മംഗളാ എക്‌സ്പ്രസ് പാളം തെറ്റി: മൂന്നു പേര്‍ മരിച്ചു

November 15, 2013 പ്രധാന വാര്‍ത്തകള്‍

നാസിക്: നിസാമുദീന്‍- എറണാകുളം മംഗളാ എക്‌സ്പ്രസ് പാളം തെറ്റി മൂന്നു പേര്‍ മരിച്ചു. മരിച്ചവരില്‍ മലയാളികളില്ല.പാലക്കാട് സ്വദേശി   മുരളീധരന്‍ , കണ്ണൂര്‍ സ്വദേശി പി.കെ.നിഥിന്‍ എന്നിവര്‍ ഉള്‍പ്പെടെ അന്‍പതോളം പേര്‍ക്കു പരുക്കേറ്റു.  മഹാരാഷ്ട്രയിലെ നാസിക്കിനും കല്യാണിനും ഇടയിലുള്ള നാസിക് റോഡ് സ്‌റ്റേഷനു സമീപം ഗോട്ടിയില്‍ വച്ചാണ് അപകടം ഉണ്ടായത്. പുലര്‍ച്ചെ ആറുമണിയോടെ ആയിരുന്നു അപകടം. പരുക്കേറ്റവരില്‍ പത്തു പേരുടെ നില ഗുരുതരമാണ്. പാളത്തില്‍ വിള്ളല്‍ കണ്ടെത്തിയിട്ടുണ്ട്. അപകട കാരണം വ്യക്തമല്ല.
പത്തു കോച്ചുകളാണു പാളം തെറ്റിയത്. എസി കോച്ചുകളാണ് അപകടത്തില്‍പ്പെട്ടത്. ഒട്ടേറെപ്പേര്‍ ട്രെയിനില്‍ കുടുങ്ങിക്കിടക്കുന്നു. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. നാസികില്‍ നിന്നു മുംബൈയിലേക്കും കൊങ്കണ്‍ മേഖലയിലേക്കുമുള്ള റയില്‍ ഗതാഗതം പൂര്‍ണമായും തടസ്സപ്പെട്ടു. റയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സിന്റെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം നടക്കുന്നത്.

കൂടുതല്‍ വാര്‍ത്തകള്‍ - പ്രധാന വാര്‍ത്തകള്‍