ആറന്മുള ക്ഷേത്രത്തിലെ കൊടിമരത്തിന്റെ ഉയരം കുറയ്ക്കാനാവില്ല: ദേവസ്വം ഓംബുഡ്‌സ്മാന്‍

November 13, 2013 കേരളം

കൊച്ചി: ആറന്മുളയിലെ നിര്‍ദിഷ്ട വിമാനത്താവളത്തിനുവേണ്ടി ആറന്മുള ക്ഷേത്രത്തിലെ സ്വര്‍ണക്കൊടിമരത്തിന്റെ ഉയരം കുറയ്ക്കാനോ ഗോപുരം മാറ്റാനോ കഴിയില്ലെന്നു ബന്ധപ്പെട്ട അധികൃതരെ അറിയിച്ചില്ലെങ്കില്‍ ഗുരുതരമായ പ്രശ്‌നങ്ങള്‍ ഉണ്ടാകുമെന്നു ദേവസ്വം ഓംബുഡ്‌സ്മാന്‍ ഹൈക്കോടതിയില്‍ റിപ്പോര്‍ട്ടു നല്‍കി.

ആറന്മുള വിമാനത്താവളത്തിനുവേണ്ടി കിറ്റ്‌കോയും എയര്‍പോര്‍ട്ട് അഥോറിറ്റി ഓഫ് ഇന്ത്യയും പഠനം നടത്തി റിപ്പോര്‍ട്ടു നല്‍കി്. ക്ഷേത്രത്തിലെ കൊടിമരത്തിന്റെ ഉയരം 30.8 മീറ്ററില്‍നിന്ന് 23.7 മീറ്ററാക്കണമെന്നും ഇതിനു മുകളില്‍ സിഗ്‌നല്‍ ലൈറ്റ് സ്ഥാപിക്കണമെന്നും ഗോപുരം 285 മീറ്റര്‍ മാറ്റിസ്ഥാപിക്കണമെന്നും ഈ റിപ്പോര്‍ട്ടിലുണെ്ടന്നു ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് ഇതു സംബന്ധിച്ച വിവരങ്ങള്‍ ഹൈക്കോടതിയുടെ ശ്രദ്ധയില്‍ കൊണ്ടുവരുന്നതെന്നു ദേവസ്വം ഓംബുഡ്‌സ്മാന്‍ ആര്‍. ഭാസ്‌കരന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.

ക്ഷേത്ര നിര്‍മാണത്തെക്കുറിച്ചോ കൊടിമരത്തിന്റെ പ്രാധാന്യത്തെക്കുറിച്ചോ ഒന്നുതന്നെ അറിയാത്തതിനാലാണ് അധികൃതര്‍ ഇത്തരമൊരു നിര്‍ദേശം നല്കിയിട്ടുള്ളത്. ശ്രീകോവിലിന്റെ ഉയരവും ക്ഷേത്രത്തിന്റെ മറ്റ് അളവുകളും കണക്കിലെടുത്താണു കൊടിമരത്തിന്റെ ഉയരം നിശ്ചയിക്കുന്നത്. എയര്‍പോര്‍ട്ട് നിര്‍മാണത്തിനുവേണ്ടി ഇതിന്റെ ഉയരം കുറയ്ക്കാനാവില്ല. ഇതു നടപ്പായാല്‍ ക്ഷേത്രം തന്നെ മറ്റൊരു സ്ഥലത്തേക്കു മാറ്റിവയ്ക്കുന്നതിനു തുല്യമാകും. ഭക്തര്‍ ഇത് അനുവദിക്കില്ല.

സ്വകാര്യ മേഖലയില്‍ നിര്‍മിക്കാനുദ്ദേശിക്കുന്ന എയര്‍പോര്‍ട്ടിനെതിരേ പരിസ്ഥിതിപ്രവര്‍ത്തകരും പ്രകൃതിസ്‌നേഹികളും എതിര്‍പ്പുമായി രംഗത്തുണ്ട്. ഇക്കാര്യങ്ങള്‍ കോടതിയുടെ ശ്രദ്ധയില്‍ പെടുത്തേണ്ടത് ഓംബുഡ്‌സ്മാന്‍ എന്ന നിലയില്‍ തന്റെ കടമയായതിനാലാണ് ഈ റിപ്പോര്‍ട്ടു നല്‍കുന്നതെന്നും ആര്‍. ഭാസ്‌കരന്‍ പറയുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം