വായ്പ തിരിച്ചടപ്പിക്കുന്നതിനു പ്രത്യേക നിയമം കൊണ്ടുവരുമെന്ന് മന്ത്രി ബാലകൃഷ്ണന്‍

November 15, 2013 കേരളം

തലശേരി: സഹകരണ സ്ഥാപനങ്ങളില്‍ നിന്നെടുത്ത വായ്പകള്‍ തിരിച്ചടയ്ക്കാത്ത പ്രവണത വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ വായ്പകള്‍ കൃത്യമായി തിരിച്ചടപ്പിക്കുന്നതിനു പ്രത്യേക നിയമം കൊണ്ടുവരുമെന്നു സഹകരണ മന്ത്രി സി.എന്‍. ബാലകൃഷ്ണന്‍. 60 -ാ മത് അഖിലേന്ത്യാ സഹകരണ വാരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തലശേരി ടൌണ്‍ഹാളില്‍ നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

കാസര്‍ഗോഡ് ഉള്‍പ്പടെയുള്ള ചില ജില്ലകളില്‍ വായ്പ തിരിച്ചടയ്ക്കുന്നതില്‍നിന്നു കര്‍ഷകരേയും മറ്റും പിന്തിരിപ്പിക്കുന്ന പ്രവണത കണ്ടുവരുന്നുണ്ട്. ഇതു സഹകരണ സ്ഥാപനങ്ങളെ കടുത്ത പ്രതിസന്ധിയിലാക്കുന്നു. ഈ സാഹചര്യത്തിലാണ് പ്രത്യേക നിയമം കൊണ്ടുവരുന്നതിനേക്കുറിച്ചു ഗൌരവമായി ആലോചിക്കുന്നതെന്നു മന്ത്രി പറഞ്ഞു.

സഹകരണ മേഖലയില്‍ സര്‍ക്കാര്‍ അമിതമായ അധികാരം ഉപയോഗിക്കുന്നതും തെറ്റാണ്. ഇതും സഹകരണ മേഖലയില്‍ ഏറെ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നതിനു കാരണമാകും. ഇതു ജനങ്ങളുടെ പ്രസ്ഥാനമാണ്.

ജനങ്ങളാണ് ഈ പ്രസ്ഥാനം കെട്ടിപ്പടുത്തത്. ഏതു പ്രശ്ങ്ങളുണ്ടായാലും സര്‍ക്കാരിന്റെ അധികാര പരിധിയില്‍ നിന്നു പരിഹാരം കാണാനാണു ശ്രമിക്കേണ്ടത്. കോര്‍പറേറ്റുകള്‍ ബാങ്കിംഗ് രംഗത്തുവരുന്നതു സഹകരണമേഖലയെ തകര്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു.

കോടിയേരി ബാലകൃഷ്ണന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. കൃഷി മന്ത്രി കെ.പി. മോഹനന്‍ മുഖ്യാതിഥിയായിരുന്നു. തുടര്‍ന്നു ‘വര്‍ത്തമാന കാലഘട്ടത്തിലെ സഹകരണ പ്രസ്ഥാനം’ എന്ന വിഷയത്തില്‍ സംഘടിപ്പിച്ച സെമിനാര്‍ മുന്‍ സഹകരണമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം