപികാ സാന്ത്വനകഥ വ്യാസ ഭാഗവതത്തിലും പറഞ്ഞിട്ടുണ്ട്. ദശമസ്‌ക്കന്ധം നാല്പത്തിയേഴാമദ്ധ്യായത്തില്‍. ഗര്‍ഗ്ഗാചാര്യനും വ്യാസനും ഈ ഭാഗം ഏതാണ്ട് സമാനമായിട്ടാണ് ആവിഷ്‌ക്കരിച്ചിട്ടുള്ളത്. ഗോപികാ വിരഹദുഃഖവും കൃഷ്ണവാര്‍ത്താ ശ്രവണ താല്പര്യവും ഭഗവദ്ദര്‍ശന വ്യഗ്രതയും അറുപത്തൊന്‍പുതശ്ലോകം കൊണ്ടാണ് വ്യാസര്‍ വിശദീകരിച്ചിരിക്കുന്നത്.

ഭക്തിയുടെ ഉദാത്തമാതൃകകളാണ് ഗോപികമാര്‍! അവര്‍ സര്‍വ്വേന്ദ്രിയങ്ങളിലൂടെയും ഈശ്വരാമൃതം നുകര്‍ന്നുകൊണ്ടേയിരിക്കുന്നു. രാധാദേവിയും ഗോപികമാരും നിറഞ്ഞഭക്തിയുടെ നിറഞ്ഞ രൂപങ്ങളാണ്. ശ്രീനാരദന്‍ ഭക്തിസൂത്രത്തില്‍ ഇപ്രകാരം പറയുന്നു:-

‘യത് പ്രാപ്യന കിഞ്ചിത് വാഞ്ചതി
ന ഗോചതി നദ്വേഷ്ടീ
ന രമതേ നോത്സാഹീ ഭവതി!’ (നാ.ഭ.സൂ.5)

( ആ രസമറിഞ്ഞാല്‍ പിന്നെ ഒന്നിലും ആഗ്രഹമില്ല. ശോകമോ ദ്വേഷമോ ഇല്ല. മനസ്സ് മറ്റൊന്നിലും രമിക്കുന്നില്ല. യാതൊന്നിലും ഉത്സാഹിക്കുന്നുമില്ല.) ഇതാണ് നിഷ്‌ക്കള ഭക്തിയുടെ ശുദ്ധ സ്വരൂപം! ഒന്നിലും ആഗ്രഹമില്ല എന്നതിന്, ഭഗവാനിലല്ലാതെ മറ്റൊന്നിലും ആഗ്രഹമില്ലെന്നാണര്‍ത്ഥം! മനസ്സ് ഒന്നിലും രമിക്കുന്നില്ല എന്നതിന്, ഭഗവാനിലല്ലാതെ മറ്റൊന്നിലും മനസ്സ് രമിക്കുകയില്ലെന്നുമാണര്‍ത്ഥം! ചുരുക്കത്തില്‍ ഭക്തിവിലീനനായ വ്യക്തി സദാ ‘സോfഹം’ എന്നുരുവിട്ട് ‘തന്മയനായി’ ആന്തരാനന്ദമനുഭവിക്കുന്നു.

ഗോപികമാരുടേയും രാധാദേവിയുടേയും വിരഹാര്‍ത്തി ഭഗവച്ചിന്തയാലുണ്ടായ ആനന്ദത്താല്‍ നിയന്ത്രിതമാകുന്നതായാണ് കഥാസന്ദര്‍ഭത്തില്‍ കാണുന്നത്. ഭക്തിക്ക് അങ്ങനെയൊരു ശക്തിയുണ്ട്. മറ്റെല്ലാം മറക്കാനും ഭഗവാങ്കല്‍മാത്രം മനസ്സിനെ രൂഢമാക്കാനും അതിനു കഴിയുന്നു.

ഉദ്ധവരും ഗോപികമാരും രാധയും ഭഗവത്പ്രീതിപാത്രങ്ങളായി പരിണമിക്കുന്നു. ഉദ്ധവരുടെ ആഗമനവും ഗോപികമാരുടെ വിലാപവും ഭഗവദാഗമനം കരുതി അവര്‍ സാന്ത്വചിത്തരാകുന്നതും പ്രത്യേകം ശ്രദ്ധിക്കേണ്ട കഥാംശങ്ങളാണ്. ഐശ്വര്യമായ ചിന്തയുടെ അനുക്രമമായ വൃദ്ധിയാണ് ഇവിടെ കാണാന്‍ കഴിയുന്നത്.

രാധയും ഗോപികമാരും സാധാരണ ഭക്തരല്ല. വളരെ ഉന്നതമായ ഭക്തി അവരില്‍ വളര്‍ന്നു കഴിഞ്ഞിരുന്നു. അവരെല്ലാം ഈശ്വരന്റെ പ്രിയതമകളാണ്. ഈശ്വരനേറ്റം പ്രിയമുള്ളവരെന്നര്‍ത്ഥം! നദിസമുദ്രത്തിലേയ്‌ക്കെന്നപോലെ അവരുടെ മനസ്സ് ‘കേശവം പ്രതി’ സ്വച്ഛന്ദം ഗമിക്കുന്നു. അതിരുമെതിരുമില്ലാതെ പ്രവഹിക്കുന്ന ഭക്തിഗംഗ ഈശ്വരനാകുന്ന സാഗരത്തെയല്ലാതെ മറ്റൊന്നിനേയും ലക്ഷ്യമാക്കുന്നില്ല.

ഇത്തരം സന്ദര്‍ഭങ്ങളില്‍ ഭക്തമനസ്സ് സമതയില്ലാത്തതും ചപലവുമാണെന്ന് പുറമേ കാണപ്പെടും. ഗോപികമാരുടെ വിരഹാതുരത വര്‍ണ്ണിക്കുന്ന ഭാഗം അതാണ് വ്യക്തമാക്കുന്നത്. ഈശ്വരനില്‍ കുറ്റാരോപണം നടത്തുകയും തുടര്‍ന്ന് ഉത്കണ്ഠിതരാവുകയും സ്വയം സമാധാനം കണ്ടെത്തുകയും ചെയ്യുന്ന ഗോപികമാര്‍, ഭക്തിയുടെ പരിണാമക്രമമാണ് പ്രകടമാക്കുന്നത്.

‘യത് ജ്ഞാത്വാ മത്തോ ഭവതി
സ്തബ്ദ്‌ധോ ഭവതി ആത്മാരാമോ ഭവതി!’

(അതറിഞ്ഞ് ഭക്തന്‍ മത്തനാകുന്നു. സ്ത്ബ്ധനാകുന്നു. ആത്മാനന്ദത്തില്‍ നിമജ്ഞനുമാകുന്നു – നാ.ഭ.സൂ.6) ഈ നാരദവാക്യത്തിലന്തര്‍ഗ്ഗതമായ സാരമാണ് ഗോപീ ജനഭക്തിയില്‍ സാര്‍ത്ഥകമാകുന്നത്.

മനുഷ്യന്‍ ചെയ്യുന്ന പുണ്യകര്‍മ്മങ്ങള്‍ അവനില്‍ ധര്‍മ്മബുദ്ധി വളര്‍ത്തുന്നു. ധാര്‍മ്മികവൃത്തി ഈശ്വരരതിയേ ക്രമേണ പല പല മണ്ഡലങ്ങളിലൂടെ സഞ്ചരിച്ച് ആ മനസ്സ് ഈശ്വരഭാവത്തില്‍ ലയിക്കുന്നു. ആതത്ത്വജ്ഞനായ വ്യക്തി ഭക്തി പൂയൂഷം നുകര്‍ന്ന് മത്തനാകുന്നു. സാധാരണ വ്യക്തികളുടെ മദമത്തതയല്ലിത്. തേന്‍ നുകര്‍ന്ന വണ്ട് മാദ്ധ്വീലഹരിയാല്‍ മത്തമാകുന്നതുപോലെ ഇന്ദ്രിയങ്ങളിലൂടെ ഈശ്വരാമൃതം നുകര്‍ന്ന്, ഭക്തന്‍, മത്തനാകുന്നു. ഐന്ദ്ര്യവ്യാപാരമെല്ലാം ശ്രീഹരിയിലാമഗ്നമാകുമ്പോള്‍ അനുഭവപ്പെടുന്ന ആനന്ദമൂര്‍ച്ഛയാണിവിടെ സൂചിപ്പിക്കുന്നത്. അപ്പോഴയാള്‍ ഭൗതികചിന്ത വെടിഞ്ഞ് കണ്ണന്റെ അമൃതാത്മകരൂപത്തില്‍ മാത്രം ലയിക്കുന്നു. അയാളുടെ വൃത്തി, ബാഹ്യദൃഷ്ടികള്‍ക്കജ്ഞേയമാണ്. ചപലത കാട്ടുന്നതായേ ബാഹ്യദൃക്കുകള്‍ക്കു കാണാന്‍ കഴിയൂ.
കാരണം, ഭക്തന്‍, സാധാരണവ്യക്തിയുടെ യുക്തിക്കും ചിന്തയ്ക്കും എത്രയോ മുകളിലായിരിക്കും വ്യാപരിക്കുക!

രാധയും ഗോപികമാരും ഭക്തിയുടെ ഉദാത്ത തലത്തില്‍ നില്‍ക്കുന്നതായാണ് ഉദ്ധവര്‍ ആദ്യം കണ്ടത്. ആവൃന്ദാവന നാരിമാര്‍ ഭഗവാനില്‍ കുറ്റമാരോപിക്കുന്നതും വിചാരണ നടത്തുന്നതും ന്യായം കണ്ടെത്തുന്നതും ആ സ്വഭാവത്താലാണ്. ‘ഭക്തനും ദാനവ്രതനുമായ മഹാബലിയില്‍ നിന്ന് കിട്ടേണ്ടതെല്ലാം വാങ്ങിയിട്ട് ചതിച്ചില്ലേ?’ എന്നു ചോദിക്കുന്ന ഗോപീഭാവം ഈ നിലയ്ക്കു വേണം കാണാന്‍. തൊട്ടടുത്ത് അവരുടെ മനസ്സ് ഈശ്വരന്റെ കൃപാമയ കര്‍മ്മങ്ങളിലേക്കാണ് പായുന്നത്. ‘കൃപാലുവായ ആ ഭഗവാന്‍ വരാഹമായവതരിച്ച് ഭൂമയെ സമുദ്ധരിച്ചു. പൃഥുവായവതരിച്ച് സംരക്ഷിച്ചു’. ഈ വാക്യങ്ങള്‍ പരസ്പര വിരുദ്ധമായി സഞ്ചരിക്കുന്ന ചപലമനസ്സിനെ പ്രതിനിധാനം ചെയ്യുന്നതായിതോന്നാം. പക്ഷേ, അതല്ല സത്യം! ഭക്തി നിറഞ്ഞ മനസ്സ് വാത്സല്യം നിറഞ്ഞ മാതൃമനംപോലെ ഉപാസ്യദേവനില്‍ അധികാരം നേടുന്നു. പുത്രനെ ലാളിക്കുന്ന മാതാവ് അവനെ ‘കള്ളന്‍’, ‘കുസൃതിക്കാരന്‍’ എന്നൊക്കെ സംബോധന ചെയ്യുമ്പോള്‍ പദങ്ങളുടെ വാച്യാര്‍ത്ഥങ്ങള്‍ക്കല്ലല്ലോ പ്രാധാന്യം! അതുപോലെ ഭക്തന്‍ ഭഗവാനില്‍ നേടുന്ന വിനീതാധികാരം ‘നിന്ദാസ്തുതി’ ചെയ്യുവാന്‍ ഇടയാക്കുന്നു. ഈ അര്‍ത്ഥം കാണാന്‍ കഴിഞ്ഞില്ലെങ്കില്‍ ഭക്തലക്ഷണമായ ‘മത്തോഭവതി’ എന്നതിന്റെ രഹസ്യം മനസ്സിലാവുയില്ല.

‘സ്തബ്ധോ ഭവതി’ എന്നതാണടുത്ത പടി. ഈശ്വര ചിന്തയിലൂടെ ശാശ്വത ശാന്തി നേടുന്ന മനസ്സ്, മന്ദേന്ദ്രിയ വൃത്തിയായി ചേഷ്ടാരഹിതമായിവര്‍ത്തിക്കുന്നു. ‘കാറ്റില്‍പ്പെട്ടദ്ദീപ’വുമെന്നപോലെ നിശ്ചലം നില്‍ക്കുന്ന മനസ്സ് വേദാന്തികള്‍പറയുന്ന ‘മനോ നാശത്തി’ലേയ്ക്കുയരുന്നു. അതൊരു സ്തംഭനാവസ്ഥയാണ്. യോഗികള്‍ ചിലര്‍, ഈ അവസ്ഥയില്‍ ശ്വാസനിരോധംപോലും വരുത്താറുണ്ട്. ഭക്തിരസം നുകര്‍ന്ന് സ്തബ്ധനാകുന്നുവെന്നാല്‍, ഈശ്വരനില്‍ പൂര്‍ണ്ണമായും ലയിച്ച മനസ്സോടുകൂടി ബാഹ്യബോധമറ്റു കഴിയുന്നു എന്നാണര്‍ത്ഥം! കഥാസന്ദര്‍ഭത്തിലെ പ്രാരംഭ ഭാഗത്ത്, പലതും പറഞ്ഞും ഖേദിച്ചും അവസാനം ആശ്വാസം പൂണ്ടും സ്രീകൃഷ്ണവൃത്തികളില്‍ ന്യായം കണ്ടും പ്രഹൃഷ്ട മനസ്സുകളുമായി കണ്ട ഗോപവനിതമാരല്ല, തുടര്‍ന്ന്, തപസ്വികളെപ്പോലെ ചിന്തയിലാണ്ടു കാണപ്പെട്ടത്. കൃഷ്ണസ്മരണയാല്‍ അവര്‍, മൂര്‍ച്ഛിച്ചു വീഴുകയായിരുന്നു. ഇതിനെ വെറും വൈകാരിക മോഹാലസ്യമായി കാണാന്‍ പാടില്ല. സ്വയം ഭഗവാങ്കലേയ്ക്കര്‍പ്പിതമാകുന്നതിന്റെ പ്രതീകമായിവേണം മനസ്സിലാക്കാന്‍.

രാധികയാകട്ടെ, ഇത്തരം ഭക്തമനസ്സിന്റെ പ്രതീകമാകുന്നു. സങ്കല്പങ്ങളൊടുങ്ങി ഭഗദ്രതിമാത്രം ചിത്തവൃത്തിയായുള്ള മഹാഭക്തന്റെ / ഭക്തയുടെ മനസ്സാണവള്‍! രാധയെന്ന ‘ധാരാ’ ഭക്തിയാണിവിടെ. ഈശ്വരദര്‍ശനമല്ലാതെ മറ്റൊന്നും അവിടെ ഫലിക്കുകയില്ല. ശ്രീകൃഷ്ണ സന്ദേശത്തിന് പ്രതിപത്രം നല്‍കാന്‍ ശ്രമിച്ച രാധയെ ശ്രദ്ധിക്കുന്നതുകൊള്ളാം. അവള്‍ക്കൊന്നുമെഴുതാന്‍ കഴിഞ്ഞില്ല. മറുപടിയെഴുതുവാന്‍ ഓര്‍ത്തപ്പോള്‍ത്തന്നെ മനം നിറയെ ശ്രീകൃഷ്ണരൂപം! മനസ്സു കുളിരുന്നു ആ വേളയില്‍ ‘നവാഗച്ഛതി മനോഗച്ഛതി’ എന്ന നിലയിലെത്തുന്നു. വാഗതീതമായ ആനന്ദമനുഭവിച്ച രാധ, ആനന്ദക്കണ്ണീരിനാല്‍ എഴുത്തുപകരണങ്ങളെ ആവിലമാക്കി. ഒരക്ഷരവുമെഴുതാനാകാതെ കുഴങ്ങിപ്പോയി. ‘സ്തബ്ധമായി’പ്പോകുന്ന ഭക്തചിത്തമാണ് രാധയിലൂടെ വെളിവാക്കുന്നത്.

അമൃതാനുഭവത്തിന്റെ അവസാനം ഭക്തന്‍, ആത്മാരാമനായി ഭവിക്കുന്നു. ഭഗവാനില്‍ ലയിച്ച മനസ്സ് വിവരണാതീതമായ ആനന്ദത്തില്‍ മുഴുകുന്നു. എവിടെയും എന്തിലും നാരായണനെക്കണ്ട് ഇതര ചേഷ്ടകളാകാതെ ആനന്ദക്കണ്ണീരണിയുന്നു. ഒരു സന്ദേശപത്രം കൂടാതെ തന്നെ എല്ലാം ശ്രീകൃഷ്ണ ഭഗവാനെ അറിയിച്ച് നിവൃത്തി  വരുത്താമെന്ന ഉദ്ധവന്റെ വാക്കുകളും ശ്രദ്ധേയമാണ്. ഭക്തന്റെ കാര്യം ഭഗവാനെ അറിയിക്കുവാന്‍ മറ്റൊരു മാര്‍ഗ്ഗം വേണ്ട. ജഗത്സാക്ഷിയായ സര്‍വ്വേശ്വരന്‍ എല്ലാമറിയുന്നവനാണല്ലോ? ശ്രീകൃഷ്ണനടുക്കല്‍ തിരിച്ചെത്തിയ ഉദ്ധവന്‍ പറയുന്നതും – കിം ദേവ, കഥനീയം മേ ഭവതോfശേഷ, സാക്ഷിണഃ എന്നാണല്ലോ! സര്‍വ്വഭൂതാന്തുരസ്ഥിതനായ ഭഗവാനോട് ഒന്നും പറയേണ്ടതില്ല. ഉദ്ധവരും ഭക്തമാനസത്തിന്റെ പ്രതീകമായി നില്‍ക്കുന്നു. മൂര്‍ച്ഛാവസ്ഥയെ പ്രാപിച്ച ഭക്തമാനസമായി രാധാദേവിയെ കണ്ടതുപോലെ വിവേകപൂര്‍വ്വമായ തീരുമാനമെടുക്കുന്ന ഭക്തമനസ്സായി ഉദ്ധവരെ മനസ്സിലാക്കണം! പ്രാര്‍ത്ഥനാ നിരതവും തന്മയീഭൂതവുമായ ഭക്തമനസ്സാണ് ആ കൃഷ്ണദൂതന്‍!

പ്രഹ്ലാദാം ബരീഷാദികളെ സത്യവാക്കുകളാക്കിയതുപോലെ തന്നേയും, സത്യവചസ്സാകാന്‍, കടാക്ഷിക്കണമെന്ന് ഭഗവാനോടര്‍ത്ഥിക്കുന്ന ഉദ്ധവന്‍, ഭക്തരുടെ നിറവാര്‍ന്ന മാനസം തന്നെയാണ്. ഗോപീജനാവസ്ഥ ശ്രീകൃഷ്ണനെ അറിയിച്ച്, വൃന്ദാവനത്തിലെത്തിക്കാമെന്നാണ് ഉദ്ധവര്‍, രാധാദികള്‍ക്കു നല്‍കിയ വാക്ക്. ചിര പ്രതീക്ഷിതമായ സാക്ഷാത്ക്കാരം സാധിതമാക്കുന്ന മനസ്സിന്റെ തീരുമാനമാണിത്. ഭക്തന്റെ ദൂതുമായി ഭഗവാനേയും ഭഗാവന്റെ സന്ദേശവുമായി ഭക്തനേയും സമീപിക്കുന്നത്, മനസ്സ് തന്നെയാണ്.

‘യോ ബ്രഹ്മാണം വിദധാതി പൂര്‍വ്വം
യോ വൈ വേദാംശ്ച പ്രഹിണോതി തസ്‌മൈ
തം ഹ ദേവം ആത്മബുദ്ധി പ്രകാശം
മുമുക്ഷുര്‍വൈ ശരണമഹം പ്രപദ്യേ’ – ശ്വേതാശ്വതരോപനിഷത്ത് – 6-18

(ബ്രഹ്മം ആദ്യം ബ്രഹ്മാവിനെ സൃഷ്ടിച്ചു. അവന് വേദങ്ങള്‍ ഉപദേശിച്ചു. ആ മഹാപുരുഷന്റെ പ്രകാശം ബുദ്ധിയെ അഭിമുഖമാക്കുന്നു. ആ ജ്യോതി സ്വരൂപനെ ഞാന്‍ ശരണം പ്രാപിക്കുന്നു.) ഈ തത്ത്വം മനസ്സിലാക്കിയ ഭക്തന് വേറെ ആശ്രയമില്ല. മറ്റുചിന്തയുമില്ല. ഈ യാഥാര്‍ത്ഥ്യമാണ് രാധതൊട്ടുള്ള ഗോപികമാരുടെ പ്രവൃത്തികളില്‍ കാണാന്‍ കഴിയുന്നത്.

കൂടുതല്‍ വാര്‍ത്തകള്‍ - സനാതനം