ശബരിമല മണ്ഡല മഹോത്സവം: നാളെ വൈകുന്നേരം നടതുറക്കും

November 14, 2013 ക്ഷേത്രവിശേഷങ്ങള്‍

ശബരിമല: മണ്ഡല, മകരവിളക്ക് തീര്‍ഥാടനത്തിനായി ശബരിമല അയ്യപ്പക്ഷേത്രം നാളെ വൈകുന്നേരം 5.30ന് തുറക്കും. ക്ഷേത്രം തന്ത്രി കണ്ഠര് മഹേശ്വരുടെ മുഖ്യകാര്‍മികത്വത്തില്‍ മേല്‍ശാന്തി ഇടമന ദാമോദരന്‍ നമ്പൂതിരി ക്ഷേത്രനട തുറന്നു ദീപം തെളിക്കും.

നാളെ രാത്രി എട്ടിനു ക്ഷേത്രം തന്ത്രിയുടെ മുഖ്യകാര്‍മികത്വത്തില്‍ ശബരിമല പുതിയ മേല്‍ശാന്തി പി.എന്‍. നാരായണന്‍ നമ്പൂതിരിയെയും മാളികപ്പുറം മേല്‍ശാന്തി എന്‍. മനോജ് എമ്പ്രാതിരിയെയും മേല്‍ശാന്തിമാരായി അവരോധിക്കും. സന്നിധാനത്തും മാളികപ്പുറത്തുമായിട്ടാണ് സ്ഥാനാരോഹണ ചടങ്ങുകള്‍.

മണ്ഡലകാലം ആരംഭിക്കുന്ന 16നു പുലര്‍ച്ചെ ക്ഷേത്രനട തുറക്കുന്നത് പുതിയ മേല്‍ശാന്തി പി.എന്‍. നാരായണന്‍ നമ്പൂതിരിയാണ്. നടതുറന്ന ദീപം തെളിച്ചതിനുശേഷം ക്ഷേത്രം ശ്രീകോവിലിന്റെ കിഴക്കേമണ്ഡപത്തില്‍ തന്ത്രിയുടെ മുഖ്യകാര്‍മികത്വത്തില്‍ മഹാഗണപതിഹോമം നടക്കും. തുടര്‍ന്ന് മണ്ഡലകാലത്തിന് തുടക്കംകുറിച്ച് നെയ്യഭിഷേകം ആരംഭിക്കും. രാവിലെ 11.30 വരെ നീണ്ടുനില്‍ക്കുന്ന നെയ്യഭിഷേകത്തിനുശേഷം ഉച്ചപൂജ നടക്കും. തുടര്‍ന്നു ക്ഷേത്രനട അടയ്ക്കും. വൈകുന്നേരം നാലിനു ക്ഷേത്രനട തുറക്കും. പതിവുപൂജകള്‍ കൂടാതെ മാളികപ്പുറത്ത് ഭഗവതി സേവ നടക്കും.

ഡിസംബര്‍ 26നാണ് മണ്ഡലപൂജ. മണ്ഡലപൂജയ്ക്കുശേഷം ക്ഷേത്രനട അടയ്ക്കുകയും തുടര്‍ന്നു 30നു വീണ്ടും തുറക്കുകയും ചെയ്യും.

കൂടുതല്‍ വാര്‍ത്തകള്‍ - ക്ഷേത്രവിശേഷങ്ങള്‍