കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട്: കോഴിക്കോട് ഹര്‍ത്താലിനിടെ അക്രമം

November 15, 2013 കേരളം

കോഴിക്കോട്: കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കുന്നതില്‍ പ്രതിഷേധിച്ച് കോഴിക്കോട്, മലപ്പുറം ജില്ലകളിലെ മലയോര മേഖലകളില്‍ ഇന്ന് ഹര്‍ത്താല്‍. പ്രതിഷേധത്തിനിടെ വ്യാപക അക്രമമുണ്ടായി. താമരശ്ശേരിയില്‍ വാഹനങ്ങള്‍ക്ക് നേരെ കല്ലേറ് നടന്നു. വനംവകുപ്പിന്‍റെ മൂന്ന് ഓഫീസുകള്‍ക്ക് നേരെയും ആക്രമണമുണ്ടായി.
മാധ്യമ പ്രവര്‍ത്തകരുടെ ക്യാമറകള്‍ക്കും വാഹനങ്ങള്‍ക്കും നേരെയും അക്രമം നടന്നു. യുഡിഎഫും എല്‍ഡിഎഫും ഹര്‍ത്താലില്‍ പങ്കെടുക്കുന്നുണ്ട്. രാവിലെ ആറുമണി മുതല്‍ വൈകീട്ട് ആറു വരെയാണ് ഹര്‍ത്താല്‍. ഇടുക്കി, കണ്ണൂര്‍ ജില്ലകളില്‍ നാളെ എല്‍ഡിഎഫ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കുന്നതില്‍ പ്രതിഷേധിച്ച് കണ്ണൂരില്‍ ഇന്നലെ വനംവകുപ്പ് ഉദ്യോഗസ്ഥരെ തടഞ്ഞുവെച്ചിരുന്നു. കണ്ണൂരിലെ കൊട്ടിയൂരിലാണ് മിച്ചഭൂമി സര്‍വ്വേയ്‌ക്കെത്തിയ ഉദ്യോഗസ്ഥരെയാണ് നാട്ടുകാര്‍ തടഞ്ഞുവെച്ചത്.
പശ്ചിമഘട്ട സംരക്ഷണത്തിന് കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കാന്‍ കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയം ഇന്നലെ വിജ്ഞാപനമിറക്കിയിരുന്നു. പശ്ചിമഘട്ട സംരക്ഷണത്തിന് സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കുകയും ചെയ്തിട്ടുണ്ട്. കേരളത്തില്‍ 123 പരിസ്ഥിതി ദുര്‍ബലപ്രദേശങ്ങളാണുള്ളത്. കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് പ്രകാരം പരിസ്ഥിതി ദുര്‍ബല പ്രദേശങ്ങളില്‍ ഖനനത്തിനും താപനിലയങ്ങള്‍ക്കും അനുമതിയില്ല. 50 ഹെക്ടറില്‍ കൂടുതലുള്ള ടൗണ്‍ഷിപ്പുകള്‍ പാടില്ല. റെഡ് കാറ്റഗറിയില്‍ പെട്ട വ്യവസായങ്ങള്‍ക്കും അനുമതിയില്ല. കേരളത്തില്‍ 123 വില്ലേജുകള്‍ നിര്‍ദേശങ്ങള്‍ നടപ്പാക്കണമെന്നും നിര്‍ദേശമുണ്ട്.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം